'ഇ.ഒ.എസ് - 08' വിക്ഷേപിച്ച് ഐ.എസ്.ആർ. ഒ
text_fieldsബെംഗളൂരു: സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-03 മൂന്നാമത്തേതും അവസാനത്തേതുമായ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. വെള്ളിയാഴ്ച രാവിലെ ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം.
ഈ വർഷത്തെ മൂന്നാമത്തെ വിക്ഷേപണമാണ് ഇത്. ഇ.ഒ.എസ് - 08 വ്യാഴാഴ്ച വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഒരു വർഷമാണ് ദൗത്യത്തിന്റെ കാലാവധി.
34 മീറ്റർ ഉയരവും 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനും എർത്ത് ഓർബിറ്റിൽ സ്ഥാപിക്കാനും റോക്കറ്റിന് സാധിക്കും. മൈക്രോസാറ്റലൈറ്റ് രൂപകൽപ്പന ചെയ്ത് വികസിപ്പിക്കുകയും, മൈക്രോസാറ്റലൈറ്റ് ബേസിന് അനുയോജ്യമായ പേലോഡ് ഉപകരണങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക, ഭാവിയിലെ പ്രവർത്തന ഉപഗ്രഹങ്ങൾക്ക് ആവശ്യമായ പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുക എന്നിവയാണ് എസ്.എസ്.എൽ.വി-ഡി3-ഇ.ഒ.എസ് - 08 ൻറെ നിർമാണത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളെന്ന് ഐ.എസ്.ആർ. ഒ പറഞ്ഞു.
ഇ.ഒ.എസ് - 08 ന്റെ വിക്ഷേപണത്തിലൂടെ ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന് ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് വാണിജ്യ വിക്ഷേപങ്ങൾ നടത്താൻ ഇതിലൂടെ സാധിക്കും.
മൂന്ന് പേലോഡുകളാണ് ഉപഗ്രഹത്തിലുണ്ടാവുക. ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ് (ഇ.ഒ.ഐ.ആർ), ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം റിഫ്ലെക്ടോമെട്രി പേലോഡ് (ജി.എൻ.എസ്.എസ്-ആർ), എസ്.ഐ.സി യു.വി ഡോസിമീറ്റർ എന്നിവയാണ് പേലോഡുകൾ.
സാറ്റലൈറ്റ് അധിഷ്ഠിത നിരീക്ഷണം, ദുരന്ത നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം എന്നിവയ്ക്കാണ് ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ് നിർമിച്ചിരിക്കുന്നത്. സമുദ്ര ഉപരിതല കാറ്റ് വിശകലനം, മണ്ണിൻ്റെ ഈർപ്പം വിലയിരുത്തൽ, ഹിമാലയൻ മേഖലയിലെ ക്രയോസ്ഫിയർ പഠനം, വെള്ളപ്പൊക്കം കണ്ടെത്തൽ, ഉൾനാടൻ ജലാശയങ്ങൾ കണ്ടെത്തൽ എന്നിവയാണ് ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം റിഫ്ലെക്ടോമെട്രി പേലോഡ് ലക്ഷ്യമാക്കുന്നത്.
എസ്.ഐ.സി യു.വി ഡോസിമീറ്റർ, ഗഗൻയാൻ മിഷനിലെ ക്രൂ മൊഡ്യൂളിൻ്റെ വ്യൂപോർട്ടിൽ അൾട്രാ വയലറ്റ് വികിരണം നിരീക്ഷിക്കുകയും ഗാമ വികിരണത്തിനായുള്ള ഉയർന്ന ഡോസ് അലാറം സെൻസറായി പ്രവർത്തിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.