തെളിഞ്ഞമാനത്തേക്ക് ആദിത്യ; ദൗത്യം സങ്കീർണം
text_fieldsബംഗളൂരു: വിക്ഷേപണത്തിന്റെ എല്ലാ ഘട്ടങ്ങളും ശുഭകരമായിരുന്നു. ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യവുമായി തെളിഞ്ഞമാനത്തേക്ക് കുതിച്ചുയർന്ന പി.എസ്.എൽ.വി സി 57 നിർദിഷ്ട ഭ്രമണപഥത്തിൽ ആദിത്യ എൽ വണ്ണിനെ എത്തിച്ചതോടെ മറ്റൊരു സുപ്രധാന ബഹിരാകാശ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരം. തുടർച്ചയായി ബഹിരാകാശ ദൗത്യങ്ങളുമായി ശാസ്ത്ര കുതിപ്പ് നടത്തുന്ന ഐ.എസ്.ആർ.ഒയുടെ സങ്കീർണമായ ദൗത്യങ്ങളിലൊന്നിനാണ് ശനിയാഴ്ച തുടക്കമായത്.
ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലാണ് നിലവിൽ ആദിത്യ വലയംവെക്കുന്നത്. ഞായറാഴ്ച ആദ്യ ഭ്രമണപഥമുയർത്തും. ആദിത്യ പേടകത്തിലുള്ള പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ചാണ് ഈ ഭ്രമണപഥമാറ്റം സാധ്യമാക്കുക. ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥങ്ങളിലേക്ക് ഘട്ടം ഘട്ടമായി ഉയർത്തും. പിന്നീട് ഭൂഗുരുത്വാകർഷണം ഭേദിച്ച് ഭൂമിക്കും സൂര്യനുമിടയിലെ ഇന്റർ ഗാലക്റ്റിക് ഭ്രമണപഥത്തിലേക്ക് ആദിത്യ യാത്ര തുടങ്ങും. ഏകദേശം ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്റേഞ്ച് 1 (എൽ വൺ) പോയന്റിലെ ഹാലോ ഭ്രമണ പഥത്തിലെത്തി പഠനദൗത്യത്തിലേർപ്പെടും.
സൂര്യന്റെ ബാഹ്യ ആവരണമായ കൊറോണ വലയം പുറന്തള്ളുന്ന സൗരവാതകങ്ങള കുറിച്ചും അവയിലെ ഊർജ കണങ്ങൾ ബഹിരാകാശ വ്യവസ്ഥയെയും ഭൂമിയെയും എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചും വിശദമായ പഠനത്തിന് നാന്ദി കുറിക്കുകയാണ് ആദിത്യയുടെ ലക്ഷ്യം. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രമെന്ന നിലയിൽ ശാസ്ത്രലോകത്തിന് ഏറ്റവും എളുപ്പത്തിൽ പഠനവിധേയമാക്കാൻ കഴിയുന്ന നക്ഷത്രമാണ് സൂര്യൻ.ഇത് മറ്റു നക്ഷത്രങ്ങളുടെ സ്വഭാവ സവിശേഷതകളെ കുറിച്ച സൂചനയിലേക്കും നയിച്ചേക്കും. ഏകദേശം അഞ്ചുവർഷത്തോളം ഹാലോ ഭ്രമണ പഥത്തിൽ ആദിത്യ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.