പൂച്ച പിടിയൻ ഫ്ലാപ്പും പക്ഷി നിരീക്ഷകൻ ബൈനോകുലറും
text_fieldsപക്ഷി നിരീക്ഷകൻ ബൈനോകുലറുംലാസ് വെഗാസിൽ കഴിഞ്ഞ ദിവസം സമാപിച്ച ഈ വർഷത്തെ സി.ഇ.എസിൽ (കൺസ്യൂമർ ഇലക്ട്രോണിക് ഷോ) ജനഹൃദയം കവർന്നത് അപ്രത്യക്ഷമാകുന്ന ടി.വി മുതൽ പുതു ബൈനോകുലർ വരെയുള്ള എ.ഐ അധിഷ്ഠിത ഗാഡ്ജറ്റുകൾ. ഇതിൽ പലതും ഉടൻ വിപണിയിൽ എത്തില്ലെങ്കിലും, ടെക്നോളജിയുടെ മുന്നേറ്റം എങ്ങോട്ടാണെന്ന സൂചന വ്യക്തമാക്കുന്നു.
അപ്രത്യക്ഷമാകുന്ന ടി.വി
ഒരു ഗ്ലാസ് ഷീറ്റുപോലെ സുതാര്യമായ ടി.വിയാണ് സംഭവം. എൽ.ജിയുടെ ഈ 77 ഇഞ്ച് ഒ.എൽ.ഇ.ഡി ടി.വിയിൽകൂടി ഗ്ലാസ് ഷീറ്റിലെന്ന പോലെ മറുപുറം കാണാം. ഒരു ബട്ടണിലൂടെ ഈ ഷീറ്റിനു പിന്നിൽ കറുത്ത ഫിലിം ഉയർത്തുന്നതോടെ സാദാ ടി.വിയായി മാറും. ഈ വർഷംതന്നെ വിപണിയിലെത്തുമെന്നാണ് കമ്പനിയുടെ അവകാശവാദം. വില തീരുമാനിച്ചിട്ടില്ല.
പൂച്ച സേറിന്റെ അലമ്പ് പിടിക്കാൻ എ.ഐ ഫ്ലാപ്
എ.ഐ സപ്പോർട്ടുള്ള പുതു ‘കാറ്റ് ഫ്ലാപ്’ ആണ് സ്വിസ് കമ്പനിയായ ‘ഫ്ലാപ്പി’ അവതരിപ്പിച്ചത്. വീടിന് പുറത്തേക്ക് വളർത്തുപൂച്ചക്ക് സഞ്ചരിക്കാൻ വാതിലിലെ കിളിവാതിലിന്റെ അടപ്പാണല്ലോ ക്യാറ്റ് ഫ്ലാപ്. പൂച്ച വല്ല ചത്ത എലിയെയോ മറ്റു കച്ചറസാധനങ്ങളോ ഇതു വഴി അകത്തേക്കു കൊണ്ടുവരാൻ ശ്രമിച്ചാൽ ഫ്ലാപ്പിലെ എ.ഐ കാമറ ഉണരുകയും പൂച്ചയെ ബ്ലോക്കാക്കുകയും ചെയ്യും. പിന്നെ അത് ഉപേക്ഷിച്ചാൽ മാത്രമേ പുള്ളിക്ക് അകത്ത് കയറാൻ സാധിക്കൂ. ആപ് വഴി ഫ്ലാപ്പിനെ നിയന്ത്രിക്കാം.
പക്ഷി നിരീക്ഷകൻ ബൈനോകുലർ
ഈ ബൈനോകുലറിലൂടെ പക്ഷിയെ നോക്കിയാൽ, ആ പക്ഷിയെ തിരിച്ചറിഞ്ഞ് അതിന്റെ ശാസ്ത്രീയ നാമവും മറ്റു പ്രത്യേകതകളും റിയൽ ടൈമിൽ ലഭ്യമാക്കുന്ന എ.ഐ ഗാഡ്ജറ്റാണ് സംഗതി. 9000ത്തിലേറെ പക്ഷികളെ തിരിച്ചറിയാൻ ‘സ്വറോവിസ്കി ഓപ്റ്റിക് എ.എക്സ് വിസിയോ’ എന്ന ഈ 13 എം.പി കാമറ ബൈനോകുലറിന് കഴിയും. എച്ച്.ഡി വിഡിയോ ഷൂട്ടും സാധ്യമാണ്.
എ.ഐ റാബിറ്റ്
എ.ഐ അധിഷ്ഠിതമായ, മറ്റൊരു ഗാഡ്ജറ്റാണ് റാബിറ്റ് ആർ1. ഫോണിലെ ആപ്പുകളും വെബ്സൈറ്റുകളും പ്രവർത്തിക്കുന്ന രീതി മനസ്സിലാക്കി പ്രവർത്തിക്കാൻ ഇതിന് കഴിയും.
ചതുരവടിവിലുള്ള, സ്ക്രീനോടുകൂടിയ ഈ ഡിവൈസിൽ കാമറയും മൊബൈൽ ഫോൺ റിമോട്ടായി സ്ക്രോൾ ചെയ്യാൻ സ്ക്രോൾ വീലുമുണ്ട്.
ഓൺലൈൻ പർച്ചേസോ കാബ് ബുക്കിങ്ങോ ഫോട്ടോ എഡിറ്റിങ്ങോ എന്നുവേണ്ട ഫോൺ ഉപയോഗിച്ചുള്ള വിവിധ ടാസ്കുകൾ റാബിറ്റ് ചെയ്യും. ഫോണിൽ നാം ചെയ്യുന്ന കാര്യങ്ങൾ ഡിവൈസിനെ പഠിപ്പിച്ചുകൊടുത്താൽപിന്നെ ഫോൺ തൊടാതെ ഡിവൈസ് തനിയെ ഇക്കാര്യം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.