ചന്ദ്രയാൻ മൂന്നിന് ഇനി 1,437 കിലോമീറ്റർ മാത്രം; രണ്ട് ചിത്രങ്ങൾ കൂടി പുറത്തുവിട്ടു
text_fieldsബംഗളൂരു: ചാന്ദ്രാദൗത്യത്തിനിടെ ചന്ദ്രയാൻ മൂന്ന് പേടകം പകർത്തിയ രണ്ട് ചിത്രങ്ങൾ കൂടി പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ലാൻഡർ ഇമേജർ കാമറ (എൽ.ഐ) പകർത്തിയ ഭൂമിയുടെ ചിത്രവും ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി കാമറ (എൽ.എച്ച്.വി.സി) പകർത്തിയ ചന്ദ്രന്‍റെ ചിത്രവുമാണ് പുറത്തുവിട്ടത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സെന്‍ററിൽ നിന്ന് ജൂലൈ 14ന് എൽ.വി.എം 3 റോക്കറ്റ് വിക്ഷേപിച്ചപ്പോൾ ചന്ദ്രയാൻ മൂന്നിൽ ഘടിപ്പിച്ച കാമറ പകർത്തിയതാണ് ഭൂമിയുടെ ചിത്രം. ഭൂമിയുടെ ഭ്രമണപഥം വിട്ട ചന്ദ്രയാൻ മൂന്ന് ആഗസ്റ്റ് ആറിന് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചപ്പോൾ പകർത്തിയതാണ് ചന്ദ്രന്‍റെ ചിത്രം.
ഭൂമിയുടെ ചിത്രം പകർത്തിയ ലാൻഡർ ഇമേജർ (എൽ.ഐ) കാമറ അഹമ്മദാബാദിലെ സ്പേസ് ആപ്പിക്കേഷൻസ് സെന്‍റർ (എസ്.എ.സി) ആണ് നിർമിച്ചത്. ബംഗളൂരുവിലെ ലബോറട്ടറി ഓഫ് ഇലക്ട്രോ-ഓപ്റ്റിക്സ് സിസ്റ്റംസ് (എൽ.ഇ.ഒ.എസ്) ആണ് ചന്ദ്രന്‍റെ ചിത്രം പകർത്തിയ ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി കാമറ (എൽ.എച്ച്.വി.സി) നിർമിച്ചത്.
ആഗസ്റ്റ് ഒന്നിന് ചന്ദ്രയാൻ മൂന്ന് പകർത്തിയ ചന്ദ്രന്‍റെ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആഗസ്റ്റ് ഒമ്പതിന് നടന്ന ചന്ദ്രയാന്‍റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായിരുന്നു. ഇതോടെ ചന്ദ്രനിൽ നിന്നുള്ള കുറഞ്ഞ ദൂരം 174 കിലോമീറ്ററും കൂടിയ ദൂരം 1437 കിലോമീറ്ററുമായി. ആഗസ്റ്റ് 14ന് രാവിലെ 11.30നും 12.30നും ഇടയിലാണ് മൂന്നാമത്തെ ഭ്രമണപഥം താഴ്ത്തൽ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.