കൂടുതൽ മഴ പെയ്യിക്കാൻ ക്ലൗഡ് സീഡിങ്; ഗവേഷണ വിമാനം ആദ്യപറക്കൽ നടത്തി
text_fieldsയാംബു: സൗദി അറേബ്യയിൽ മഴ വർധിപ്പിക്കാനുള്ള ‘റീജനൽ ക്ലൗഡ് സീഡിങ് പ്രോഗ്രാം’ (മേഘങ്ങളിൽ മഴവിത്ത് വിതരണം) ഗവേഷണത്തിനും കാലാവസ്ഥ പഠനത്തിനുമായി തയാറാക്കിയ വിമാനത്തിന്റെ ആദ്യ പറക്കൽ ആരംഭിച്ചു.
തെക്കൻ സൗദി അറേബ്യയിലെ അൽബാഹ, അസീർ എന്നീ പ്രവിശ്യകളിലേക്കാണ് റാബിഖിൽനിന്ന് വിമാനം പുറപ്പെട്ടത്. വിവിധ ഉയരങ്ങളിൽനിന്നുള്ള കാലാവസ്ഥ വിവരങ്ങൾ ശേഖരിക്കാനാണ് ഗവേഷണ വിമാനം ലക്ഷ്യമിടുന്നത്. അന്തരീക്ഷ മൂലകങ്ങൾ അളക്കുന്നതിനുള്ള പ്രത്യേക സെൻസറുകൾ പോലെയുള്ള ഏറ്റവും പുതിയ ആധുനിക സാങ്കേതിക വിദ്യകൾ വിമാനത്തിലുണ്ട്.
അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയാണ് ‘ക്ലൗഡ് സീഡിങ്’. മഴ പെയ്യാൻ വേണ്ടി മേഘങ്ങളിൽ രാസപദാർഥങ്ങൾ ഉപയോഗിച്ച് നടക്കുന്ന സൂക്ഷ്മഭൗതിക പ്രവർത്തനങ്ങൾ ഒരുക്കിയാണ് പരീക്ഷണങ്ങൾ നടത്തുന്നത്. ‘ക്ലൗഡ് സീഡിങ്’ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വിലയിരുത്താനും നിലവാരം ഉയർത്താനും ശ്രമിക്കുന്ന ആദ്യ ഗവേഷണമാണ് ഇപ്പോൾ നടക്കുന്നത്.
വിമാനം ഗവേഷണ മേഖലയുമായി ബന്ധപ്പെട്ടതാണെന്നും താപനില, കാറ്റിന്റെ വേഗം തുടങ്ങിയ നിരവധി കാര്യങ്ങൾക്കായി കാലാവസ്ഥ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും റീജനൽ ക്ലൗഡ് സീഡിങ് പ്രോഗ്രാം എക്സിക്യൂട്ടിവ് ഡയറക്ടർ അയ്മൻ ബാർ പറഞ്ഞു.
ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾക്ക് മുമ്പും ശേഷവും ശാസ്ത്രീയ ഗവേഷണത്തിനായി ഉപയോഗിക്കുന്ന മേഘത്തെ നിർമിക്കുന്ന ജലകണങ്ങളുടെ വിതരണം അളക്കുന്നതിനുള്ള ഗവേഷണം ആദ്യഘട്ടത്തിൽ നടക്കും. രാജ്യത്തെ പൊതുവേ ഉയരം കൂടിയ പ്രദേശങ്ങളിൽ കാണുന്ന മേഘങ്ങളെ കുറിച്ച് മനസ്സിലാക്കാൻ വിമാനം ശേഖരിക്കുന്ന വിവരങ്ങൾ ശാസ്ത്രസംഘം വിശകലനം ചെയ്യും.
രാജ്യത്ത് മഴ വർധിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾക്ക് വേണ്ടിയുള്ള ക്ലൗഡ് സീഡിങ് രീതികളുടെ കാര്യക്ഷമത എത്രത്തോളം ഫലപ്രദമാകുമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തും. പ്രവർത്തനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനും മഴയുടെ തോതും വർധിപ്പിക്കുന്നതിനും പുതിയ ഗവേഷണം ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾക്കായി ഒരുക്കിയ നാല് വിമാനങ്ങളിലൊന്നാണ് ഗവേഷണ സംഘവുമായി കഴിഞ്ഞ ദിവസം പറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.