ചാന്ദ്രദൗത്യത്തിൽ വീണ്ടും സന്തോഷ വാർത്ത; ചന്ദ്രയാൻ മൂന്ന് പേടകം മൂന്നിൽ രണ്ട് ദൂരം പിന്നിട്ടു
text_fieldsബംഗളൂരു: ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നിൽ രണ്ട് ദൂരം ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി പിന്നിട്ടു. ചന്ദ്രാ ദൗത്യത്തിലെ സന്തോഷ വാർത്ത ഐ.എസ്.ആർ.ഒ ട്വീറ്റിലൂടെയാണ് ലോകത്തെ അറിയിച്ചത്.
ആഗസ്റ്റ് ഒന്നിന് പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലിക്വുഡ് പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിപ്പിച്ച് ട്രാൻസ് ലൂണാർ ഓർബിറ്റിലേക്ക് മാറ്റിയ പേടകം ലൂണാർ ട്രാൻഫർ ട്രജക്ടറിയിലൂടെയാണ് നിലവിൽ യാത്ര ചെയ്യുന്നത്. ആഗസ്റ്റ് അഞ്ചിന് വൈകിട്ട് ഏഴു മണിക്ക് ചന്ദ്രയാൻ മൂന്ന് ചന്ദ്രന്‍റെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിക്കും.
17 ദിവസം ഭൂമിയെ വലംവച്ച ശേഷമാണ് ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയർത്തിയാണ് ഭൂഗുരുത്വ വലയത്തിൽ നിന്ന് ചന്ദ്രയാന്‍ മൂന്ന് പുറത്തു കടന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരം 3,84,000 കിലോമീറ്ററാണ്.
ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ വലം വെക്കുന്ന പേടകവും ചന്ദ്രനും തമ്മിലുള്ള അകലം അഞ്ച് ഘട്ടങ്ങളിലായി കുറക്കും. 100 കിലോമീറ്റർ വൃത്താകൃതിയിലെ ഭ്രമണപഥത്തിൽ എത്തുന്നതോടെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെടും. തുടർന്ന് ചന്ദ്രന്‍റെ 100 കിലോമീറ്റർ അകലെയും 30 കിലോമീറ്റർ അടത്തുമുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന ലാൻഡറിന്‍റെ സോഫ്റ്റ് ലാൻഡിങ് ആഗസ്റ്റ് 23നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.