ഹൃദയാഘാതം മൂലമുണ്ടാവുന്ന മരണം പ്രവചിക്കാൻ എ.ഐക്ക് സാധിക്കുമെന്ന് പഠനം
text_fieldsപാരീസ്: ഹൃദയാഘാതം മൂലമുണ്ടാവുന്ന പെട്ടെന്നുള്ള മരണം പ്രവചിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കുമെന്ന് പഠനം. ഹൃദയാഘാതം മൂലം പെട്ടെന്ന് മരിക്കാൻ 90 ശതമാനത്തിലധികം സാധ്യതയുള്ളവരെ തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കുമെന്നും പഠനം പറയുന്നു.
ലോകത്ത് പെട്ടെന്നുള്ള ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ 10 മുതൽ 20 ശതമാനം വരെയാണെന്ന് ഇൻസെം യൂനിവേഴ്സിറ്റി ഓഫ് പാരിസിലെ ഹൃദയ ഗവേഷണ കേന്ദ്രം ഡയറക്ടർ സേവ്യർ ജുവൻ പറഞ്ഞു. മുഴുവൻ മെഡിക്കൽ രേഖകളും ഉപയോഗിച്ച് ആളുകളിലെ ഹൃദയാഘാത സാധ്യത മനസിലാക്കുന്ന പുതിയൊരു മോഡലാണ് തങ്ങൾ വികസിപ്പിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പാരീസിലേയും സിയാറ്റിലിലേയും പെട്ടെന്നുള്ള ഹൃദയാഘാതം മൂലം മരിച്ച 25,000 പേരുടെ വിവരങ്ങൾ എ.ഐയുടെ സഹായത്തോടെ പഠനവിധേയമാക്കി. ഇതിനൊപ്പം സാധാരണക്കാരായ 75,000 പേരുടെ വിവരങ്ങളും പഠിച്ചു.
ഇതിൽ ഇവരുടെ 10 വർഷത്തിനിടയിലെ 10 ലക്ഷത്തോളം മെഡിക്കൽ പരിശോധന രേഖകൾ പഠനവിധേയമാക്കി. ഈ ഡാറ്റ ഉപയോഗിച്ച് എ.ഐയുടെ സഹായത്തോടെ പെട്ടെന്നുള്ള ഹൃദയാഘാതം തിരിച്ചറിയുന്നതിനായി 25,000ത്തോളം സമവാക്യങ്ങളാണ് ഗവേഷകർ നിർമ്മിച്ചെടുത്തത്. പഠനത്തിനായി തെരഞ്ഞെടുത്ത ആളുകളുടെ പെട്ടെന്നുള്ള ഹൃദയാഘാത സാധ്യതകൾ പരിശോധിച്ച് അവരുടെ റിസ്ക് പ്രൊഫൈലും തയാറാക്കി.
ഉയർന്ന രക്തസമ്മർദ്ദം, ഹൃദയരോഗ ചരിത്രം, മദ്യ ഉപയോഗം പോലുള്ള നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് റിസ്ക് പ്രൊഫൈൽ തയാറാക്കിയത്. റിസ്ക് പ്രൊഫൈൽ 89 ശതമാനത്തിന് മുകളിൽ ഹൃദയാഘാത സാധ്യതയുള്ള ഒരാൾക്ക് മൂന്ന് മാസത്തിനുള്ളിൽ അത് സംഭവിക്കുമെന്നാണ് പ്രവചനം. എ.ഐ ഉപയോഗിച്ച് തയാറാക്കുന്ന ഇത്തരം വിവരങ്ങൾ ഉപയോഗപ്പെടുത്തി ഹൃദയാഘാത സാധ്യത പരമാവധി കുറക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.