റോവറും ലാൻഡറും ഉറങ്ങിയാലും ചന്ദ്രയാൻ 3ലെ ഒരു ഉപകരണം ഉണർന്നിരിക്കും...?
text_fieldsബംഗളൂരു: 14 ദിവസത്തെ പര്യവേക്ഷണത്തിന് ശേഷം ചന്ദ്രയാൻ മൂന്നിലെ ലാൻഡറും റോവറും നിദ്രയിലേക്ക് പോകുമെങ്കിലും ലാൻഡറിലെ ഒരു ഉപകരണം ഉണർന്നിരിക്കും. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ലേസർ റെട്രോറിഫ്ലക്ടർ അറേ (എൽ.ആർ.എ) എന്ന ഉപകരണമാണ് ഉണർന്നിരിക്കുന്നത്. ലാൻഡറും റോവറും നിദ്രയിലാവുമ്പോൾ എൽ.ആർ.എ പ്രവർത്തനം ആരംഭിക്കും.
ലാൻഡറിലെ കാമറകളുടെയും സ്പെക്ട്രോമീറ്ററുകളുടെയും പ്രവർത്തനത്തിൽ തടസം വരാതിരിക്കാനാണ് ചാന്ദ്രയാൻ- മൂന്നിന്റെ ദൗത്യം പൂർത്തിയാവുന്നതുവരെ എൽ.ആർ.എ പ്രവർത്തിക്കാതിരുന്നത്. ചാന്ദ്രരാത്രികളിൽ ലാൻഡറിന്റെ സ്ഥാനം കണ്ടെത്താൻ എൽ.ആർ.എ സഹായിക്കും. ഒന്നോ രണ്ടോ ദിവസത്തിനകം ലാൻഡറും റോവറും സേവനം അവസാനിപ്പിച്ച് നിദ്രയിലേക്ക് പോകും.
ചന്ദ്രനിലെ ഒരു പകൽക്കാലമാണ് (ഭൂമിയിലെ 14 ദിവസം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറും റോബോട്ടിക് വാഹനമായ റോവറും പര്യവേക്ഷണം നടത്തിയത്. സൗരോർജ പാനലുകൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിച്ചിരുന്നത് എന്നതിനാൽ ഊർജം ലാഭിക്കാനും ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കാനുമാണ് നിദ്രയിലേക്ക് (സ്ലീപ്പിങ് മോഡ്) മാറ്റുന്നത്.
ചാന്ദ്രരാത്രികളിൽ മൈനസ് 200 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില. ചന്ദ്രനിലെ ഒരു രാത്രി (ഭൂമിയിലെ 14-15 ദിവസം) കഴിഞ്ഞ് സൂര്യപ്രകാശം വീണ്ടും ചന്ദ്രനിൽ പതിക്കുമ്പോൾ ലാൻഡറും റോവറും ഉണർന്നാൽ ഐ.എസ്.ആർ.ഒക്ക് അത് വൻ നേട്ടമാകും. വീണ്ടും 14 ദിവസം കൂടി പര്യവേക്ഷണത്തിനായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.