രണ്ട് പുതിയ മീനുകളെ കണ്ടെത്തി സി.എം.എഫ്.ആർ.ഐ ഗവേഷണ വിദ്യാർഥി
text_fieldsചങ്ങനാശ്ശേരി സ്വദേശി ടോജി തോമസാണ് കണ്ടെത്തലിനുപിന്നിൽ
ചങ്ങനാശ്ശേരി: കോലാൻ ഇനത്തിൽപെട്ട രണ്ട് പുതിയ മീനുകളെ കണ്ടെത്തി മലയാളി ഗവേഷകൻ. ചങ്ങനാശ്ശേരി സ്വദേശിയും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) ഗവേഷണ വിദ്യാർഥിയുമായ ടോജി തോമസാണ് മീനുകളുടെ കണ്ടുപിടിത്തത്തിനുപിന്നിൽ. റീജനൽ സ്റ്റഡീസ് ഇൻ മറൈൻ ബയോളജി എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.
തന്റെ പൂർവ കലാലയമായ ചങ്ങനാശ്ശേരി സെന്റ് ബെർക്കുമാൻസ് കോളജിന്റെയും അവിടത്തെ സുവോളജി വിഭാഗം മുൻ മേധാവിയും വഴികാട്ടിയുമായ ഡോ. ജോസ് പി. ജേക്കബിെന്റയും പേരുകൾ സമന്വയിപ്പിച്ച് ഒരു മീനിന് ‘അബ്ലെന്നെസ് ജോസ്ബർക്മെൻസിസ്’ എന്നും രണ്ടാമത്തെ മീനിന് ‘അബ്ലെന്നെസ് ഗ്രേസാലി’ എന്നുമാണ് പേര് നൽകിയിരിക്കുന്നത്.
ചങ്ങനാശ്ശേരി പാറേൽ പള്ളി ഇടവകയിലെ കല്ലുകളം കുടുംബാംഗമായ തോമസ്-ഗ്രേസി ദമ്പതികളുടെ മകനായ ടോജി തന്റെ ഗവേഷണത്തിന് ഏറെ പിന്തുണ നൽകിയ അമ്മ ഗ്രേസിയുടെ പേരും അലീന എന്ന സുഹൃത്തിെന്റ പേരും സമന്വയിപ്പിച്ചാണ് ‘അബ്ലെന്നെസ് ഗ്രേസാലി’ എന്ന പേരിട്ടത്. കണ്ടെത്തിയ മീനുകൾ പൊതുവെ നീഡിൽ ഫിഷ് എന്നാണ് അറിയപ്പെടുന്നത്. അതിൽ തന്നെ ഷോർട്ട് ഫിൻ ഫ്ലാറ്റ് നീഡിൽ ഫിഷ് എന്നും ലോങ് ഫിൻ ഫ്ലാറ്റ് നീഡിൽ ഫിഷ് എന്നും ഇവ അറിയപ്പെടുന്നു. ഇന്ത്യയുടെ വിവിധ തീരങ്ങളിൽ നിന്ന് ടോജി തോമസ് ശേഖരിച്ച സാമ്പിളുകളിൽ അദ്ദേഹവും ഗൈഡും പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. ഇ.എം. അബ്ദുൽ സമദ്, റിസർച് സ്കോളേഴ്സായ ഡോ. ഷിജിൻ അമേരി, ബദറുൽ സിജാദ്, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ഡോ. സജികുമാർ കെ.കെ എന്നിവരുൾപ്പെട്ട ശാസ്ത്ര സംഘമാണ് വർഗീകരണ-ജനിതക പഠനം നടത്തിയത്. പുതിയ മീനുകൾ കൂടുതലായും ലഭിക്കുന്നത് തൂത്തുക്കൂടി, മണ്ഡപം, അന്തമാൻ-നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ്. ബംഗാൾ ഉൾക്കടൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ ഈയിനം ധാരാളമായി കാണപ്പെടുന്നുണ്ട്. ബംഗ്ലാദേശ്, ചൈന, ഇന്തോനേഷ്യ, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ മീനിന്റെ ജനിതക പഠന റിപ്പോർട്ടുകളുണ്ടെങ്കിലും അതിനെ അബ്ലെന്നെസ് ഹയാൻസ് എന്ന ഒറ്റ ഗണത്തിലാണ് പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.