ചന്ദ്രയാൻ മൂന്ന് ഇന്ന് കുതിക്കും; വെല്ലുവിളികളേറെ...? -VIDEO
text_fieldsഓരോ ഇന്ത്യക്കാരന്‍റെയും സ്വപ്നം ചിറകിലേറ്റിയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്നും ജൂലൈ 14ന് ചന്ദ്രയാൻ മൂന്ന് കുതിച്ചുയരുന്നത്. എൽ.വി.എം 3 റോക്കറ്റാണ് പേടകത്തെ ബഹിരാകാശത്ത് എത്തിക്കുന്നത്. ആദ്യം ഭൂമിയുടെയും പിന്നീട് ചന്ദ്രന്‍റെയും ഭ്രമണപഥത്തിൽ 40 ദിവസം ചന്ദ്രയാൻ മൂന്ന് വലംവെക്കും. ആഗസ്റ്റ് 24നാണ് ദൗത്യത്തിന്‍റെ ഭാവി നിർണയിക്കുന്ന ലാൻഡറിന്‍റെ അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ്. എല്ലാം കൃത്യതയോടെ നടക്കുമെന്നും മൂന്നാം ദൗത്യത്തിൽ ഇന്ത്യ ചരിത്രം മാറ്റിയെഴുതുമെന്ന പ്രതീക്ഷയിലുമാണ് ശാസ്ത്രലോകം.
ചന്ദ്രയാൻ രണ്ടിൽ വിക്രം ലാൻഡറിനുണ്ടായ വീഴ്ചകൾ പരിഹരിച്ചാണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് ഐ.എസ്.ആർ.ഒ ഒരുങ്ങുന്നത്. ലാൻഡറിന്‍റെ ചന്ദ്രോപരിതലത്തിലെ സുരക്ഷിതമായ സോഫ്റ്റ് ലാൻഡിങ്, ചന്ദ്രന്‍റെ മണ്ണിലൂടെയുള്ള റോവറിന്‍റെ സഞ്ചാരം, ചന്ദ്രനിലെ രഹസ്യങ്ങൾ തേടിയുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾ എന്നിവയാണ് മൂന്നാം ദൗത്യത്തിലുള്ളത്.
ലാൻഡറും റോവറും പ്രൊപ്പൽഷൻ മൊഡ്യൂളും ഉൾപ്പെടുന്നതാണ് 3900 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ മൂന്ന് പേടകം. 26 കിലോയുള്ള റോവർ ഉൾപ്പെടെ 1752 കിലോയാണ് ലാൻഡറിന്‍റെ ആകെ ഭാരം. ചന്ദ്രയാൻ രണ്ടുമായി താരതമ്യം ചെയ്താൽ പരീക്ഷണ ഉപകരണങ്ങൾ കുറവായ പ്രൊപ്പൽഷൻ മൊഡ്യൂളിന്‍റെ ഭാരം 2148 കിലോഗ്രാമാണ്. 300 കോടി രൂപയാണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്‍റെ ആകെ ചെലവ്.
ചന്ദ്രയാൻ മൂന്നിൽ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ഉള്ളത്. ഇതിൽ നാലെണ്ണം ലാൻഡറിലും രണ്ടെണ്ണം റോവറിലും ഒരെണ്ണം പ്രൊപ്പൽഷൻ മൊഡ്യൂളിലുമാണ്. ചന്ദ്രനിലെ പ്ലാസ്മ സാന്ദ്രത നിർണയിക്കാനുള്ള റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പർസെൻസിറ്റീവ് അയണോസ്ഫിയർ ആൻഡ് അറ്റ്മോസ്ഫിയർ (രംഭ), ചന്ദ്രോപരിതലത്തിലെ ധ്രുവ പ്രദേശത്തിന്‍റെ താപനില പഠിക്കാനുള്ള ചന്ദ്ര സർഫേസ് തെർമോഫിസിക്കൽ എക്സ്പിരിമെന്‍റ് (ചാസ്തെ), ലാൻഡിങ് സൈറ്റിലെ ഭൂകമ്പ സാധ്യത അളക്കാനുള്ള ഇൻസ്ട്രമെന്‍റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി (ഇൽസ), നാസയിൽ നിന്നുള്ള ലേസർ റിട്രോ റിഫ്ലക്ടർ അറേ എന്നിവയാണ് ലാൻഡറിലുള്ളത്.
