ക്വാണ്ടം ഡോട്ട് വികസനത്തിന് രസതന്ത്ര നൊബേൽ
text_fieldsസ്റ്റോക്ഹോം: നാനോ ടെക്നോളജി രംഗത്ത് ക്വാണ്ടം ഡോട്ടുകൾ വികസിപ്പിച്ച മൂന്നു യു.എസ് ശാസ്ത്രകാരൻമാർക്ക് രസതന്ത്ര നൊബേൽ. ടെലിവിഷനിലും എൽ.ഇ.ഡി ലൈറ്റുകളിലും തുടങ്ങി അർബുദകോശങ്ങളെ വേറിട്ടുകാണാനുള്ള വെളിച്ചം പകരുന്നതുവരെയുള്ള നിരവധി നേട്ടങ്ങൾക്കു നിദാനമായ ക്വാണ്ടം ഡോട്ടുകളെന്ന ചെറുകണങ്ങൾ വികസിപ്പിച്ചതിനാണ് പുരസ്കാരം. മൗംഗി ബവെൻഡി (63), ലൂയിസ് ബ്രൂസ് (80), അലെക്സി എകിമോവ് (78)എന്നിവർക്കാണ് ഈ വർഷത്തെ രസതന്ത്ര നൊബേലെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് മാൻസ് എല്ലിഗ്രെൻ ബുധനാഴ്ച സ്റ്റോക്ഹോമിൽ അറിയിച്ചു. പുരസ്കാര തുകയായ 1.10 കോടി സ്വീഡിഷ് ക്രോണ (8.32 കോടി രൂപ) മൂവർക്കുമായി പങ്കുവെക്കും.
ഇലക്ട്രോണുകൾക്ക് പരിമിത ചലനമുള്ള ചെറിയ കണങ്ങളാണ് ക്വാണ്ടം ഡോട്ടുകൾ. എൽ.ഇ.ഡി ഡിസ്പ്ലേ അടക്കം വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഇവ ഉപയോഗിക്കുന്നു. എൺപതുകളിൽ ആരംഭിച്ച ഗവേഷണങ്ങളിലൂടെ, യു.എസിലെ നാനോ ക്രിസ്റ്റൽസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞനായ അലെക്സി എകിമോവ് ആണ് ക്വാണ്ടം ഡോട്ട്സ് എന്ന പ്രതിഭാസം ആദ്യമായി അവതരിപ്പിച്ചത്.
ഇതിന് തുടർച്ചയായി കൊളംബിയ സർവകലാശാലയിലെ ലൂയിസ് ബ്രൂസും പിന്നാലെ എം.ഐ.ടിയിലെ മൗംഗിയും ഗവേഷണം മുന്നോട്ടുകൊണ്ടുപോയി. മൗംഗിയുടെ ഇടപെടലാണ് ക്വാണ്ടം ഡോട്ടുകളുടെ വലിയ രൂപത്തിലുള്ള ഉൽപാദനത്തിനും അവയുടെ വ്യാപക ഉപയോഗത്തിനും വഴിതെളിച്ചത്. നാനോ ടെക്നോളജിയിൽ പുതിയ വിപ്ലവം സൃഷ്ടിച്ച കണ്ടെത്തലാണ് ഇവർ നടത്തിയതെന്നും അക്കാദമി അഭിപ്രായപ്പെട്ടു. പുരസ്കാരത്തുക ഇത്തവണ 10 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ 18 കാരറ്റ് സ്വർണമെഡലും ഉണ്ടാകും.
ഇതിനിടെ, അക്കാദമി പ്രഖ്യാപിക്കുന്നതിനുമുമ്പേ രസതന്ത്ര നൊബേൽ പുരസ്കാര ജേതാക്കളുടെ പേരുകൾ സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അസാധാരണ സംഭവമായി. അജ്ഞാതമായ കാരണങ്ങളാൽ വാർത്താക്കുറിപ്പ് ഇറങ്ങിയെന്നും ഇതിൽ ഖേദിക്കുന്നുവെന്നും അക്കാദമി സെക്രട്ടറി ജനറൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.