വീണ്ടും വിസ്മയിപ്പിച്ച് ഇന്ത്യയുടെ ആദിത്യ; സൂര്യന്‍റെ പൂര്‍ണ വൃത്താകൃതിയിലുള്ള ചിത്രങ്ങൾ പകർത്തി
text_fieldsബംഗളൂരു: സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്രക്കിടെ ശാസ്ത്രലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എൽ1. സൂര്യന്‍റെ പൂര്‍ണ വൃത്താകൃതിയിലുള്ള അള്‍ട്രാവയലറ്റ് ചിത്രങ്ങള്‍ പകര്‍ത്തിയതാണ് ആദിത്യ എൽ1ൽ നിന്നുള്ള പുതിയ വാർത്ത. പേടകത്തിലെ ശാസ്ത്രീയ ഉപകരണമായ സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (SUIT) ആണ് ചിത്രങ്ങൾ പകർത്തിയത്.
സ്യൂട്ട് പകർത്തിയതിൽ 200 എൻ.എം. മുതൽ 400 എൻ.എം വരെ തരംഗ ദൈര്‍ഘ്യമുള്ള സൂര്യന്‍റെ ആദ്യത്തെ പൂര്‍ണ വൃത്താകൃതിയിലുള്ള ചിത്രവും ഉൾപ്പെടും. സൂര്യന്‍റെ ഫോട്ടോസ്ഫിയറിന്‍റെയും ക്രോമോസ്ഫിയറിന്‍റെയും വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ചിത്രമാണിതെന്ന് ഐ.എസ്.ആർ.ഒ എക്സിൽ കുറിച്ചു. സൂര്യന്‍റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവയുടെ ചിത്രീകരണത്തിനുള്ള ശാസ്ത്രീയ ഉപകരണമാണ് സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (SUIT). ആദിത്യ എൽ1ൽ ഏഴ് ശാസ്ത്രീയ പരീക്ഷണ ഉപകരണങ്ങളാണ് ഉള്ളത്.
നവംബർ രണ്ടിന് സൗരക്കാറ്റിന്‍റെ പ്രോട്ടോൺ, ആൽഫ കണികകൾ അളക്കാൻ രൂപകൽപന ചെയ്‌ത ലോ എനർജി സ്പെക്ട്രോമീറ്ററായ സോളാർ വിൻഡ് അയോൺ സ്പെക്ട്രോമീറ്റർ (SWIS) എന്ന ഉപകരണം പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സൗരക്കാറ്റിന്‍റെ പഠനത്തിനുള്ള പേടകത്തിലെ പ്രധാന ഉപകരണമായ ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്‍റിന്‍റെ (ASPEX) ഭാഗമാണ് സോളാർ വിൻഡ് അയൺ സ്പെക്ട്രോമീറ്റർ (SWIS).
360 ഡിഗ്രിയിൽ നിരീക്ഷിക്കാൻ സാധിക്കുന്ന സ്വിസിലെ രണ്ട് സെൻസറുകളാണ് സൂര്യനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. പ്രോട്ടോൺ, ആൽഫ കണികകളിലെ ഊർജ വ്യതിയാനങ്ങൾ സ്വിസ് ഉപകരണം കണ്ടെത്തിയതായി ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിരുന്നു.
സൂര്യ രഹസ്യങ്ങൾ തേടി ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിനാണ് ആന്ധ്രയിലെ ശ്രീഹരികോട്ടയിൽ നിന്ന് പി.എസ്.എൽ.വി സി 57 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്. ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്‍റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വർഷം നീണ്ട പ്രധാന ദൗത്യം.
സൂര്യന്‍റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യം. സൗര വികിരണങ്ങൾ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, സൂര്യന്‍റെ ഉപരിതലം, കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയങ്ങൾ, 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമാവും.
അമേരിക്കയുടെ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമാണ് ലോകത്ത് ഇതുവരെ സൗര ദൗത്യങ്ങൾ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ആദിത്യ എൽ1 ലക്ഷ്യം കണ്ടാൽ അത് ബഹിരാകാശ ചരിത്രം തിരുത്തി കുറിക്കും. സൗര ദൗത്യത്തിൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.