അതിസാഹസികനായ വിൽമോർ
text_fieldsബുച്ച് വിൽമോർ
ഡ്രാഗൺ ക്യാപ്സൂൾ സുരക്ഷിതമായി ഭൂമിയിലെത്തിയപ്പോൾ ആഘോഷിക്കപ്പെട്ടത് സുനിത വില്യംസിന്റെ മാത്രം ഖ്യാതിയല്ല; സഹയാത്രികനായ ബുച്ച് വിൽമോറിന്റേതുകൂടിയാണ്. അതിസാഹസികനായൊരു യാത്രികൻ എന്ന് വിൽമോറിനെ നിസ്സംശയം വിശേഷിപ്പിക്കാം. നേവി പൈലറ്റായി കരിയർ ആരംഭിച്ച വിൽമോർ 25 വർഷമായി നാസക്കൊപ്പമുണ്ട്.
1962 ഡിസംബർ 29 ന് ടെന്നസിയിലെ മർഫ്രീസ്ബോറോയിൽ ജനിച്ച ബാരി യൂജിൻ വിൽമോർ എന്ന ബുച്ച് വിൽമോർ നാസയുടെ ബഹിരാകാശയാത്രികനും യു.എസ് നേവിയുടെ ടെസ്റ്റ് പൈലറ്റുമാണ്. നാസയുടെ വിവിധ ബഹിരാകാശ ദൗത്യങ്ങളിൽ അവിഭാജ്യ പങ്ക് വഹിച്ച വിൽമോർ സൈനിക വ്യോമയാന രംഗത്തും ബഹിരാകാശ പര്യവേക്ഷണത്തിലും അസാധാരണ സേവനത്തിന് പേരുകേട്ടയാളാണ്.
2000 ജൂലൈയിൽ നാസയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വിൽമോറിന്റെ ബഹിരാകാശ യാത്ര ആരംഭിക്കുന്നത്. രണ്ടു വർഷത്തെ തീവ്ര പരിശീലനത്തിനു ശേഷം, 2009 നവംബറിൽ എസ്.ടി.എസ്-129 ദൗത്യത്തിന്റെ ഭാഗമായി സ്പേസ് ഷട്ട്ൽ അറ്റ്ലാന്റിസിന്റെ പൈലറ്റായാണ് അദ്ദേഹം തന്റെ ആദ്യ ബഹിരാകാശ യാത്ര നടത്തുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഈ 11 ദിവസത്തെ ദൗത്യം അദ്ദേഹത്തിന്റെ ബഹിരാകാശ ജീവിതത്തിന്റെ തുടക്കം കുറിക്കൽ കൂടിയായിരുന്നു. 2014ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യത്തിനിടെ ബഹിരാകാശത്ത് നിർമിച്ച ആദ്യത്തെ ത്രീഡി പ്രിന്റഡ് ഉപകരണം സൃഷ്ടിക്കുന്നതിലും ബുച്ച് വിൽമോറും സംഘവും ചരിത്രപരമായ നേട്ടം കൈവരിച്ചു.
മൊത്തം 464ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. 31 മണിക്കൂർ ബഹിരാകാശ നടത്തമടക്കമുള്ള ഇ.വി.എ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.
ലെജിയൻ ഓഫ് മെറിറ്റ്, ഡിഫൻസ് സുപ്പീരിയർ സർവിസ് മെഡൽ, നാസ ഡിസ്റ്റിംഗ്വിഷ്ഡ് സർവിസ് മെഡൽ തുടങ്ങി സൈനികരംഗത്തും നാസയുടെയും നിരവധി അവാർഡുകൾ വിൽമോറിനെ തേടിയെത്തിയിട്ടുണ്ട്.
ടെന്നസി ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി സ്പോർട്സ് ഹാൾ ഓഫ് ഫെയിമിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാര്യ ഡീന്ന വിൽമോറും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം ടെക്സസിലെ ഹ്യൂസ്റ്റനിലാണ് താമസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.