ചന്ദ്രയാന്‍റെ സോഫ്റ്റ് ലാൻഡിങ്; രാജ്യം മുൾമുനയിൽ നിന്ന 19 മിനിറ്റ്
text_fieldsഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്നിൽ ഏറ്റവും നിർണായകമായത് റോവർ ഉള്ളിലുള്ള ലാൻഡർ സോഫ്റ്റ് ലാൻഡിങ് ചെയ്ത അവസാന 19 മിനിറ്റുകളാണ്. ചന്ദ്രയാൻ രണ്ടിൽ സോഫ്റ്റ് ലാൻഡിങ് നടത്തവെ ചന്ദ്രോപരിതലത്തിൽ നിന്ന് രണ്ട് കിലോമീറ്റർ മുകളിൽ വെച്ചാണ് ബന്ധം നഷ്ടപ്പെട്ട് പേടകം ഇടിച്ചിറങ്ങിയത്. ചന്ദ്രയാൻ രണ്ടിലെ തകരാറുകൾ പരിഹരിച്ചാണ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ ചന്ദ്രയാൻ മൂന്നിന് രൂപം നൽകിയത്.
റഫ് ബ്രേക്കിങ് ഫേസ്, ആൾട്ടിട്ട്യൂഡ് ഹോൾഡ് ഫേസ്, ഫൈൻ ബ്രേക്കിങ് ഫേസ്, ടെർമിനൽ ഡിസെന്‍റ് ഫേസ് എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് സോഫ്റ്റ് ലാൻഡിങ് പ്രക്രിയ. ചന്ദ്രന് 25 കിലോമീറ്റർ അകലെവെച്ച് ലാം എൻജിൻ പ്രവർത്തിപ്പിച്ച് സെക്കൻഡിൽ 1.8 കിലോമീറ്റർ നിന്ന് സെക്കൻഡിൽ 358 മീറ്ററിലേക്ക് വേഗത കുറച്ച് പേടകത്തെ എത്തിക്കും. 690 സെക്കൻഡ് കൊണ്ട് 13.5 കിലോമീറ്റർ ദൂരം പേടകം മറികടക്കും. ഈ സമയം പേടകം ചന്ദ്രന് 7.4 കിലോമീറ്റർ അടുത്തെത്തും.
ആൾട്ടിട്ട്യൂഡ് ഹോൾഡ് ഫേസിൽ എൻജിന്‍റെ വേഗത നിയന്ത്രിച്ച് വേഗത സെക്കൻഡിൽ 336 മീറ്ററിൽ എത്തും. 10 സെക്കൻഡ് നീളുന്ന ഈ ഘട്ടത്തിൽ ലാൻഡർ 6.8 കിലോമീറ്റർ ഉയരത്തിലെത്തും.
ഫൈൻ ബ്രേക്കിങ് ഫേസിൽ 175 സെക്കൻഡുകൾ കൊണ്ട് 28.52 കിലോമീറ്റർ മറികടന്ന് ലാൻഡിങ് ചെയ്യുന്ന സ്ഥലത്തിന്‍റെ മുകളിൽ പേടകം എത്തും. ചന്ദ്രന്‍റെ ഉപരിതലത്തിൽ നിന്ന് 1.3 കിലോമീറ്ററിനും 800 മീറ്ററിനും ഇടയിലുള്ള ഉയരത്തിൽ എത്തുമ്പോൾ 12 സെക്കൻഡ് പേടകത്തെ നിലനിർത്തും. തുടർന്നാണ് ലാൻഡർ ഇറങ്ങുക.
131 സെക്കൻഡ് കൊണ്ട് പേടകം ഇറങ്ങാനുള്ള സ്ഥലത്തിന് 150 മീറ്റർ ഉയരത്തിലെത്തും. ഇവിടെ 22 സെക്കൻഡ് പേടകത്തെ നിലനിർത്തും. ഇവിടെവെച്ച് സെൻസറുകളുടെയും കാമറകളുടെയും സഹായത്തിൽ നിരീക്ഷണം നടത്തി ലാൻഡറിലെ സോഫ്റ്റ്‍വെയർ സംവിധാനം ഇറങ്ങേണ്ട സ്ഥലം അന്തിമമായി തീരുമാനിക്കും. ഇവിടെ ഇറങ്ങാൻ സാധിക്കില്ലെങ്കിൽ 150 മീറ്റർ ചന്ദ്രന്‍റെ ഉപരിതലത്തിൽ സഞ്ചരിച്ച് ലാൻഡർ ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്തും.
തുടർന്ന് 77 സെക്കൻഡ് കൊണ്ട് ചന്ദ്രന്‍റെ 10 മീറ്റർ ഉയരത്തിൽ ലാൻഡർ എത്തും. എൻജിൻ ഓഫ് ചെയ്ത് ഒമ്പതാം സെക്കൻഡിൽ ലാൻഡർ ചന്ദ്രനിൽ ഇറങ്ങും. ഈ സമയത്ത് ലാൻഡറിന്‍റെ വേഗത സെക്കൻഡിൽ രണ്ട് മീറ്ററായിരിക്കും.
ഈ നാല് ഘട്ടങ്ങളിലൂടെ കടന്നു പോയാണ് ചന്ദ്രയാൻ പേടകം വിജയകരമായി ലാൻഡിങ് നടത്തിയത്. കൂടാതെ, ചന്ദ്രന് 150 മീറ്റർ ഉയരത്തിലെത്തിയ പേടകം അവിടെ സെൻസറുകളും കാമറകളും ഉപയോഗിച്ച് നിരീക്ഷണം നടത്തിയ ശേഷം ഉചിതമല്ലെന്ന് വിലയിരുത്തി 150 മീറ്റർ മാറിയാണ് പുതിയ സ്ഥലത്താണ് ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.