നിദ്രക്ക് ശേഷം സൂര്യോദയം കാത്ത് ചന്ദ്രയാൻ 3, ലാൻഡറും റോവറും ഉണർന്നാൽ ചരിത്രം; ആകാംക്ഷയിൽ ശാസ്ത്രലോകം
text_fieldsബംഗളൂരു: ബഹിരാകാശ ചരിത്രം തിരുത്തിയ ചാന്ദ്ര പര്യവേക്ഷണത്തിന് ശേഷം നിദ്രയിലായ ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡറും റോവറും വീണ്ടും ഉണരുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയും ശാസ്ത്രലോകവും. ഭൂമിയിലെ 14 ദിവസങ്ങൾക്ക് സമാനമായ സൂര്യപ്രകാശമുള്ള ഒരു ചാന്ദ്രദിവസമാണ് ലാൻഡറും റോവറും ചന്ദ്രന്‍റെ മണ്ണിൽ പരീക്ഷണം നടത്തിയത്. തുടർന്ന് രാത്രി തുടങ്ങിയതോടെ ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കാനായി സെപ്റ്റംബർ മൂന്നിന് ലാൻഡറും റോവറും പരീക്ഷണം അവസാനിപ്പിച്ച് നിദ്രയിലേക്ക് (സ്ലീപ്പിങ് മോഡ്) മാറി.
14 ദിവസം നീണ്ട രാത്രിക്ക് ശേഷം സെപ്റ്റംബർ 16നോ 17നോ ആണ് ചന്ദ്രനിൽ സൂര്യൻ ഉദിക്കുകയെന്ന് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. ഇതുപ്രകാരം ഉടൻ ചന്ദ്രനിൽ സൂര്യ പ്രകാശം ലഭിച്ചു തുടങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടൽ. സൂര്യപ്രകാശം ലഭിച്ചാൽ മാത്രമേ സോളാർ പാനൽ ഉപയോഗിച്ച് ലാൻഡറിനും റോവറിനും ബാറ്ററികൾ റീചാർജ് ചെയ്യാൻ സാധിക്കുകയുള്ളു.
ചാന്ദ്രരാത്രികളിൽ മൈനസ് 200 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില. സൂര്യപ്രകാശം വീണ്ടും ചന്ദ്രനിൽ പതിക്കുമ്പോൾ കൊടും തണുപ്പിനെ അതിജീവിച്ച് ലാൻഡറും റോവറും ഉണർന്നാൽ ഐ.എസ്.ആർ.ഒക്ക് അത് വൻ നേട്ടമാകും. ചന്ദ്രന്‍റെ മണ്ണിൽ വീണ്ടും 14 ദിവസം കൂടി ലാൻഡറിനും റോവറിനും പര്യവേക്ഷണം നടത്താൻ സാധിക്കും.
ചന്ദ്രനിലിറങ്ങിയ ലാൻഡറും റോവറും ദൗത്യത്തിന്‍റെ ഭാഗമായ എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയാണ് സെപ്റ്റംബർ മൂന്നിന് നിദ്രയിലായത്. ചന്ദ്രോപരിതലത്തിന് ഉയർന്ന താപപ്രതിരോധശേഷിയുണ്ടെന്ന് ലാൻഡറിലെ പരീക്ഷണോപകരണമായ ‘ചാസ്തെ’യും ചന്ദ്രോപരിതലത്തിൽ ‘സ്വാഭാവിക’ പ്രകമ്പനമുണ്ടെന്ന് ഇൽസയും ദക്ഷിണ ധ്രുവത്തിൽ പ്ലാസ്മ സാന്നിധ്യം കുറവാണെന്ന് ‘രംഭ’യും കണ്ടെത്തി. ചന്ദ്രനിൽ സൾഫറിന്റെ സാന്നിധ്യം റോവർ പരീക്ഷണത്തിലൂടെ സ്ഥിരീകരിച്ചു. കൂടാതെ, അലുമിനിയം, കാൽസ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം, മഗ്നീഷ്യം, സിലിക്കൺ, ഓക്സിജൻ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി.
ഇത് കൂടാതെ, മുൻ നിശ്ചയിക്കാത്ത ലാൻഡറിന്‍റെ കുതിച്ചുചാട്ട (കിക്ക്-സ്റ്റാർട്ട്) പരീക്ഷണവും വിജയകരമായി ഐ.എസ്.ആർ.ഒ നടത്തി. എൻജിൻ ജ്വലിപ്പിച്ച് ചന്ദ്രനിൽ ഇറങ്ങിയ ലാൻഡർ വീണ്ടും ഉയർന്ന് പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്തതായിരുന്നു പരീക്ഷണം. ലാൻഡറിന്‍റെ ‘കിക്ക്-സ്റ്റാർട്ട്’ ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ തിരികെ ഭൂമിയിൽ എത്തിക്കുന്നതിലും മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ദൗത്യത്തിലും നിർണായകമാകും.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്നും എൽ.വി.എം 3 റോക്കറ്റിൽ കുതിച്ചുയർന്നത്. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം. 40 ദിവസം കൊണ്ട് ആദ്യം ഭൂമിയുടെയും പിന്നീട് ചന്ദ്രന്‍റെയും ഭ്രമണപഥത്തിൽ ചന്ദ്രയാൻ മൂന്ന് വലംവെച്ചു. ഭൂമിയെ 17 ദിവസം വലംവച്ച പേടകം ലാം എൻജിന്‍ ജ്വലിപ്പിച്ച് അഞ്ച് തവണ ഭ്രമണപഥം വലുതാക്കി. ഇതോടെ ഭൂമിക്ക് 226 കിലോമീറ്റർ അടുത്തും 41,603 കിലോമീറ്റർ അകലെയുമായി വലംവെച്ചിരുന്ന പേടകത്തെ 1,27,609 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചു.
