സൂര്യനിൽ ഭീമൻ സൗരകളങ്കങ്ങൾ
text_fieldsകോഴിക്കോട്: സൗരോപരിതലത്തിൽ വീണ്ടും അതിഭീമൻ സൗരകളങ്കങ്ങൾ പ്രത്യക്ഷപ്പെട്ടു. സൗരോപരിതലത്തിൽ ഒറ്റക്കോ കൂട്ടായോ പ്രത്യക്ഷപ്പെടുന്ന ഇരുണ്ട നിറത്തോടുകൂടിയ അടയാളങ്ങളാണ് സൂര്യകളങ്കങ്ങൾ (സൺ സ്പോട്ടുകൾ). ഇപ്പോൾ നന്നായി കാണുന്ന എ.ആർ 33 15 എന്ന കളങ്കത്തിന് ഭൂമിയുടെ നാലു മടങ്ങെങ്കിലും വലുപ്പമുണ്ട്.
സൗരോപരിതലത്തിൽ സമീപപ്രദേശങ്ങളേക്കാൾ അൽപം ഇരുണ്ടതും ചൂട് കുറഞ്ഞതുമായ ഭാഗങ്ങളാണ് സൂര്യ കളങ്കങ്ങളായി അറിയപ്പെടുന്നത്. ചില കാന്തമണ്ഡലച്ചുഴികളാണ് കളങ്കങ്ങളുടെ രൂപവത്കരണത്തിലേക്ക് നയിക്കുന്നതെന്ന് പറയപ്പെടുന്നു.
ഭൗമ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ കളങ്കങ്ങൾക്കുള്ള പ്രാധാന്യം ശാസ്ത്രലോകം പഠിച്ചുവരുന്നേയുള്ളൂവെന്ന് അമച്വർ വാനനിരീക്ഷകനും അസ്ട്രോ കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. സൂര്യനിൽനിന്ന് ഉൽസർജിക്കുന്ന സൗരജ്വാലകൾ ചാർജിതകണങ്ങളുടെ സമാഹാരമായിരിക്കും. ഇവ ഭൗമ കാന്തമണ്ഡലവും ഭൗമാന്തരീക്ഷവുമായി പ്രവർത്തിച്ച് വർണസുന്ദരമായ ധ്രുവദീപ്തികൾ അഥവാ അറോറകൾ ഉണ്ടാക്കാറുണ്ട്.
വാർത്താവിനിമയ ഉപഗ്രഹങ്ങൾക്ക് സാരമായ കേടുവരുത്താൻ ഈ സൗരകണങ്ങൾക്ക് കഴിയും. വൈദ്യുതി ലൈനുകളെ തകരാറിലാക്കാനും ഇവ കാരണമാകും. സൗരകളങ്കങ്ങളെ വെറും കണ്ണുകൊണ്ട് കാണാമെങ്കിലും അങ്ങനെ നോക്കുന്നത് അപകടമാണ്. സൗരഫിൽട്ടർ ഉപയോഗിച്ചു മാത്രമേ സൂര്യനെ നോക്കാവൂ.
പ്രൊജക്ഷൻ രീതിയിൽ സൂര്യന്റെ പ്രതിബിംബം ചുവരിൽ പതിപ്പിച്ചും കളങ്കങ്ങൾ കാണാം. സാധാരണഗതിയിൽ ഓരോ 11 വർഷത്തിലും സൗരകളങ്കങ്ങൾ വർധിച്ചു വരുന്നതായി കാണാം. വിവിധ സൈക്കിളുകൾ ആയാണ് ഇവ അറിയപ്പെടുന്നത്. ഇപ്പോഴത്തേത് സോളാർ സൈക്കിൾ 25 ആണ്. ഇതിന്റെ മാക്സിമം 2025ൽ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.