‘എന്റെ സൂപ്പർ രക്തം സ്വീകരിച്ച അച്ഛന് 25 വയസ്സ് കുറഞ്ഞു’; അവകാശവാദവുമായി നിത്യയൗവനത്തിന് കോടികൾ ചെലവഴിക്കുന്ന സി.ഇ.ഒ
text_fieldsനിത്യയൗവനത്തിന് പ്രതിവർഷം കോടികൾ ചിലവിടുന്ന അമേരിക്കയിലെ ഒരു സോഫ്റ്റ്‌വെയർ സംരംഭകൻ നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കാലിഫോർണിയ ആസ്ഥാനമായ ‘കേർണൽകോ’ ബയോടെക് കമ്പനിയുടെ സി.ഇ.ഒ ബ്രയാൻ ജോൺസണാണ് 18 വയസുകാരന്റെ ശരീരം ലഭിക്കാനായി ഓരോ വർഷവും 2 മില്യൺ ഡോളർ (16 കോടി രൂപ) ചിലവാക്കുന്നത്. എന്നാലിപ്പോൾ അദ്ദേഹം പുതിയ അവകാശവാദവുമായി എത്തിയിരിക്കുകയാണ്.
തന്റെ രക്തം പിതാവിന്റെ പ്രായം 25 വയസ്സ് കുറച്ചതായാണ് അദ്ദേഹം ഇപ്പോൾ അവകാശപ്പെടുന്നത്. തന്റെ രക്ത പ്ലാസ്മ പിതാവുമായി പങ്കിട്ടതിന് ശേഷമുള്ള ഫലങ്ങളും അദ്ദേഹം എക്സിൽ (ട്വിറ്റർ) പങ്കുവെച്ചു. ‘എന്റെ ഒരു ലിറ്റർ പ്ലാസ്മ ലഭിച്ചതിന് ശേഷം ഒരു 46 കാരന് സമാനമായ രീതിയിലാണ് പിതാവിന് പ്രായമാകുന്നത്. എന്നാൽ, മുമ്പ് അത് 71 വയസ്സുകാരെ പോലെയായിരുന്നു’. -അദ്ദേഹം കുറിച്ചു.
ബ്രയാൻ ജോൺസന്റെ എക്സ് പോസ്റ്റ്
എന്റെ സൂപ്പർ രക്തം അച്ഛന്റെ പ്രായം 25 വയസ്സ് കുറച്ചു
എന്റെ പ്ലാസ്മയുടെ 1 ലിറ്റർ ലഭിച്ചതിന് ശേഷം, എന്റെ പിതാവിന്റെ (70 വയസ്സ്) വാർദ്ധക്യത്തിന്റെ വേഗത 25 വർഷത്തിന് തുല്യമായി കുറഞ്ഞു, തെറാപ്പി കഴിഞ്ഞ് ആറ് മാസത്തിന് ശേഷവും ആ നിലയിൽ തുടരുന്നു. എന്താണ് ഇതിനർത്ഥം?
പ്രായം കൂടുംതോറും അതിവേഗത്തിൽ വാർദ്ധക്യം നമ്മെ പിടികൂടും. എന്നാൽ, എന്റെ പ്ലാസ്മയുടെ 1 ലിറ്റർ ലഭിച്ചതിന് ശേഷം, ഇപ്പോൾ 46 വയസ്സുകാരന്റെ നിരക്കിലാണ് പിതാവിന് പ്രായമാകുന്നത്. മുമ്പ്, അത് 71 വയസ്സിലായിരുന്നു. ഞാനാണ് പിതാവിന്റെ ബ്ലഡ് ബോയ്.
എന്റെ സൂപ്പർ പ്ലാസ്മ ആവശ്യപ്പെടുന്നതിന് മുമ്പ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം:
- ഒരു ബയോമാർക്കർ മാത്രമാണ് ഇവിടെ വിലയിരുത്തുന്നത്.
- എന്റെ അച്ഛന്റെ വാർദ്ധക്യത്തിന്റെ കുറഞ്ഞ വേഗത എത്രത്തോളം നിലനിൽക്കുമെന്ന ഒരു തുറന്ന ചോദ്യമുണ്ട്. ഇതുവരെ ആറുമാസമായി (ഇത് ശ്രദ്ധേയമാണ്).
- 600 മില്ലി ലിറ്റർ പ്ലാസ്മ നീക്കം ചെയ്തതുകൊണ്ടാണോ അതോ എന്റെ പ്ലാസ്മയുടെ 1 ലീറ്റർ സ്വീകരിച്ചതുകൊണ്ടാണോ എന്റെ അച്ഛന്റെ പ്രായമാകുന്നതിന്റെ വേഗത കുറയുന്നത് എന്ന് അറിയില്ല. അതോ രണ്ടും കൂടിച്ചേർന്നതോ?
- ഈ കാലയളവിൽ അച്ഛൻ മറ്റ് ഇടപെടലുകളൊന്നും നടത്തിയിട്ടില്ല
അതേസമയം, നിത്യയൗവനം പ്രാപിക്കാനായുള്ള തന്റെ ശ്രമത്തിനെ പ്രൊജക്ട് ബ്ലൂപ്രിന്റ് (Project Blueprint) എന്നാണ് ബ്രയാൻ ജോൺസൺ വിളിക്കുന്നത്. 'പ്രോജക്റ്റ് ബ്ലൂപ്രിന്റ്' മുഖേന ഇതുവരെ തന്റെ എപ്പിജെനെറ്റിക് പ്രായം 5.1 വർഷം കുറച്ചതായും ബ്രയാൻ അന്ന് അവകാശപ്പെട്ടിരുന്നു. തന്റെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി 47 കാരനായ ജോൺസൺ 30 ഡോക്ടർമാരുടെയും മെഡിക്കൽ വിദഗ്ധരുടെയും ഒരു ടീമിനെ തന്നെ കൂടെ കൂട്ടിയിട്ടുണ്ട്. അവരാണ് ജോൺസന്റെ ഓരോ അവയവങ്ങളുടെയും പ്രായമാകൽ പ്രക്രിയ പിടിച്ചുനിർത്താൻ സഹായിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.