ഒരിക്കൽ കൂടി ബഹിരാകാശ യാത്രക്കൊരുങ്ങി സുനിത വില്യംസ്; മൂന്നാം ദൗത്യം നാളെ
text_fieldsന്യൂഡൽഹി: ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഒരിക്കൽ കൂടി ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായാണ് സുനിതയുടെ യാത്ര. മേയ് ഏഴിന് ഇന്ത്യൻ സമയം രാവിലെ 8.04ന് കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നായിരിക്കും യാത്ര തുടങ്ങുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോൾ തനിക്ക് വീട്ടിലേക്ക് മടങ്ങിയെത്തുന്ന പോലെയാണ് തോന്നാറെന്നും 59കാരിയായ സുനിത പറഞ്ഞു.
പുതിയ ബഹിരാകാശ പേടകത്തിലെ യാത്രയെ കുറിച്ച് ഏറെ ആകാംക്ഷയുണ്ടെന്ന് അവർ പറഞ്ഞു. നാസയുടെ കൊമേഷ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായ സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യത്തെ ക്രൂഡ് ഫ്ലൈറ്റ് ആണിത്.റിപ്പോർട്ടുകൾ പ്രകാരം ക്രൂ സ്പേസ് ട്രാൻസ്പോർട്ടേഷൻ 100 സ്റ്റാർലൈനർ പേടകം ഏഴ് യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിലാണ് നിർമിച്ചിരിക്കുന്നത്. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ യാത്രയാണിത്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാസയോടൊപ്പം ചേർന്ന് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. സ്റ്റാർലൈനറിലെ യാത്രയിലൂടെ തന്റെ വരും ദിനങ്ങൾ, പറന്നു കൊണ്ട് വളരെ രസകരമായ രീതിയിൽ ദിനചര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന രീതിയിൽ ഉള്ളതാകുമെന്നും സുനിത വില്യംസ് പറയുന്നു.
ഡോ. ദീപക് പാണ്ട്യയുടേയും ബോണിയുടേയും മകളായി അമേരിക്കയിലായിരുന്നു സുനിതയുടെ ജനനം. നേവി ടെസ്റ്റ് പൈലറ്റായ സുനിത 2006ലും 2012ലുമാണ് ഇതിന് മുമ്പ് ബഹിരാകാശത്തേക്ക് പോയത്. നാസയിൽ നിന്നുള്ള കണക്കുകൾ പ്രകാരം 322 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചു. 50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നുവെന്ന റെക്കോർഡും സുനിതയുടെ പേരിലുണ്ട്. ഏഴ് തവണയായിട്ടാണ് നേട്ടം സ്വന്തമാക്കിയത്. സുനിത വില്യംസിനൊപ്പം നാസയുടെ ബഹിരാകാശ സഞ്ചാരിയായ ബുച്ച് വിൽമോറും ദൗത്യത്തിന്റെ ഭാഗമാകും. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി ഒരാഴ്ചയോളം ഇവർ ഇന്റർനാഷനൽ സ്‌പേസ് സെന്ററിൽ ഡോക്ക് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.