ആദിത്യയുടെ യാത്ര തുടരുന്നു; രണ്ടാംഘട്ട ഭ്രമണപഥ ഉയർത്തൽ വിജയകരം, സെപ്റ്റംബർ 10ന് മൂന്നാംഘട്ടം
text_fieldsബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എൽ1 പേടകത്തിന്‍റെ രണ്ടാംഘട്ട ഭ്രമണപഥ ഉയർത്തൽ വിജയകരം. ഭൂമിയുടെ 282 കിലോമീറ്റർ അടുത്തും 40225 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം നിലവിൽ വലംവെക്കുന്നത്. പേടകത്തിന്‍റെ ത്രസ്റ്റർ എൻജിൻ ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തിയത്.
സെപ്റ്റംബർ 10ന് പുലർച്ചെ 2.30ന് മൂന്നാംഘട്ട ഭ്രമണപഥ ഉയർത്തൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽ (ഇസ്ട്രാക്) നിന്നാണ് ആദിത്യയുടെ സഞ്ചാരഗതി നിയന്ത്രിക്കുന്നത്. ബംഗളൂരുവിലെ കൂടാതെ പോർട്ട്ബ്ലെയർ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളും പേടകത്തെ നിരീക്ഷിക്കുന്നുണ്ട്.
വിക്ഷേപണത്തിന് പിന്നാലെ ഭൂമിയോട് 235 കിലോമീറ്റർ അടുത്തും 19500 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിച്ചത്. തുടർന്ന് സെപ്റ്റംബർ മൂന്നിന് നടന്ന രണ്ടാംഘട്ട ഭ്രമണപഥ ഉയർത്തലോടെ ഭൂമിയിൽനിന്ന് കുറഞ്ഞത് 245 കിലോമീറ്ററും കൂടിയത് 22,459 കിലോമീറ്ററും ദൂരത്തിൽ പേടകം വലംവെക്കാൻ തുടങ്ങി.
സൂര്യ രഹസ്യങ്ങൾ തേടി ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എൽ1 ഇന്നലെയാണ് വിജയകരമായി വിക്ഷേപിച്ചത്. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പി.എസ്.എൽ.വി സി 57 റോക്കറ്റിലാണ് പേടകം സൂര്യനെ ലക്ഷ്യമാക്കി കുതിച്ചുയർന്നത്. വിക്ഷേപണം കഴിഞ്ഞ് 64-ാം മിനിറ്റിൽ ഭൂമിയിൽ നിന്ന് 648.7 കിലോമീറ്റർ അകലെ പേടകം റോക്കറ്റുമായി വേർപെട്ടു.
ഘട്ടംഘട്ടമായി ഭ്രമണപഥമുയർത്തിയ ശേഷം ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ച് 1 പോയന്റിലേക്ക് ആദിത്യ നീങ്ങും. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലെത്താൻ 125 ദിവസമെടുക്കും. ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക.
സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വർഷം നീണ്ട പ്രധാന ദൗത്യം. ഇന്ത്യക്ക് മുമ്പ് അമേരിക്ക, ജപ്പാൻ, യൂറോപ്യൻ യൂനിയൻ എന്നിവയാണ് സൗരദൗത്യം നടത്തിയിട്ടുള്ള രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.