2031ഓടെ 20 ആണവനിലയങ്ങൾകൂടി ലക്ഷ്യം വൈദ്യുതി ഉൽപാദന വർധനവെന്ന് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: വൈദ്യുതി ഉൽപാദനശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 2031ഓടെ 20 ആണവ നിലയങ്ങൾ കമീഷൻ ചെയ്യുമെന്ന് കേന്ദ്ര സർക്കാർ. ഇതിൽ ആദ്യത്തെ 700 മെഗാവാട്ട് യൂനിറ്റ് 2023ൽ ഗുജറാത്തിലെ കക്രാപാറിൽ കമീഷൻ ചെയ്യും. അതിൽ ഇതിനകം മൂന്ന് ആണവോർജ ഉൽപാദന യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. കൽപാക്കത്ത് 500 മെഗാവാട്ട് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ 2024ലും കൂടംകുളത്ത് രണ്ട് 1,000 മെഗാവാട്ട് യൂനിറ്റുകൾ 2025ലും പ്രവർത്തനക്ഷമമാകുമെന്ന് സഹമന്ത്രി ജിതേന്ദ്ര സിങ് രേഖാമൂലം ലോക്സഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.
രാജസ്ഥാനിലെ റാവത് ഭാട്ടയിലെ രണ്ട് 700 മെഗാവാട്ട് യൂനിറ്റുകൾ 2026 ഓടെ പൂർത്തിയാകും. കൂടംകുളത്ത് 2027 ഓടെ 1,000 മെഗാവാട്ടിന്റെ രണ്ടു യൂനിറ്റുകൾ പൂർത്തിയാകും. ഹരിയാനയിലെ ഗോരഖ്പൂരിൽ 2029ഓടെ 700 മെഗാവാട്ട് ശേഷിയുള്ള രണ്ട് യൂനിറ്റുകൾ പൂർത്തിയാകും.
കൂടാതെ, ഹരിയാനയിലെ ഗോരഖ്പൂരിലും കർണാടകയിലെ കൈഗയിലും മധ്യപ്രദേശിലെ ചുട്കയിലും രാജസ്ഥാനിലെ മഹി ബൻസ്വാരയിലും 700 മെഗാവാട്ട് വീതമുള്ള 10 ആണവോർജ യൂനിറ്റുകൾ നിർമിക്കാൻ സർക്കാർ ഭരണാനുമതിയും സാമ്പത്തിക അനുമതിയും നൽകി. ഇത്തരത്തിൽ 10 ആണവോർജ യൂനിറ്റുകൾ 2031ഓടെ പൂർത്തിയാക്കി 15,000 മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉൽപാദിപ്പിക്കുമെന്ന് മന്ത്രി വെളിപ്പെടുത്തി. 2017-18നും 2021-22 നും ഇടയിൽ ദേശീയ ഗ്രിഡിലേക്ക് കൂടംകുളം ആണവോർജ പദ്ധതി 48,382 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംഭാവന ചെയ്തതായി സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.