ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ജൂലൈയിൽ
text_fieldsബംഗളൂരു: ചന്ദ്രയാൻ രണ്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതോടെ പര്യടനം സാധിക്കാതെ ദൗത്യം അവസാനിപ്പിക്കേണ്ടി വന്ന് നാലു വർഷങ്ങൾക്ക് ശേഷം ചന്ദ്രയാൻ മൂന്നുമായി ചന്ദ്രനിലേക്ക് തിരിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ജൂലൈയിൽ ചന്ദ്രയാൻ മൂന്ന് വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരിക്കും വിക്ഷേപണം.
പല തവണ നീട്ടിവെക്കപ്പെട്ടതാണ് ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം. ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ മാർക്ക്-മൂന്നിന്റെ (ജി.എസ്.എൽ.വി മാർക്ക്-മൂന്ന്) ചിറകിലേറിയാണ് ചാന്ദ്രയാന്റെ മൂന്നാം ദൗത്യം. ചന്ദ്രയാന്റെ യാത്രക്കുള്ള അവസാന വട്ട ഒരുക്കങ്ങൾ നടക്കുകയാണെന്നും ജൂലൈ പകുതിയോടെ വിക്ഷേപണത്തിന് സന്നദ്ധമാകുമെന്നുമാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.
2019ലാണ് ചന്ദ്രയാൻ രണ്ട് ദൗത്യം നടന്നത്. ഓർബിറ്ററും ലാൻഡറും റോവറുമായിരുന്നു രണ്ടാം ദൗത്യത്തിലെ ഭാഗങ്ങൾ. ചാന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി ലാൻഡർ നഷ്ടമായെങ്കിലും ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമാമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ചാന്ദ്രയാൻ മൂന്നാം ദൗത്യത്തിലും ഇതിന്റെ സേവനം ഉപയോഗപ്പെടുത്തും. രണ്ടാം ദൗത്യത്തിലെ ഓർബിറ്ററും പുതിയ ലാൻഡറും റോവറുമാണ് ചന്ദ്രയാൻ മൂന്നിൽ ഉപയോഗിക്കുക.
രണ്ടാം ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയതുമൂലം ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ചുള്ള റോവറിന്റെ പര്യവേക്ഷണം സാധ്യമായിരുന്നില്ല. ഇതിപ്പോഴും അവിടെയുണ്ടെന്നും എന്നാൽ, മൂന്നാം ദൗത്യത്തിനുള്ള റോവർ ഇതിന്റെ പകർപ്പല്ലെന്നും അതിന്റെ സാങ്കേതിക വിദ്യയിൽ മാറ്റമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ തവണത്തെ പോലെയുള്ള പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ മികവുറ്റ രീതിയിലാണ് പുതിയ റോവർ ഒരുക്കിയിരിക്കുന്നത്. ചന്ദ്രനിൽ തൊടുന്ന റോവിന്റെ കാലുകൾ ശക്തിയേറിയതാണ്.
സോഫ്റ്റ് ലാൻഡിന് സഹായിക്കുന്ന ലാൻഡറാണ് ആണ് ചന്ദ്രയാൻ മൂന്നിൽ പരീക്ഷിക്കുന്നത്. സോഫ്റ്റ് ലാൻഡിൽ പരാജയപ്പെട്ടതായിരുന്നു ചന്ദ്രയാൻ രണ്ടാം ദൗത്യം. ലൻഡിനു ശേഷം റോവർ ചാന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്തി ഉപരിതലത്തിലെ രാസവസ്തുക്കളെ കുറിച്ച് പഠിക്കും. ചാന്ദ്രോപരിതലത്തിലെ താപ ചാലകത, താപനില, ചന്ദ്രനിലെ ഭൂകമ്പം, പ്ലാസ്മ സാന്ദ്രത, അതിന്റെ വൈവിധ്യങ്ങൾ എന്നിവയെല്ലാം പഠിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.