‘ടവർ റോക്കറ്റിനെ പിടികൂടി!!’; ചരിത്ര നേട്ടത്തിന്റെ വിഡിയോ പങ്കുവെച്ച് ഇലോൺ മസ്ക്
text_fieldsവാഷിങ്ടൺ: സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ബൂസ്റ്റർ തിരികെയിറക്കൽ വിജയം കണ്ടതിന് പിന്നാലെ ചരിത്രം കുറിച്ച പരീക്ഷണ പറക്കലിന്റെ വിഡിയോ പങ്കുവെച്ച് സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്. എക്സിലൂടെയാണ് വിഡിയോ മസ്ക് പങ്കുവെച്ചത്.
മനുഷ്യന്റെ ഭാവി ചാന്ദ്ര, ചൊവ്വ ദൗത്യങ്ങളിൽ ഉപയോഗപ്പെടുത്താനാകുമെന്ന് കരുതുന്ന സ്റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണ പറക്കലാണ് വിജയം കണ്ടത്. കൂറ്റൻ ഒന്നാം ഘട്ട ബൂസ്റ്റർ തിരികെ ലോഞ്ച് പാഡിൽ ഇറക്കുന്ന പരീക്ഷണമാണ് വൻ വിജയമായത്.
അമേരിക്കൻ സമയം 7.25ന് സ്പേസ് എക്സിന്റെ ടെക്സസിലെ ബോക ചിക നിലയത്തിൽ നിന്ന് പറന്നുയർന്ന സ്റ്റാർഷിപ്പിന്റെ ബൂസ്റ്റർ 70 കിലോമീറ്റർ ഉയരത്തിലാണ് വേറിട്ട് തിരികെ യാത്ര തുടങ്ങിയത്. 33 റാപ്റ്റർ എൻജിനുകളിൽ മൂന്നെണ്ണം വീണ്ടും ജ്വലിപ്പിച്ച് അതിവേഗം നിലയത്തിലെ യന്ത്രക്കൈകളിൽ തിരികെനിലയുറപ്പിച്ചു.
ബഹിരാകാശത്തേക്ക് വലിയ ചരക്കുകൾ കൊണ്ടു പോകാനും മനുഷ്യനെ ചന്ദ്രനിൽ വീണ്ടുമെത്തിക്കുന്ന യാത്രകളിൽ പ്രയോജനപ്പെടുത്താനും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന സ്പേസ് എക്സിന് പരീക്ഷണ വിജയം ചരിത്ര നിമിഷമാണ്.
വിക്ഷേപണത്തറയിൽ ഘടിപ്പിച്ച റോബോട്ടിക് സംവിധാനം (ചോപ്സ്റ്റിക്) ഉപയോഗിച്ചാണ് 232 അടി ഉയരമുള്ള ബൂസ്റ്റർ റോക്കറ്റ് പിടിച്ചെടുത്തത്. ഭീമൻ റോക്കറ്റിന്റെ ഒരു ഭാഗം വീണ്ടെടുക്കുന്നത് ആദ്യമായാണ്.
2017ൽ ആദ്യമായി അനാച്ഛാദനം ചെയ്യപ്പെട്ട സ്റ്റാർഷിപ് പലവട്ടം വിക്ഷേപണത്തിനിടെ തകർന്നിരുന്നു. സ്റ്റാര്ഷിപ്പിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കുകയും റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളുടെ വേർപ്പെടൽ നടക്കുകയും ചെയ്തെങ്കിലും തിരിച്ച് ഭൂമിയിലേക്ക് സുരക്ഷിതമായി ഇറക്കുന്നതിന് മുമ്പ് രണ്ട് ഭാഗങ്ങളും പൊട്ടിത്തെറിക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും കരുത്തേറിയ വിക്ഷേപണ വാഹനമാണ് സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ്. ആളില്ലാത്ത പരീക്ഷണ വിക്ഷേപണങ്ങൾ വിജയിച്ചാൽ ബഹിരാകാശത്തേക്ക് മനുഷ്യരെ കൊണ്ടു പോകാനാണ് സ്പേസ് എക്സിന്റെ പദ്ധതി. പൂർണമായി പുനരുപയോഗിക്കാവുന്ന വിധത്തിലാണ് സ്റ്റാർഷിപ്പ് റോക്കറ്റിന്റെ നിർമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.