മരംകൊണ്ടൊരു കൃത്രിമോപഗ്രഹം
text_fieldsകഴിഞ്ഞ 70 വർഷത്തിനിടെ ശാസ്ത്രലോകം പതിനായിരക്കണക്കിന് കൃത്രിമോപഗ്രഹങ്ങൾ നിർമിക്കുകയും അവ വിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. അവയെല്ലാം അലൂമിനിയം പോലുള്ള ഏതെങ്കിലും ലോഹങ്ങൾകൊണ്ടാണ് നിർമിച്ചിരുന്നത്. ഒരിക്കൽപോലും ലോഹേതരമായ ഒരു വസ്തുവിനാൽ കൃത്രിമോപഗ്രഹം നിർമിക്കുന്നതിനെക്കുറിച്ച് ഗവേഷകർ ആലോചിച്ചിരുന്നില്ല.
എന്നാലിനിയങ്ങോട്ട് കാര്യങ്ങൾ മാറാൻ പോവുകയാണ്. ഇതാദ്യമായി മരത്തടികൊണ്ട് നിർമിച്ചൊരു കൃത്രിമോപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുകയാണ് ജപ്പാനിലെ ഒരുകൂട്ടം ഗവേഷകർ. ‘ലിഗ്നോസാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം നിർമിച്ചിരിക്കുന്നത് മംഗോളിയൻവുഡ് കൊണ്ടാണ്. കേവലമൊരു ചായക്കോപ്പയുടെ മാത്രം വലുപ്പമുള്ള ‘ലിഗ്നോസാറ്റ്’ അടുത്ത മാസം നാസയുടെ സഹായത്തോടെ വിക്ഷേപിക്കും.
പരിസ്ഥിതി സൗഹൃദമായൊരു ഉപഗ്രഹമെന്ന് ‘ലിഗ്നോസാറ്റി’നെ വിശേഷിപ്പിക്കാം. പ്രവർത്തനകാലം കഴിഞ്ഞ നൂറുകണക്കിന് കൃത്രിമോപഗ്രഹങ്ങൾ ഭൂമിക്കുപുറത്ത് ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ബഹിരാകാശ മാലിന്യങ്ങൾ എന്ന് വിശേഷിപ്പിക്കാറുള്ള ഇവ പുതിയ കൃത്രിമോപഗ്രഹങ്ങൾക്ക് വലിയ ഭീഷണിയുമാണ്. പ്രവർത്തനകാലം കഴിഞ്ഞ ഉപഗ്രഹങ്ങളെ ഭൗമാന്തരീക്ഷത്തിലേക്ക് ഇടിച്ചിറക്കുന്ന രീതിയുമുണ്ട്.
കഴിഞ്ഞയാഴ്ച ഇന്ത്യയുടെ കാർട്ടോസാറ്റ്-2 ഇത്തരത്തിൽ ഇടിച്ചിറക്കിയതാണ്. ആ സമയം അത് അന്തരീക്ഷത്തിൽ കത്തിത്തീരുകയാണ് ചെയ്യുക. ഇങ്ങനെ സംഭവിക്കുമ്പോൾ ഓസോൺ പാളിക്കും മറ്റും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഇവിടെയാണ് ലിഗ്നോസാറ്റിന്റെ പ്രസക്തി. മരംകൊണ്ട് തയാറാക്കിയതിനാൽ, ജൈവവിഘടനം സാധ്യമാണ്. അതുകൊണ്ടുതന്നെ, ബഹിരാകാശ മാലിന്യം എന്ന അപകടം ഒരുപരിധിവരെ ഇല്ലാതാക്കാൻ ലിഗ്നോസാറ്റ് പോലുള്ള ഉപഗ്രഹങ്ങൾക്ക് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.