മനുഷ്യന് പകരമാകാൻ 'യെന്തിരനു'മായി ഇലോൺ മസ്ക്; 'ഒപ്റ്റിമസിനെ പേടിക്കേണോ..?
text_fieldsതന്റെ കമ്പനി നിർമിച്ച പുതിയ ഹ്യൂമനോയിഡ് റോബോട്ടിന്റെ പ്രോട്ടോടൈപ്പിനെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. 'ഒപ്റ്റിമസ്' എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിനെ കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദിന പരിപാടിയിൽ വെച്ചാണ് അവതരിപ്പിച്ചത്. സിലിക്കൺ വാലിയിൽ നടന്ന പരിപാടിക്കിടെ മസ്കിന്റെ ഒപ്റ്റിമസ് യെന്തിരൻ വേദിയിലേക്ക് നടന്നുവന്ന് എല്ലാവരോടും ഹലോ പറയുകയും പിന്നാലെ കാലുയർത്തി നൃത്തം ചെയ്യുകയും ചെയ്തു. ചെടികൾ നനയ്ക്കുക, പെട്ടികൾ ചുമക്കുക, ലോഹക്കമ്പികൾ ഉയർത്തുക തുടങ്ങിയ ജോലികൾ ഒപ്റ്റിമസ് ചെയ്യുന്നതിന്റെ വീഡിയോയും പരിപാടിയിൽ പ്രദർശിപ്പിച്ചിരുന്നു.
'ഈ റോബോട്ടിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. എന്നാൽ, തൽക്കാലത്തേക്ക് ഇവൻ മുഖമടിച്ച് വീഴാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.., -തമാശയായി മസ്ക് പറഞ്ഞു. ഒപ്റ്റിമസ് റോബോട്ടിന് കാറിനേക്കാൾ വില കുറവായിരിക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു. ഏകദേശം 20,000 ഡോളർ മുതലായിരിക്കും വില (16 ലക്ഷ രൂപ). റോബോട്ടിനെ പൂർത്തീകരിച്ച് വരും വർഷങ്ങളിൽ തന്നെ വിപണിയിലെത്തിക്കാനാണ് മസ്കിന്റെ കമ്പനി ഉദ്ദേശിക്കുന്നത്.
എന്നാൽ, നിക്ഷേപകരും സാമ്പത്തിക വിശകലന വിദഗ്ധരും ടെസ്‌ല റോബോട്ടിക്‌സിലേക്ക് തിരിയുകയാണോ എന്ന സംശയം പ്രകടിപ്പിച്ചു, ടെസ്‌ലയുടെ പ്രധാന ബിസിനസ്സായ ഇലക്ട്രിക് കാറുകളുടെ അടുത്ത പ്രൊജക്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും അവർ ഉപദേശിച്ചു. എന്നാൽ, 'മനുഷ്യനെ പകരമാകാൻ കഴിയുന്ന ഒരു യന്ത്രം എങ്ങനെ നിർമ്മിക്കാം', എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഏറ്റവും കഠിനമായ വെല്ലുവിളികളിലൊന്ന് പരിഹരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് മസ്‌ക് പറയുന്നത്.
എന്തായാലും ടെസ്‍ലയുടെ പുതിയ യെന്തിരൻ ടെക് ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. മസ്കും കടന്നുവരുന്നതോടെ, റോബോട്ടിക്സ് രംഗത്ത് വലിയ മത്സരമുണ്ടാകുമെന്നും അത്, മികവാർന്ന റോബോട്ടുകളുടെ വരവ് വേഗത്തിലാക്കുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.