ചന്ദ്രന്റെ ഉപരിതലത്തിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3; ഹൈഡ്രജന് വേണ്ടിയുള്ള പരീക്ഷണം തുടരുന്നു
text_fieldsബംഗളൂരു: ചന്ദ്രനിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ- മൂന്ന്. ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് വാഹനമായ പ്രഗ്യാൻ റോവറാണ് നിർണായക വിവരം കണ്ടെത്തിയത്. ചന്ദ്രനിൽ താരതമ്യേന അപൂർവ മൂലകമാണ് സൾഫർ. ദക്ഷിണധ്രുവത്തിൽ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയത് ഈ മേഖലയിലെ ഇരുണ്ട ഗർത്തങ്ങളിലെ ഹിമരൂപത്തിലൂള്ള ജലത്തിന്റെ സാന്നിധ്യം സംബന്ധിച്ച സുപ്രധാന വിവരങ്ങളിലേക്ക് പഠനങ്ങളെ നയിക്കും.
പ്രതീക്ഷിച്ചതുപോലെ അലുമിനിയം, കാൽസ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം, മഗ്നീഷ്യം, സിലിക്കൺ, ഓക്സിജൻ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയതായും ഹൈഡ്രജന്റെ സാന്നിധ്യം സംബന്ധിച്ച് പരീക്ഷണം തുടരുകയാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. റീഗോലിത്ത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം കണ്ടെത്തുന്നത് ആദ്യമായാണ്.
റോവറിലെ ലേസർ- ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപി (ലിബ്സ്) എന്ന പരീക്ഷണ ഉപകരണമാണ് ചന്ദ്രോപരിതലത്തിലെ മൂലകങ്ങളുടെ സാന്നിധ്യം സംബന്ധിച്ച പര്യവേക്ഷണത്തിലേർപ്പെട്ടിരിക്കുന്നത്. സൾഫറിന്റെ സാന്നിധ്യം കണ്ടെത്താനായത് ചന്ദ്രന്റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ചുള്ള പഠനങ്ങൾക്ക് വഴിതെളിച്ചേക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ- മൂന്ന് ദൗത്യത്തിലെ പരീക്ഷണോപകരണങ്ങൾ കണ്ടെത്തുന്ന പ്രാഥമിക വിവരങ്ങൾ കൂടുതൽ പഠനവിധേയമാക്കിയും വിശകലനം ചെയ്തുമാണ് ഐ.എസ്.ആർ.ഒ അന്തിമ നിഗമനത്തിലെത്തുക.
അതേസമയം, ചന്ദ്രയാൻ - മൂന്ന് ദൗത്യത്തിലെ ഏറ്റവും നിർണായകമായ ചിത്രം ബുധനാഴ്ച റോവർ പകർത്തി. മൃദു ഇറക്കം നടത്തിയ വിക്രം ലാൻഡറിന്റെ ചന്ദ്രോപരിതലത്തിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇന്ത്യൻ സമയം രാവിലെ 7.35നാണ് റോവറിലെ നാവിഗേഷൻ കാമറ ലാൻഡറിന്റെ ദൃശ്യം പകർത്തിയത്. ലാൻഡറിലെ പരീക്ഷണ ഉപകരണങ്ങളായ ചാസ്തെ, ഇൽസ എന്നിവ ചന്ദ്രപ്രതലത്തിൽ തൊട്ടുനിൽക്കുന്നത് ചിത്രത്തിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.