കല്ലുമ്മക്കായയുടെ ജനിതകരഹസ്യം കണ്ടെത്തി സി.എം.എഫ്.ആർ.ഐ
text_fieldsകൊച്ചി: കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). ക്രോമസോം തലത്തിൽ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം സി.എം.എഫ്.ആർ.ഐ വിജയകരമായി പൂർത്തിയാക്കി. നേരത്തേ, മത്തിയുടെ ജനിതകഘടനയും സി.എം.എഫ്.ആർ.ഐ കണ്ടെത്തിയിരുന്നു. സി.എം.എഫ്.ആർ.ഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജനിതക ശ്രേണീകരണം നടത്തിയത്.
ജലകൃഷി രംഗത്ത് കേരളത്തിലടക്കം ഏറെ വാണിജ്യ-പ്രാധാന്യമുള്ളതാണ് കല്ലുമ്മക്കായ കൃഷി. അവയുടെ വളർച്ച, പ്രത്യുൽപാദനം, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ജനിതകവിവരങ്ങളാണ് കണ്ടെത്തിയത്. കല്ലുമ്മക്കായ ഉൽപാദനം കൂടാൻ ഇത് വഴിതുറക്കുമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. പരാദരോഗങ്ങളാണ് കല്ലുമ്മക്കായ കൃഷിക്ക് ഏറ്റവും വലിയ ഭീഷണി. ജനിതകഘടന വിശദമായി മനസ്സിലാക്കുന്നതിലൂടെ ഇവ പ്രതിരോധിക്കാൻ കഴിഞ്ഞേക്കും.
അർബുദവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് ഉപകരിക്കുന്ന പുതിയ മാതൃക ജീവിവർഗമായി കല്ലുമ്മക്കായയെ പ്രയോജനപ്പെടുത്താനുള്ള സാധ്യത തുറന്നിടുന്നതാണ് പഠനമെന്ന് ഡോ. സന്ധ്യ സുകുമാരൻ പറഞ്ഞു.
അർബുദ പ്രതിരോധശേഷിയുള്ളത് ഉൾപ്പെടെ കല്ലുമ്മക്കായയിലെ മൊത്തം 49,654 പ്രോട്ടീൻ കോഡിങ് ജീനുകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. നേച്ചർ ഗ്രൂപ്പിന്റെ സയന്റിഫിക് ഡേറ്റ ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. ഡോ. എ. ഗോപാലകൃഷ്ണൻ, വി.ജി. വൈശാഖ്, ഡോ. വിൽസൺ സെബാസ്റ്റ്യൻ, ഡോ. ലളിത ഹരി ധരണി, ഡോ. അഖിലേഷ് പാണ്ഡെ, ഡോ. അഭിഷേക് കുമാർ, ഡോ. ജെ.കെ. ജെന എന്നിവരും ഗവേഷണത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.