‘ആദിത്യ’ ചരിത്രബിന്ദുവിലേക്ക്; സൗര്യ പര്യവേക്ഷണത്തിലെ നിർണായക ഘട്ടം
text_fieldsബംഗളൂരു: 125 ദിവസത്തെ യാത്രക്കൊടുവിൽ ഇന്ത്യയുടെ ആദ്യ സൗര പര്യവേക്ഷണ പേടകമായ ആദിത്യ എൽ 1 ശനിയാഴ്ച ലക്ഷ്യസ്ഥാനത്തേക്ക്. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്റാഞ്ച് ബിന്ദുവിലെ (എൽ 1 പോയന്റ്) ഹാലോ ഭ്രമണപഥത്തിലേക്ക് വൈകീട്ട് നാലോടെ ആദിത്യ പ്രവേശിക്കും. അതേസമയം, മുൻ നിശ്ചയിച്ച പ്രകാരം ഭ്രമണപഥ മാറ്റം സാധ്യമായില്ലെങ്കിൽ ആദിത്യ വീണ്ടും യാത്ര തുടരാനുള്ള സാധ്യതയാണുള്ളതെന്നും അതൊരുപക്ഷേ സൂര്യനെ ലക്ഷ്യമാക്കിയാകാമെന്നും ഐ.എസ്.ആർ.ഒ വൃത്തങ്ങൾ പറഞ്ഞു.
ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ആകെ ദൂരത്തിന്റെ ഒരു ശതമാനം മാത്രം ദൂരത്തിലാണ് എൽ 1 സ്ഥിതി ചെയ്യുന്നത്. സൂര്യന്റെ അന്തരീക്ഷത്തിൽ രൂപപ്പെടുന്ന ചൂടും ഇവയിൽനിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പഠിക്കുകയാണ് ആദിത്യയുടെ പ്രധാന ദൗത്യം. അഞ്ചുവർഷമാണ് ദൗത്യ കാലാവധി.
ഹാലോ ഓർബിറ്റിൽ കഴിയുമ്പോൾ, സൂര്യന്റെയോ ഭൂമിയുടെയോ ആകർഷണ വലയത്തിൽപെടാതെ, ഗ്രഹണങ്ങളുടെയോ ഗൂഢവസ്തുക്കളുടെയോ തടസ്സമേതുമില്ലാതെ സൂര്യനെ തുടർച്ചയായി നിരീക്ഷിക്കാനും പഠനവിധേയമാക്കാനും ആദിത്യക്ക് കഴിയും. ഏഴു പെലോഡുകളാണ് (പരീക്ഷണ ഉപകരണങ്ങൾ) പേടകത്തിലുള്ളത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് 2023 സെപ്റ്റംബർ രണ്ടിന് രാവിലെ 11.50ന് പി.എസ്.എൽ.വി സി- 57 റോക്കറ്റിലേറിയായിരുന്നു ആദിത്യയുടെ ചരിത്ര കുതിപ്പ്. പി.എസ്.എൽ.വിയുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യംകൂടിയായിരുന്നു ഇത്. അഞ്ചു ഘട്ടങ്ങളിലായി ഭ്രമണപഥമുയർത്തിയശേഷം സെപ്റ്റംബർ 30ന് ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച് ഭൂമിക്കും സൂര്യനുമിടയിലെ ഇൻർ ഗാലക്റ്റിക് ഭ്രമണപഥത്തിലേക്ക് നീങ്ങിയ ആദിത്യ ദൈർഘ്യമേറിയ യാത്രക്ക് ശനിയാഴ്ച ലഗ്റാഞ്ചിയൻ ബിന്ദുവിൽ വിരാമമിടും.
പരീക്ഷണ ഉപകരണങ്ങൾ
സൂര്യവലയത്തിൽ സംഭവിക്കുന്ന കോറോണൽ മാസ് ഇജക്ഷനെക്കുറിച്ച് (സി.എം.ഇ) പഠിക്കാൻ വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ് (വെൽസ്), സൗര മണ്ഡലത്തിലെ ചിത്രം പകർത്താവുന്ന അൾട്രാവയലറ്റ് ടെലസ്കോപായ സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലസ്കോപ് (സ്യൂട്ട്), സൗര പാളികളെക്കുറിച്ച് പഠിക്കാൻ സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ (സോളക്സ്), പ്ലാസ്മ പ്രവർത്തനങ്ങളുടെ വിശകലനത്തിന് പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പാപ), സൗര കൊടുങ്കാറ്റുകളെക്കുറിച്ച് പഠിക്കാൻ ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ് (ആസ്പെക്സ്), ഹൈ എനർജി എൽ വൺ ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ (ഹെൽ വൺ ഒ.എസ്), മാഗ്നെറ്റോ മീറ്റർ (മാഗ്) എന്നിവയാണ് ആദിത്യയിലെ പരീക്ഷണ ഉപകരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.