‘ടെറർ’ മറികടന്നു, റീ ടാർഗറ്റിങ്... ഒടുവിൽ തൊട്ടു അമ്പിളിയെ
text_fieldsബംഗളൂരു: കോടിക്കണക്കിന് വർഷങ്ങളായി സൂര്യപ്രകാശംപോലും പതിയാത്ത ഇടങ്ങൾ ഒളിച്ചിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവം. മൈനസ് 230 ഡിഗ്രി സെന്റിഗ്രേഡ് വരെ തണുത്തുറഞ്ഞുകിടക്കുന്ന കറുത്ത ഗർത്തങ്ങൾ. ഗുരുത്വാകർഷണം കൂടിയും കുറഞ്ഞും കിടക്കുന്ന അപകടകരമായ മേഖലയിൽ ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാൻ മൂന്നിലെ ലാൻഡർ മൊഡ്യൂൾ വിജയകരമായി മൃദു ഇറക്കം നടത്തിയപ്പോൾ അത് ചരിത്രമായി. ഭൂമിയിൽനിന്ന് 3,88,545 കിലോമീറ്റർ അകലെയുള്ള പ്രതലത്തിൽ ഒരു രാജ്യത്തിന്റെ മുഴുവൻ സ്വപ്നവുംപേറിയാണ് ലാൻഡർ ചെന്നിറങ്ങിയത്.
ചാന്ദ്രദൗത്യത്തിൽ ഏറ്റവും അപകടംനിറഞ്ഞ അവസാന 19 മിനിറ്റിനെ ‘ടെറർ’ ഘട്ടമായാണ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർതന്നെ വിശേഷിപ്പിക്കുന്നത്. 48 മണിക്കൂർ മുമ്പ് ദൗത്യത്തിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചിരുന്നു. മൃദു ഇറക്കത്തിന് രണ്ടു മണിക്കൂർ മുമ്പ് ഐ.എസ്.ആർ.ഒയുടെ ബംഗളൂരു ബ്യാലലുവിലെ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്കിൽ (ഐ.ഡി.എസ്.എൻ) നിന്ന് തുടർഗമനത്തിനുള്ള സന്ദേശം കൈമാറിയതുമുതൽ പിന്നീടെല്ലാം ലാൻഡറിന്റെ കൈയിൽ. മൃദു ഇറക്കത്തിന്റെ ഘട്ടത്തിൽ പേടകത്തിന്റെ വേഗം നിയന്ത്രിക്കുന്നതടക്കമുള്ള തീരുമാനങ്ങളെല്ലാം എടുത്തത് ലാൻഡർ മൊഡ്യൂളിൽ സംവിധാനിച്ചുവെച്ച ഓട്ടോമാറ്റിക് ലാൻഡിങ് സീക്വൻസ് (എ.എൽ.എസ്) അടിസ്ഥാനത്തിലായിരുന്നു.
ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്, ചന്ദ്രയാൻ-2 ദൗത്യത്തിൽ ചെയർമാനായിരുന്ന കെ. ശിവൻ, മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് തുടങ്ങിയവരും ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ ശാസ്ത്രജ്ഞരും ഐ.ഡി.എസ്.എൻ കേന്ദ്രത്തിൽ സന്നിഹിതരായിരുന്നു. രാജ്യത്തിന് ആകാംക്ഷയും ഉത്കണ്ഠയും പിരിമുറുക്കം തീർത്ത നിമിഷങ്ങൾ. എന്നാൽ, ഐ.ഡി.എസ്.എന്നിൽ ശാസ്ത്രജ്ഞർ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.