ചൊവ്വയിലെ ദുരൂഹ വാതിൽ അന്യഗ്രഹ ജീവികളുടേതോ? നാസ വ്യക്തമാക്കുന്നത് ഇങ്ങനെ
text_fieldsചൊവ്വാ ഗ്രഹത്തിൽ ദുരൂഹമായൊരു വാതിൽ കണ്ടെത്തിയെന്നും ഇത് അന്യഗ്രഹ ജീവികളുടെ സങ്കേതത്തിലേക്ക് തുറക്കുന്നതാണെന്നുമുള്ള ചർച്ചകൾ അന്യഗ്രഹ ജീവികളുണ്ടെന്ന് വിശ്വസിക്കുന്ന 'ഏലിയന്‍ കോണ്‍സ്പിരന്‍സി' വിഭാഗക്കാർക്കിടയിൽ ശക്തമാണ്. 10 വർഷമായി ചൊവ്വയിൽ പര്യവേക്ഷണം നടത്തുന്ന നാസയുടെ ക്യൂരിയോസിറ്റി റോവർ പകർത്തിയ ചിത്രത്തിലാണ് പാറയിടുക്കിലെ ദുരൂഹമായ വാതിൽ പ്രത്യക്ഷപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് ഈ വാതിൽ വഴിതുറക്കുകയും ചെയ്തു.
ചൊവ്വയിലെ ഈസ്റ്റ് ക്ലിഫ് എന്ന് പേരിട്ട മേഖലയിൽ നിന്ന് മേയ് ഏഴിന് ക്യൂരിയോസിറ്റി പകർത്തിയ ചിത്രത്തിലാണ് വാതിലിന് സമാനമായ ഒരു കവാടത്തിന്‍റെ രൂപമുള്ളത്. പാറയുടെ ഒരു വശം കൃത്യമായി വെട്ടി ഉള്ളിലേക്ക് തുറന്നിരിക്കുന്ന വിധത്തിലാണ് വാതിൽ കാണുന്നത്.
ചിത്രം പുറത്തുവന്നതോടെ വ്യാപക പ്രചാരണമാണ് ലഭിച്ചത്. അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ചർച്ചകൾക്ക് ഈ വാതിൽ കൂടുതൽ ദുരൂഹതയേകി. അന്യഗ്രഹ ജീവികളുടെ താവളത്തിലേക്ക് തുറക്കുന്ന വാതിലാണ് ഇതെന്നായിരുന്നു പ്രധാന പ്രചാരണം. ചിത്രം വൻ തോതിൽ പ്രചരിക്കുകയും ചെയ്തു.
കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ നാസയിലെ ശാസ്ത്രജ്ഞർ തന്നെ വിശദീകരണവുമായി രംഗത്തെത്തി. പ്രചരിക്കുന്നതുപോലെ അന്യഗ്രഹ ജീവികളുടെ വാതിലൊന്നുമല്ല ക്യൂരിയോസിറ്റി പകർത്തിയതെന്നാണ് നാസ വ്യക്തമാക്കിയത്. ചൊവ്വയിലെ പാറക്കൂട്ടങ്ങളിൽ സ്വാഭാവികമായ വിള്ളലുകൾ സംഭവിക്കുന്നുണ്ട്. ഇങ്ങനെയുള്ള നിരവധിയായ വിള്ളലുകൾ ഒത്തുചേർന്ന ഒരു ഭാഗത്തെ പാറക്കഷണം അടർന്നു മാറി രൂപപ്പെട്ട വിടവാണ് ചിത്രത്തിൽ കാണുന്നത്.
(പാറയിടുക്കിലെ വിടവിന്‍റെ വലിപ്പം വ്യക്തമാക്കി നാസ പ്രസിദ്ധീകരിച്ച ചിത്രം)
മാത്രമല്ല, ചിത്രം കാണുമ്പോൾ തോന്നുന്ന അത്ര വലിപ്പത്തിലുള്ളതുമല്ല ഈ വിടവ്. വെറും 29.1 സെ.മീ ഉയരം മാത്രമാണ് ഈ വിടവിനുള്ളത്. ചൊവ്വയിലോ മറ്റേതെങ്കിലും ഗ്രഹത്തിലോ ജീവൻ നിലനിൽക്കുന്നതായ യാതൊരു സൂചനയും ശാസ്ത്രലോകത്തിന് ഇതുവരെ ലഭിച്ചിട്ടുമില്ല.
വാതിൽ തുറന്നത് 'പരേഡോലിയ'
ചൊവ്വയിലെ പാറക്കൂട്ടങ്ങളിലെ വിടവ് ദുരൂഹമായ വാതിലാണെന്ന് മനുഷ്യൻ കരുതാനിടയായ പ്രതിഭാസത്തെ 'പാരഡോലിയ' എന്നാണ് വിളിക്കുന്നത്. ക്രമരഹിതമോ വ്യക്തമോ അല്ലാത്ത വസ്തുക്കളിൽ നമുക്ക് പരിചിതമായ ചില രൂപങ്ങളെ തലച്ചോർ കാട്ടിത്തരുന്ന പ്രതിഭാസമാണിത്.
ഓരോ മനുഷ്യരുടെയും സ്വഭാവവിശേഷതകൾ ഈ വസ്തുക്കളിലേക്ക് ആരോപിക്കുക്കുകയാണ് പലപ്പോഴും നടക്കുന്നത്. ലളിതമായി പറഞ്ഞാൽ മേഘങ്ങളിൽ രൂപങ്ങൾ കാണുക, രാത്രിയിൽ ചന്ദ്രന്റെ പ്രതലത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും മുയലിന്റെയും ഒക്കെ രൂപങ്ങൾ കാണുക, കരിഞ്ഞ ചപ്പാത്തിയിലും, കസേരയുടെ വികൃതമായ പ്ലാസ്റ്റിക്ക് ഭാഗത്തും ദിവ്യരൂപങ്ങൾ കാണുക, മുളംകമ്പിനുള്ളിൽ കൂടി കാറ്റടിക്കുമ്പോൾ ഉണ്ടാവുന്ന സ്വരം സ്വർഗ്ഗ നാദമായി തോന്നുക, അങ്ങനെ എന്തിലും ഏതിലും എപ്പോഴും പരിചിതമായ പാറ്റേണുകൾ കാണുന്നത് പാരഡോലിയ എന്ന മനശ്ശാസ്ത്രപരമായ അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.