‘നടക്കുന്നതായി ചിന്തിച്ചു’, നട്ടെല്ലിന് ക്ഷതമേറ്റ് തളര്‍ന്നുപോയ ആളെ ബ്രെയിൻ ചിപ്പ് നടത്തിച്ചു -വിഡിയോ
text_fields12 വർഷം മുമ്പ് സൈക്ലിങ് അപകടത്തിൽ പെട്ട് നട്ടെല്ലിന് പരിക്കേറ്റ് തളർന്നുപോയ 40 കാരനായ ഗെർട്ട്-ജാൻ ഓസ്കാമിനാണ് ഇലക്ട്രോണിക് ബ്രെയിൻ ഇംപ്ലാന്റുകളുടെ സഹായത്തോടെ വീണ്ടും നടക്കാൻ സാധിച്ചത്. നടക്കുന്നതായി ചിന്തിച്ചപ്പോൾ തന്നെ ചിപ്പ് പ്രവർത്തിക്കുകയും അദ്ദേഹം നടക്കുകയും ചെയ്തു. സ്വിറ്റ്സർലൻഡിലെ ഒരുകൂട്ടം ന്യൂറോ ശാസ്ത്രജ്ഞരും ന്യൂറോ സർജന്മാരുമാണ് ചരിത്രമായേക്കാവുന്ന ഈ നേട്ടത്തിന് പിന്നിൽ.
ഇലോൺ മസ്‌കിന്റെ ന്യൂറോ ടെക്നോളജി കമ്പനിയായ ന്യൂറാലിങ്ക് സമാനമായ ചിപ്പ് നിർമിച്ചിരുന്നു. മസ്തിഷ്ക ഇംപ്ലാന്റുകൾ മനുഷ്യ തലച്ചോറിൽ ഘടിപ്പിച്ച് കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകുമെന്നും വികലാംഗരായ രോഗികളെ വീണ്ടും ചലിക്കാനും ആശയവിനിമയം നടത്താനും പ്രാപ്തമാക്കുമെന്നുമൊക്കെയാണ് അവകാശവാദം. എന്നാൽ, മനുഷ്യരിൽ അത് പരീക്ഷിക്കാൻ യു.എസ് അധികൃതർ അനുമതി നൽകിയിരുന്നില്ല.
"ചിന്തയെ പ്രവർത്തനമാക്കി മാറ്റുന്ന ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് ഞങ്ങൾ തലച്ചോറിനും സുഷുമ്നാ നാഡിക്കും ഇടയിൽ ഒരു വയർലെസ് ഇന്റർഫേസ് സൃഷ്ടിച്ചു." - ഗവേഷകർ പറയുന്നു. അതായത്, ഒരു വയർലെസ് ഡിജിറ്റൽ ബ്രിഡ്ജ് ഉപയോഗിച്ച് തലച്ചോറും സുഷുമ്നാ നാഡിയും തമ്മിലുള്ള ആശയവിനിമയം തങ്ങൾ പുനഃസ്ഥാപിക്കുകയായിരുന്നുവെന്നാണ് അവർ പറയുന്നത്. ഇത് തളർവാതം ബാധിച്ച വ്യക്തിയെ സ്വാഭാവികമായി വീണ്ടും നടക്കാൻ അനുവദിക്കുന്നു. അതേസമയം, നിലവിൽ ഇംപ്ലാന്റ് ഒരു വ്യക്തിയിൽ മാത്രമേ പരീക്ഷിച്ചിട്ടുള്ളൂ.
തളർന്ന കാലുകളുടെ ചലനത്തിന്റെ സ്വാഭാവിക നിയന്ത്രണം വീണ്ടെടുക്കാൻ ‘ഡിജിറ്റൽ ബ്രിഡ്ജ്’ 40-കാരനെ പ്രാപ്തമാക്കി, നിൽക്കാനും നടക്കാനും പടികൾ കയറാനും പോലും അദ്ദേഹത്തെ അത് അനുവദിച്ചു. രണ്ട് ഇലക്ട്രോണിക് ഇംപ്ലാന്റുകൾ ഉൾപ്പെടുന്നതാണ് ഒരു ഡിജിറ്റൽ ബ്രിഡ്ജ്: ഒന്ന് തലച്ചോറിലും മറ്റൊന്ന് സുഷുമ്നാ നാഡിയിലുമാണ് ഘടിപ്പിക്കുക.
"കാലുകളുടെ ചലനങ്ങൾ നിയന്ത്രിക്കുന്നതിന് ഉത്തരവാദികളായ തലച്ചോറിന്റെ ഭാഗത്തിന് മുകളിൽ ഞങ്ങൾ WIMAGINE® ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. CEA വികസിപ്പിച്ച ഈ ഉപകരണങ്ങൾ നടത്തത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തലച്ചോറ് സൃഷ്ടിക്കുന്ന വൈദ്യുത സിഗ്നലുകൾ ഡീകോഡ് ചെയ്യാൻ അനുവദിക്കുന്നു. കാലിന്റെ ചലനത്തെ നിയന്ത്രിക്കുന്ന സുഷുമ്‌നാ നാഡിക്ക് മുകളിൽ ഇലക്‌ട്രോഡ് അറേയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ന്യൂറോസ്റ്റിമുലേറ്ററും ഞങ്ങൾ സ്ഥാപിച്ചു. -CHUV, UNIL, EPFL എന്നിവയിലെ പ്രൊഫസറായ ന്യൂറോ സർജൻ ജോസെലിൻ ബ്ലോച്ച് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.