കൂടുതൽ ബലമുള്ള കാലുകളും വെലോസിറ്റിയും ചന്ദ്രനിൽ നിന്നുള്ള ഉയരവും നിർണയിക്കാനാവുന്ന മികവുറ്റ സെൻസറുകളും ചന്ദ്രയാൻ മൂന്നിന്‍റെ ലാൻഡറിലുണ്ട്. നാലെണ്ണമായി കുറച്ച് ലാൻഡറിലെ ത്രസ്റ്ററുകൾക്ക് കരുത്ത് കൂട്ടിയിട്ടുണ്ട്. സോഫ്റ്റ് വെയർ തകരാർ പരിഹരിച്ച് കൂടുതൽ മികവുറ്റതാക്കി. സെൻസറുകളുടെ കൃത്യതയും ലാൻഡറിന്‍റെ കാലുകളുടെ കരുത്തും തുടർച്ചയായ പരീക്ഷണത്തിലൂടെ ഉറപ്പുവരുത്തിയിട്ടുണ്ട്.
ചന്ദ്രനിലെ രാസഘടന പരിശോധിക്കാനുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പ് (LIBS), ചന്ദ്രനിലെ മൂലകഘടന നിർണയിക്കാനുള്ള ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (APXS) എന്നീ ഉപകരണങ്ങളാണ് റോവറിലുള്ളത്. ചന്ദ്രനെ വലംവെക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ഭൂമിയെയും പ്രവഞ്ചത്തെയും നിരീക്ഷിക്കാനുള്ള സ്പെക്ട്രോ-പോളറിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (SHAPE) ആണ് മറ്റൊരു ഉപകരണം.
ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരുന്ന എൽ.വി.എം 3 റോക്കറ്റ് ചന്ദ്രയാൻ മൂന്നിനെ ഭൂമിയുടെ ദീർഘ ഭ്രമണപഥത്തിലാണ് ആദ്യം എത്തിക്കുക. തുടർന്ന് ലിക്വുഡ് പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിപ്പിച്ച് ഭൂമിയെ വലംവക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ, ഭ്രമണപഥം വികസിപ്പിച്ച് ചന്ദ്രനിലേക്ക് നീങ്ങും. ചന്ദ്രന്‍റെ കാന്തികവലയത്തിൽ പ്രവേശിക്കുന്ന പേടകം 100 കിലോമീറ്റർ വൃത്താകൃതിയിലെ ഭ്രമണപഥത്തിലേക്ക് മാറും. ഭ്രമണപഥം ചെറുതാക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ, സോഫ്റ്റ് ലാൻഡിങ്ങിനായി ചന്ദ്രന്‍റെ 30 കിലോമീറ്റർ അടുത്തേക്ക് ലാൻഡറിനെ എത്തിക്കും.
പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ട ലാൻഡർ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനുള്ള ശ്രമം തുടങ്ങും. ഇതിനായി വെലോസിറ്റി കുറക്കാൻ ലാൻഡറിലെ നാല് ത്രസ്റ്ററുകൾ എതിർദിശയിലേക്ക് പ്രവർത്തിക്കും. കൂടുതൽ ചന്ദ്രനോട് അടുത്തെത്തുന്ന ലാൻഡർ നാലു കാലുകൾ ഉപയോഗിച്ച് സോഫ്റ്റ് ലാൻഡിങ് ചെയ്യും. ചന്ദ്രന്‍റെ ഉപരിതലത്തിൽ തൊടുന്ന ലാൻഡറിലെ റാംപിലൂടെ ആറു ചക്രങ്ങളുള്ള റോവർ ഉരുണ്ടിറങ്ങും. ചന്ദ്രനിൽ നിന്ന് ലാൻഡറും റോവറും ശേഖരിക്കുന്ന വിവരങ്ങൾ ലാൻഡർ ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിന് കൈമാറും.
14 ഭൗമദിനത്തിന് സമാനമായ ഒരു ചാന്ദ്രദിനത്തിലാണ് ലാൻഡറും റോവറും ചന്ദ്രന്‍റെ ഉപരിതലത്തിൽ പരീക്ഷണം നടത്തുക. സൗരോർജത്തിൽ 738 വാട്ട്സിലും 50 വാട്ട്സിലും പ്രവർത്തിക്കുന്ന ലാൻഡറിന്‍റെയും റോവറിന്‍റെയും ആയുസ് ഒരു ചാന്ദ്രദിനം മാത്രമാണ്. ചന്ദ്രയാൻ ഒന്നിനും ചന്ദ്രയാൻ രണ്ടിനും ശേഷം ചന്ദ്രയാൻ മൂന്നിൽ എത്തുമ്പോൾ ചാന്ദ്രപര്യവേക്ഷണത്തിൽ സമ്പൂർണ വിജയം നേടുകയാണ് ഐ.എസ്.ആർ.ഒയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.