ഭൂമിയുടെ ഗുരുത്വാകർഷണ വലയം ഭേദിച്ച പേടകത്തെ ആഗസ്റ്റ് ഒന്നിന് ലിക്വുഡ് പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിപ്പിച്ച് ട്രാൻസ് ലൂണാർ ഓർബിറ്റിലേക്ക് മാറ്റി. തുടർന്നുള്ള നാലു ദിവസം ലൂണാർ ട്രാൻഫർ ട്രജക്ടറിയിലൂടെയായിരുന്നു പേടകത്തിന്‍റെ ചന്ദ്രനിലേക്കുള്ള യാത്ര. ചന്ദ്രന്‍റെ ഗുരുത്വാകർഷണ വലയത്തിൽ ആഗസ്റ്റ് അഞ്ചിനാണ് ചന്ദ്രയാൻ മൂന്ന് പ്രവേശിച്ചത്.
തുടർന്ന് 164 കിലോമീറ്റർ അടുത്തും 18074 കിലോമീറ്റർ അകലെയുമുള്ള ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പേടകം വലംവെക്കാൻ തുടങ്ങി. ഇതിനിടെ ചന്ദ്രന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ പേടകത്തിലെ കാമറ പകർത്തി. തുടർന്നുള്ള ദിവസങ്ങളിൽ ഘട്ടംഘട്ടമായി പേടകത്തിന്‍റെ ഭ്രമണപഥം താഴ്ത്തി. ഇതോടെ 17 ദിവസം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ വലംവെച്ച ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്‍റെ 153 കിലോമീറ്റർ അടുത്തെത്തി.
33 ദിവസങ്ങൾക്ക് ശേഷം ആഗസ്റ്റ് 17ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂൾ വേർപെട്ടു. തുടർന്ന് പ്രൊപ്പൽഷൻ മൊഡ്യൂൾ ഒറ്റക്ക് ചന്ദ്രനെ വലംവെക്കുന്നത് തുടരുകയും ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള ശ്രമവും തുടങ്ങി. ചന്ദ്രനിൽ ഇറങ്ങുന്നതിനായി ലാൻഡറിന്‍റെ വേഗത കുറക്കുന്ന ഡീ ബൂസ്റ്റിങ് പ്രക്രിയ ആഗസ്റ്റ് 18നും 20നും നടന്നു. ഇതോടെ ലാൻഡർ 25 കിലോമീറ്റർ അടുത്തും 134 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലെത്തി.
ആഗസ്റ്റ് 23ന് ഭ്രമണപഥത്തിൽ ചന്ദ്രന് ഏറ്റവും അടുത്തെത്തിയതോടെ ചന്ദ്രന് തിരശ്ചീനമായി സഞ്ചരിച്ച ലാൻഡർ മൊഡ്യൂളിനെ ത്രസ്റ്റർ എൻജിനുകൾ പ്രവർത്തിപ്പിച്ച് ലംബമാക്കി മാറ്റി. തുടർന്ന് മൊഡ്യൂളിലെ ത്രസ്റ്റർ എൻജിനുകൾ എതിർ ദിശയിൽ ജ്വലിപ്പിച്ച് വേഗം നിയന്ത്രിച്ച് ലാൻഡർ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് (മൃദു ഇറക്കം) നടത്തി.
സോഫ്റ്റ് ലാൻഡിങ്ങിന് പിന്നാലെ ലാൻഡറിൽ നിന്ന് റോബോട്ടിക് വാഹനമായ റോവർ പുറത്തുവരികയും ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.
2008ലും 2019ലും രണ്ട് ചാന്ദ്രാദൗത്യങ്ങൾക്ക് ഐ.എസ്.ആർ.ഒ നേതൃത്വം നൽകിയിട്ടുണ്ട്. 100 ശതമാനം വിജയമായിരുന്ന ചന്ദ്രയാൻ ഒന്ന് ദൗത്യത്തിലൂടെ ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ശാസ്ത്രലോകത്തിന് ലഭിച്ചു. സോഫ്റ്റ് ലാൻഡിങ് പരാജയം മാറ്റിനിർത്തിയാൽ 95 ശതമാനം വിജയമാണ് ചന്ദ്രയാൻ രണ്ട് ദൗത്യം സമ്മാനിച്ചത്. ചന്ദ്രന്‍റെ 100 കിലോമീറ്റർ ചുറ്റളവിൽ വലംവെച്ച ചന്ദ്രയാൻ രണ്ട് ഓർബിറ്റർ ചന്ദ്രന്‍റെ ഏറ്റവും ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.