ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം; കൂട്ടിയിടിക്ക് 72 ശതമാനം സാധ്യതയെന്ന് നാസ
text_fieldsവാഷിങ്ടൺ: അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം 2038ൽ ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയെന്ന് നാസ. നിലവില്‍ ഭൂമിയോട് താരതമ്യേന അടുത്ത് നില്‍ക്കുന്ന ഛിന്നഗ്രഹങ്ങളുടെ പട്ടികയും അവയുടെ വ്യാസം, ഭാരം, ഭൂമിയില്‍ നിന്നുള്ള അകലം എന്നിവയുടെയെല്ലാം ഏകദേശ കണക്കുകളും നാസയുടെ പക്കലുണ്ട്. എന്നാൽ അടുത്ത പത്ത് വര്‍ഷത്തിനിടെ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ 72 ശതമാനം സാധ്യതയുണ്ടെന്നാണ് അഞ്ചാമത് ദ്വിവത്സര പ്ലാനറ്ററി ഡിഫന്‍സ് ഇന്റര്‍ഏജന്‍സി ടേബിള്‍ ടോപ്പ് എക്‌സര്‍സൈസിലെ കണ്ടെത്തല്‍.
നാസയെ കൂടാതെ അമേരിക്കയിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും അന്താരാഷ്ട്ര സഹകാരികളില്‍ നിന്നുമുള്ള നൂറോളം പ്രതിനിധികള്‍ ടേബിൾ ടോപ്പ് എക്‌സര്‍സൈസിന്‍റെ ഭാഗമായിരുന്നു. ഛിന്നഗ്രഹങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണികള്‍ ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള നയരൂപീകരണത്തിനുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കാനും, രാജ്യാന്തരതലത്തിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നാസ ഈ ടേബിള്‍ ടോപ്പ് എക്‌സര്‍സൈസ് സംഘടിപ്പിച്ചത്.
ഛിന്നഗ്രഹത്തെ നേരിടാന്‍ ഭൂമി വേണ്ടത്ര തയാറല്ലെന്നും നാസ വിലയിരുത്തുന്നു. 2038 ജൂലൈ 12ന് ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുമെന്നാണ് നാസ കണക്കാക്കുന്നത്. മണിക്കൂറിൽ 16,500 കിലോമീറ്റർ വേഗതയിലാണ് ഇതിന്‍റെ സഞ്ചാരം. എന്നാല്‍ ഈ ഛിന്നഗ്രഹത്തിന്‌റെ വലുപ്പം, ഘടന, ദീര്‍ഘകാല പാത എന്നിവ കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാസ പറയുന്നു.
ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്തുകൂടി കടന്നു പോകാറുണ്ട്. നാസയുടെ സെന്റർ ഫോർ നിയർ ഏർത്ത് ഒബ്ജക്ട് സ്റ്റഡീസ് നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ട്. നിലവിൽ ബഹിരാകാശത്തെ ഛിന്നഗ്രഹങ്ങൾ വലിയ സുരക്ഷാഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഛിന്നഗ്രഹ ഭീഷണി നേരിടാന്‍ ലക്ഷ്യമിട്ട് നടത്തിയ ആദ്യ ദൗത്യമായിരുന്നു നാസയുടെ ഡാര്‍ട്ട് (ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ്). ഇതിന് പുറമെ 'നിയോ സര്‍വേയര്‍' എന്ന ഇന്‍ഫ്രാറെഡ് ബഹിരാകാശ ദൂരദര്‍ശിനിയും നാസ വികസിപ്പിക്കുന്നുണ്ട്.
ഡാര്‍ട്ടിൽ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്ന ആദ്യപരീക്ഷണം കൂടിയാണിത്. ഭൂമിയെ ലക്ഷ്യമിട്ടെത്തിയേക്കാവുന്ന ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ടുള്ള നാസയുടെ 'ഡാർട്ട്' ദൗത്യം നടന്നത് 2022 ലാണ്. ഭൂമിയിൽനിന്ന് ഏറെ അകലെയുള്ള ദിദിമോസ് ഛിന്നഗ്രഹത്തിനു ചുറ്റും കറങ്ങുന്ന ചെറുഛിന്നഗ്രഹമായ ദിമോർഫോസിനെയാണ് നാസയുടെ ഡാർട്ട് ഉപഗ്രഹം ഇടിച്ചത്. ഇടിയിൽ ഉപഗ്രഹം നാമാവശേഷമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.