ഭൂമിയോട് ബൈ പറഞ്ഞ് ആദിത്യ; 110 ദിവസത്തെ യാത്രക്ക് ശേഷം പേടകം ലഗ്രാഞ്ചിയൻ പോയിന്‍റിൽ
text_fieldsബംഗളൂരു: ഭൂമിയുടെ ഗുരുത്വാകർഷണ പരിധി വിട്ട് ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എൽ1 പേടകം സൂര്യനിലെ ലഗ്രാഞ്ചിയൻ 1 പോയന്റിലേക്ക് യാത്ര തുടങ്ങി. പേടകത്തെ ലഗ്രാഞ്ചിയൻ പാതയിലേക്ക് മാറ്റുന്ന ട്രാൻസ് ലഗ്രാഞ്ചിയൻ ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കിയെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
അതിസങ്കീർണ ഘട്ടത്തിലൂടെ (ക്രൂസ് ഫേസ്) 110 ദിവസം നീണ്ട യാത്രക്ക് ശേഷമാവും ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാഞ്ചിയൻ 1 പോയിന്‍റിൽ പേടകത്തെ സ്ഥാപിക്കുക. തുടർച്ചയായ അഞ്ചാം തവണയാണ് ഐ.എസ്.ആർ.ഒ ഒരു ഭ്രമണപഥത്തിൽ നിന്ന് ഒരു വസ്തുവിനെ മറ്റൊരു ആകാശ ഗോളത്തിലേക്കോ ബഹിരാകാശത്തെ സ്ഥലത്തേക്കോ വിജയകരമായി മാറ്റുന്നത്.
ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽ (ഇസ്ട്രാക്) നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചാണ് ആദിത്യ നീങ്ങുന്നത്. മൊറീഷ്യസിലെയും പോർട്ട് ബ്ലെയറിലെയും ഐ.എസ്.ആർ.ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളും ഭ്രമണപഥ മാറ്റ പ്രക്രിയയിൽ പങ്കാളികളായി.
സൂര്യനെ കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ ആദിത്യ എൽ1 ശേഖരിക്കാൻ തുടങ്ങിയെന്ന വാർത്ത ഐ.എസ്.ആർ.ഒ ഇന്നലെ പുറത്തുവിട്ടിരുന്നു. ഭൂമിക്ക് 50,000 കിലോമീറ്ററിലധികം അകലെയുള്ള ഉഷ്ണ-ഊർജ-വൈദ്യുത കണങ്ങളാണ് പേടകത്തിലെ സ്റ്റെപ്സ്-1 (STEPS-1) ഉപകരണത്തിന്റെ സെൻസറുകൾ അളക്കാൻ തുടങ്ങിയത്. ഭൂമിക്കു ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവ വിശകലനത്തിന് ശാസ്ത്രജ്ഞരെ സഹായിക്കുന്ന വിവരങ്ങളാണിവ.
സൂര്യ രഹസ്യങ്ങൾ തേടി ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിനാണ് ആന്ധ്രയിലെ ശ്രീഹരികോട്ടയിൽ നിന്ന് പി.എസ്.എൽ.വി സി 57 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്. ആദ്യ ഘട്ടത്തിൽ റോക്കറ്റ് 235 കിലോമീറ്റർ അടുത്തും 19500 കിലോമീറ്റർ അകലെയുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിൽ പേടകത്തെ എത്തിച്ചു. ഭൂമിയെ 15 ദിവസം വലംവെച്ച ആദിത്യയുടെ ഭ്രമണപഥമാറ്റം നാലു തവണ വിജയകരമായി പൂർത്തിയാക്കി.
സെപ്റ്റംബർ മൂന്നിന് ആദ്യ ഭ്രമണപഥമാറ്റം നടന്നു. ഇതോടെ പേടകം ഭൂമിയുടെ 245 കിലോമീറ്റർ അടുത്തും 22459 കിലോമീറ്റർ അകലെയുമായി വലം ചുറ്റാൻ തുടങ്ങി. സെപ്റ്റംബർ അഞ്ചിലെ രണ്ടാമത്തെ ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുടെ 282 കിലോമീറ്റർ അടുത്തും 40225 കിലോമീറ്റർ അകലെയുമുള്ള പഥത്തിൽ പേടകമെത്തി.
സെപ്റ്റംബർ 10ന് നടന്ന മൂന്നാം മാറ്റത്തിലൂടെ പേടകം ഭൂമിയുടെ 296 കിലോമീറ്റർ അടുത്തും 71767 കിലോമീറ്റർ അകലെയുമായി. സെപ്റ്റംബർ 15ന് ഭൂമിയുടെ 256 കിലോമീറ്റർ അടുത്തും 121973 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലേക്ക് മാറ്റി നാലാം മാറ്റം വിജയകരമായി പേടകം പൂർത്തിയാക്കി. ഭൂമിയുടെ ഗുരുത്വാകർഷണ പരിധി വിട്ടതോടെ പേടകത്തെ ലഗ്രാഞ്ചിയൻ പോയിന്‍റിലേക്കുള്ള പാതയിലേക്ക് മാറ്റി.
ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്‍റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വർഷം നീണ്ട പ്രധാന ദൗത്യം. ഇന്ത്യക്ക് മുമ്പ് അമേരിക്ക, ജപ്പാൻ, യൂറോപ്യൻ യൂനിയൻ എന്നിവയാണ് സൗരദൗത്യം നടത്തിയിട്ടുള്ള രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.