തലച്ചോറിൽ പരീക്ഷണം നടത്താൻ കുരങ്ങൻമാരെ ദുരിതമനുഭവിപ്പിക്കുന്നു; ഇലോൺ മസ്കിന്റെ ന്യൂറാലിങ്കിനെതിരെ ഗുരുതര ആരോപണം
text_fieldsഇലോൺ മസ്‌കിന്റെ ബയോടെക് കമ്പനിയായ ന്യൂറാലിങ്കിനെതിരെ യുഎസ് ആസ്ഥാനമായുള്ള മൃഗാവകാശ സംഘടന രംഗത്ത്. മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന പരീക്ഷണവുമായി ബന്ധപ്പെട്ട് ന്യൂറാലിങ്കിന്റെയും കാലിഫോർണിയ സർവകലാശാലയിലെയും ഗവേഷകർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അവർ ഉന്നയിച്ചിരിക്കുന്നത്.
മസ്തിഷ്ക ഇംപ്ലാന്റുകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവേഷകർ കുരങ്ങുകളെ അങ്ങേയറ്റം ദുരിതമനുഭവിപ്പിക്കുന്നതായി സംഘടന പറഞ്ഞു. പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്ന 'കുരങ്ങുകളെ ഒറ്റയ്ക്ക് കൂട്ടിലടച്ചിരിക്കുകയാണ്. തലയോട്ടിയിൽ സ്റ്റീൽ പോസ്റ്റുകളും മറ്റും കുത്തിക്കയറ്റിയതിനാൽ അവ ഫേഷ്യൽ ട്രോമയടക്കമുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും' അവർ പറയുന്നു. കമ്പനിയുടെ അപര്യാപ്തമായ മൃഗസംരക്ഷണ നടപടികളും കഠിനമായ പരീക്ഷണ രീതികളും വെളിപ്പെടുത്തുന്ന രേഖകൾ തങ്ങൾക്ക് ലഭിച്ചതായും അവർ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ന്യൂറാലിങ്കിന്റെ മനുഷ്യരിലെ പരീക്ഷണം ഈ വർഷം തന്നെയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. പരീക്ഷണത്തിന്റെ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവന്നേക്കും. മസ്‌തിഷ്‌ക വൈകല്യങ്ങൾ കണ്ടെത്താനും അവ പരിഹരിക്കാനുമുള്ള ഉദ്ദേശത്തോടെ 2016ലായിരുന്നു ഇലോൺ മസ്‌ക് ന്യൂറാലിങ്ക് എന്ന കമ്പനി സ്ഥാപിച്ചത്.
തലച്ചോറിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി മനുഷ്യന്റെ തലച്ചോറിൽ ഉൾച്ചേർക്കുന്ന ഒരു ഉപകരണമാണ് ന്യൂറലിങ്ക് വികസിപ്പിക്കുന്നത്. രോഗിയുടെ തലയോട്ടിയിലൂടെ തലച്ചോറിലേക്ക് ത്രെഡ് ചെയ്യപ്പെടുന്ന മൈക്രോചിപ്പും വയറുകളും ഈ ഉപകരണത്തിൽ അടങ്ങിയിരിക്കുന്നു.
2021ൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണം നടത്തിയ കുരങ്ങ് മൈൻഡ് പോംഗ് ഗെയിം കളിച്ചിരുന്നു. അതോടെയൊണ് മനുഷ്യനിൽ ഈ സാങ്കേതികവിദ്യ പരീക്ഷിക്കാനുളള പ്രവർത്തനങ്ങൾക്ക് കമ്പനി വേഗം കൂട്ടിയത്. പന്നികളിലും എലികളിലും ഈ സാങ്കേതിക വിദ്യ ഫലപ്രദമായി പരീക്ഷിച്ചതായി നേരത്തെ ന്യൂറാലിങ്ക് അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.