ചൊവ്വയിലുള്ള ചൈനയുടെ ജുറോങ് റോവറിന് അനക്കമില്ല; ചിത്രങ്ങളുമായി നാസ
text_fields2021 മെയ് മാസത്തിൽ ചൊവ്വാഗ്രഹത്തിന്‍റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങിയ ചൈനയുടെ ജുറോങ്ങ് റോവറിനെ കുറിച്ച് സുപ്രധാന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായി ടിയാൻവെൻ-1 ബഹിരാകാശ പേടകത്തിലായിരുന്നു ചൈന ജുറോങ്ങ് റോവര്‍ വിക്ഷേപിച്ചത്. എന്നാൽ, കഴിഞ്ഞ ആറ് മാസക്കാലമായി ജുറോങ് പേടകത്തിന് അനക്കമില്ലെന്ന് നാസ അറിയിച്ചു.
പുതുതായി പുറത്തുവിട്ട ചിത്രങ്ങളിലൂടെയാണ് നാസ ഇക്കാര്യം വെളിപ്പെടുത്തിയത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന റോവർ 2021 മുതൽ ലാൻഡിങ് സൈറ്റിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ. നാസയുടെ മാർസ് റിക്കണൈസൻസ് ഓർബിറ്റർ എടുത്ത ടൈം സീരീസ് പ്രകാരം 2022 സെപ്റ്റംബറിനും 2023 ഫെബ്രുവരിക്കും ഇടയിൽ ചൈനയുടെ ജുറോങ് റോവർ ചുവന്ന ഗ്രഹത്തിൽ നിശ്ചലമായിരുന്നു. ചൊവ്വയുടെ ഉത്തരമേഖലയിലെ പൊടിക്കാറ്റാകാം റോവറിന്റെ പ്രവർത്തനത്തെ ബാധിച്ചതെന്നാണ് കരുതുന്നത്.
നാസയുടെയും അരിസോണ സർവകലാശാലയിലെയും ഗവേഷകർ പ്രവർത്തിക്കുന്ന ഓർബിറ്ററിലെ ഹൈ റെസല്യൂഷൻ ഇമേജിങ് സയൻസ് എക്‌സ്‌പെരിമെന്റ് (HiRISE) ക്യാമറയാണ് റോവറിന്റെ നിശ്ചലമായ സ്ഥാനം വെളിപ്പെടുത്തിയത്.
അതേസമയം, ജുറോങ് റോവറിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ഗവേഷകരും പ്രതികരിച്ചിട്ടില്ല. ഡിസംബറിൽ പേടകം വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും റോവറിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചൈനീസ് അധികൃതർ മൗനം തുടരുകയാണെന്ന് സ്പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ടിയാൻവെൻ 1 ഓർബിറ്ററും ജുറോങ് റോവറും ഇതിനകം തന്നെ പ്രാഥമിക ദൗത്യങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്.
ജീവന്റെ തുടിപ്പുകൾ തേടി ചൊവ്വയുടെ ഉട്ടോപ്യ, പ്ലാനിഷ്യ മേഖലയിലേക്കായിരുന്നു ചൈന റോവർ അയച്ചത്. റോവർ ചുവന്ന ഗ്രഹത്തിന്റെ ഭൂപ്രകൃതിയെ കുറിച്ച് പഠിക്കുകയും മണ്ണ് പരിശോധിക്കുകയും അവിടുത്തെ കാലാവസ്ഥ നിരീക്ഷിച്ച് ഡേറ്റ കൈമാറുകയുമൊക്കെ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.