ചന്ദ്രയാൻ വീണ്ടും ഉദിക്കുമോ... ഇന്നറിയാം
text_fieldsബംഗളൂരു: ദൗത്യത്തിന്റെ ലക്ഷ്യം പൂർത്തിയായെങ്കിലും ഉറക്കമുണർന്ന് ചന്ദ്രയാൻ പേടകം വീണ്ടും പ്രവർത്തനസജ്ജമാകുമോ...? കാത്തിരിപ്പിലാണ് ഇന്ത്യ. 14 ദിവസം നീണ്ട രാത്രിക്ക് ശേഷം ചന്ദ്രനിൽ സൂര്യൻ ഉദിച്ചിട്ടുണ്ട്. പേടകം വീണ്ടും പ്രവർത്തിച്ചുതുടങ്ങുമോ എന്ന് വെള്ളിയാഴ്ചയോടെ അറിയാനാകുമെന്നാണ് ഐ.എസ്.ആർ.ഒയുടെ കണക്കുകൂട്ടൽ.
ചന്ദ്രനിൽ രാത്രിയായതോടെ 15 ദിവസം മുമ്പാണ് പേടകത്തിലെ ലാൻഡറിനെയും റോവറിനെയും നിദ്രയിൽ (സ്ലീപ്പിങ് മോഡ്) ആക്കിയത്. താപനില മൈനസ് 200 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള ചാന്ദ്രരാത്രികളെ അതിജീവിക്കാൻ സാധിക്കില്ലെന്നാണ് കരുതുന്നതെങ്കിലും വീണ്ടും പ്രവർത്തിച്ചാൽ ചന്ദ്രനിൽ വീണ്ടും 14 ദിവസം കൂടി പര്യവേക്ഷണം നടത്താൻ കഴിയും.
സൂര്യപ്രകാശം ലഭിക്കുന്നതോടെ സോളാർ പാനലിലൂടെ ലാൻഡറിന്റെയും റോവറിന്റെയും ബാറ്ററികൾ വീണ്ടും ചാർജാകും. ഭൂമിയിലെ 14 ദിവസങ്ങൾക്ക് സമാനമായ സൂര്യപ്രകാശമുള്ള ഒരു ചാന്ദ്രദിവസമാണ് ലാൻഡറും റോവറും ചന്ദ്രനിൽ പര്യവേക്ഷണം നടത്തിയത്. തുടർന്ന് രാത്രി തുടങ്ങിയതോടെ ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കാനായി സെപ്റ്റംബർ മൂന്നിനാണ് നിദ്രയിലേക്ക് മാറിയത്. അതിനകം എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് വിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.