കാത്തിരിപ്പ്, പ്രാർഥന; ആവേശം ആകാശത്തോളം
text_fieldsന്യൂഡൽഹി: ചന്ദ്രയാൻ പേടകം ചരിത്രമെഴുതുന്ന ബുധനാഴ്ച വൈകീട്ട് 6.04 എന്ന നിർണായക സമയത്തിനായി പ്രാർഥനയോടെയും ഉദ്വേഗത്തോടെയും രാജ്യം കാത്തിരുന്നു. അഭിമാന നിമിഷങ്ങൾ ടെലിവിഷൻ ചാനലുകളിലൂടെയും ഐ.എസ്.ആർ.ഒയുടെ വെബ്സൈറ്റിലൂടെയും കോടിക്കണക്കിന് പേരാണ് കണ്ടത്. അമ്പലങ്ങളിലും പള്ളികളിലും ഗുരുദ്വാരകളിലും പ്രത്യേക പ്രാർഥനകളും സ്കൂളുകളിലും കോളജുകളിലും പൊതുസ്ഥലങ്ങളിലും പ്രത്യേക പരിപാടികളും സംഘടിപ്പിച്ച് ചന്ദ്രനിലെ ഇന്ത്യൻ തിളക്കത്തിന് രാജ്യം സാക്ഷിയായി.
വലിയ ടെലിവിഷൻ സ്ക്രീനുകളിൽ രാജ്യത്തിന്റെ നേട്ടം കണ്ട് വിദ്യാർഥികളടക്കം ആവേശത്തിലായി. ചന്ദ്രയാൻ ലക്ഷ്യസ്ഥാനത്തെത്തിയതോടെ ആവേശം ആകാശത്തോളമായി. ചന്ദ്രയാൻ അവസാനഘട്ടം വിദ്യാർഥികളെ കാണിക്കാൻ സംവിധാനമൊരുക്കണമെന്ന് ഐ.എസ്.ആർ.ഒ അഭ്യർഥിച്ചിരുന്നു. ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലുമടക്കം കോളജുകളിലും സർവകലാശാലകളിലും തത്സമയ സംപ്രേഷണത്തിന് സൗകര്യമുണ്ടാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയിരുന്നു.
ഡൽഹിയിലെ സർക്കാർ സ്കുളുകളിൽ ഐ.എസ്.ആർ.ഒയുടെ നേട്ടങ്ങൾ സാക്ഷ്യപ്പെടുത്താൻ കുട്ടികൾ മനുഷ്യച്ചങ്ങല തീർത്തു. ചിലയിടങ്ങളിൽ അധ്യാപകരും കുട്ടികളും കൂട്ടപ്രാർഥനയിൽ പങ്കാളികളായി. അൽ ജമ്മിയത്തുൽ ഇസ്ലാമിയ ഇസ്ലാഹുൽ ബനാത് മദ്റസയിൽ 150 പെൺകുട്ടികൾ പങ്കെടുത്ത പ്രത്യേക പ്രാർഥന നടന്നു. ഒഡിഷയിൽ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിൽ ചന്ദ്രയാൻ 3 വിജയത്തിനായി ഭക്തർ മൺചെരാതുകൾ കൊളുത്തി. മഥുര ഗോവർധൻ ക്ഷേത്രത്തിലും മുംബൈയിലെ മഹിം ദർഗയിലും പ്രാർഥന ചടങ്ങ് നടത്തി. ഡൽഹിയിലെ ബംഗ്ല സാഹിബ് ഗുരുദ്വാരയിലെ ചടങ്ങിൽ കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിങ് പുരി പങ്കെടുത്തു. യു.പിയിലെ ദാറുൽ ഉലൂം ഫാരംഗി മഹൽ ഈദ്ഗാഹിൽ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർക്കായി പ്രത്യേക പ്രാർഥന നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.