ചാന്ദ്രയാൻ-മൂന്ന് വിക്ഷേപണം നാളെ; കൗണ്ട് ഡൗൺ ഇന്ന് ഉച്ചയോടെ തുടങ്ങും
text_fieldsബംഗളൂരു: ഐ.എസ്.ആർ.ഒയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ -മൂന്നിന്റെ വിക്ഷേപണത്തിനായുള്ള 26 മണിക്കൂർ നീളുന്ന കൗണ്ട്ഡൗണിന് ഇന്ന് ഉച്ചക്ക് 1.05ന് തുടക്കമാകും. 14ന് ഉച്ചക്ക് 2.35ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് വിക്ഷേപണ വാഹനമായ എൽ.വി.എം-3 എം 4 കുതിക്കും.
വിക്ഷേപണവുമായി മുന്നോട്ട് പോകാൻ ലോഞ്ച് ഓതറൈസേഷൻ ബോർഡ് അനുമതി നൽകി. ജൂലൈ 13ന് വിക്ഷേപിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ചന്ദ്രനിൽ പേടകം ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ആഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതോടെ അതിനനുസരിച്ച് വിക്ഷേപണ തീയതിയിലും മാറ്റം വരുത്തുകയായിരുന്നു. വിക്ഷേപണം കഴിഞ്ഞ് നാൽപ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക.
ചന്ദ്രനിൽ കറങ്ങി നടന്ന് പര്യവേക്ഷണത്തിന് സഹായിക്കുന്ന റോവർ, റോവറിനെ ചന്ദ്രനിലിറക്കാൻ സഹായിക്കുന്ന ലാൻഡർ, ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥത്തിലെത്തിക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയടങ്ങുന്നതാണ് ചാന്ദ്രയാൻ -3 ദൗത്യം. ചാന്ദ്രയാൻ -2 ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയതിനെ തുടർന്ന് ദൗത്യം പരാജയപ്പെട്ടെങ്കിലും ഇതിന്റെ ഓർബിറ്റർ പ്രവർത്തനക്ഷമമാണ്. പുതിയ ദൗത്യത്തിനും ഈ ഓർബിറ്ററിന്റെ സേവനം തന്നെ ഉപയോഗപ്പെടുത്തും.
കഴിഞ്ഞ ദൗത്യത്തിലെ വീഴ്ചകൾ പരിഹരിച്ചതിനാൽ ഇത്തവണ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്താനാവുമെന്നാണ് ഐ.എസ്.ആർ.ഒയുടെ പ്രതീക്ഷ. ചാന്ദ്രയാൻ -2ന്റെ യാത്രാപഥത്തിലൂടെ തന്നെ സഞ്ചരിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറിനെ ഇറക്കുകയാണ് ലക്ഷ്യം. 3900 കിലോയാണ് പേടകത്തിന്റെ ആകെ ഭാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.