ഗോവ ബീച്ചുകളിൽ ജീവൻ രക്ഷിക്കാൻ ‘റോബോട്ടുകൾ’
text_fieldsഗോവയിലെ ബീച്ചുകളിൽ ജീവൻ രക്ഷിക്കാനായി റോബോട്ടുകൾ സജ്ജം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സെൽഫ്-ഡ്രൈവിങ് റോബോട്ടായ ഔറസും എ.ഐ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനമായ ട്രൈറ്റണുമാണ് ഗോവയിലെ ബീച്ചുകളിൽ ആളുകളുടെ ജീവൻ രക്ഷിക്കാനായി ഒരുങ്ങിയിരിക്കുന്നതെന്ന് സംസ്ഥാന സർക്കാർ നിയമിച്ച ലൈഫ് ഗാർഡ് സേവന ഏജൻസി അറിയിച്ചു.
ഗോവയുടെ തീരപ്രദേശത്ത് ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ, ബീച്ചുമായി ബന്ധപ്പെട്ട അപകടങ്ങൾ കൂടുന്നതിനെ തുടർന്നാണ് എ.ഐ അടിസ്ഥാനമാക്കിയുള്ള രക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ‘ദൃഷ്ടി മറൈനി’ൽ നിന്നുള്ള വക്താവ് അറിയിച്ചു. ‘തീരദേശ മേഖലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം രക്ഷാപ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്, ഇതിന് ഏജൻസിയുടെ ജീവൻ രക്ഷാപ്രവർത്തകരുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
"സെൽഫ് ഡ്രൈവിങ് റോബോട്ടായ ഔറസിനെ രക്ഷാപ്രവർത്തകരെ സഹായിക്കുന്നതിനായാണ് വികസിപ്പിച്ചെടുത്തത്. ബീച്ചിലെ നീന്താൻ അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ പട്രോളിങ് നടത്താൻ കഴിയുന്ന ഔറസിന് വിനോദസഞ്ചാരികൾക്ക് ഉയർന്ന തിരമാലയെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ കഴിയുമെന്നും പുതിയ അതിഥികൾ ബീച്ചുകളിൽ കൂടുതൽ നിരീക്ഷണത്തിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രൈറ്റൺ സിസ്റ്റത്തിന്റെ പ്രാഥമിക ശ്രദ്ധ, ബീച്ചിലെ നോൺ സ്വിം സോണുകളിൽ പൂർണ്ണമായും എ.ഐ- അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം നൽകുകയും അതുവഴി വിനോദസഞ്ചാരികൾക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും അടുത്തുള്ള ലൈഫ് സേവറിനെ അറിയിക്കുകയും ചെയ്യുക എന്നതാണ്.
നിലവിൽ വടക്കൻ ഗോവയിലെ മിരാമർ ബീച്ചിലാണ് ഔറസിനെ വിന്യസിച്ചിരിക്കുന്നത്. അതേസമയം ‘ട്രൈറ്റൺ’ തെക്കൻ ഗോവയിലെ ബെയ്‌ന, വെൽസാവോ, ബെനൗലിം, സൗത് ഗോവയിലെ ഗാൽഗിബാഗ്, നോർത്ത് ഗോവയിലെ മോർജിം എന്നിവിടങ്ങളിലാണ് വിന്യസിച്ചിരിക്കുന്നതെന്നും ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം സംസ്ഥാനത്തെ ബീച്ചുകളിൽ 100 ട്രൈറ്റൺ യൂണിറ്റുകളും 10 ഓറസ് യൂണിറ്റുകളും വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.