അൽ നിയാദിയുടെ ബഹിരാകാശ നടത്തം നാളെ
text_fieldsദുബൈ: ദീർഘകാല ബഹിരാകാശ ദൗത്യത്തിലൂടെ ചരിത്രം കുറിച്ച യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി വീണ്ടുമൊരു നേട്ടത്തിനരികെ. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനുള്ള തയാറെടുപ്പുകൾ അദ്ദേഹം പൂർത്തീകരിച്ചതായി മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ചയാണ് ‘സ്പേസ് വാക്’ നിശ്ചയിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി ആറര മണിക്കൂർ അന്തരീക്ഷത്തിൽ അദ്ദേഹം ചെലവഴിക്കും. സുപ്രധാന ദൗത്യത്തെക്കുറിച്ച പ്രഖ്യാപനം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നേരത്തെ ട്വിറ്ററിലൂടെ നടത്തിയിരുന്നു.
നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫൻ ബോവനൊപ്പമാണ് അൽ നിയാദി ബഹിരാകാശത്ത് ചരിത്ര നടത്തത്തിന് ഇറങ്ങുക. ഇരുവരും പുറത്തിറങ്ങുമ്പോൾ ബഹിരാകാശ നിലയത്തിന്റെ സയൻസ് ലബോറട്ടറിയുടെ പുറംഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കമ്യൂണിക്കേഷൻ ഹാർഡ്വെയർ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കും. നാസയുടെ ബഹിരാകാശ യാത്രികരായ വുഡി ഹോബർഗും ഫ്രാങ്ക് റൂബിയോയും ഇരുവരെയും ബഹിരാകാശ സ്യൂട്ടുകളിൽ കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുകയും അവരുടെ ബഹിരാകാശ നടത്തം നിരീക്ഷിക്കുകയും ചെയ്യും.
1998ൽ ബഹിരാകാശ നിലയം സ്ഥാപിച്ചശേഷം ഇതുവരെ 259 ബഹിരാകാശ യാത്രികർ മാത്രമാണ് ബഹിരാകാശത്ത് ഒഴുകിനടന്നിട്ടുള്ളത്. 700ൽ താഴെ ബഹിരാകാശ നടത്തങ്ങളാണ് ആകെ നടന്നിട്ടുള്ളത്. നാസയാണ് അൽ നിയാദിയെ ദൗത്യത്തിന് തിരഞ്ഞെടുത്തത്. 2018 മുതൽ വിവിധ തലങ്ങളിൽ സ്പേസ്വാക്കിനായി അൽ നിയാദി പരിശീലനം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.