ലിഥിയം ഉൽപാദനത്തിൽ ആഗോളഭീമനാകാൻ യു.എസ്; അർകൻസാസിൽ ഖനനം 2027ൽ തുടങ്ങും
text_fieldsവാഷിങ്ടൺ: യു.എസ് എണ്ണഭീമനായ എക്സൊൺമൊബിൽ സ്വന്തം രാജ്യത്ത് ലിഥിയം ഖനനവും തുടങ്ങുന്നു. ഇലക്ട്രിക് വാഹന ബാറ്ററികളിലെ സുപ്രധാന ഘടകമായ ലിഥിയം തെക്കൻ അർകൻസാസിലെ 120,000 ഏക്കർ പ്രദേശത്ത് തിരിച്ചറിഞ്ഞതോടെയാണ് ഈ രംഗത്ത് നിർണായക ചുവടുകൾക്കൊരുങ്ങുന്നത്. 2027ൽ ഉൽപാദനം തുടങ്ങാനാണ് പദ്ധതി.
പ്രതിവർഷം 10 ലക്ഷം വാഹനങ്ങൾക്കാവശ്യമായ ലിഥിയം കുഴിച്ചെടുക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇലക്ട്രിക് വാഹനക്കമ്പനികൾ, ബാറ്ററി നിർമാതാക്കൾ എന്നിവരുമായി ചർച്ച പുരോഗമിക്കുകയാണെന്ന് എക്സൊൺ വൃത്തങ്ങൾ പറഞ്ഞു. കാർബൺ വികിരണം ആഗോള കാലാവസ്ഥാരംഗത്ത് വൻ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ബദൽമാർഗങ്ങളെന്ന നിലക്കാണ് ഇലക്ട്രിക് വാഹനങ്ങളും ലിഥിയവും സജീവമാകുന്നത്. മറ്റ് എണ്ണഭീമന്മാരായ ഷെൽ, ബി.പി എന്നിവ കാറ്റ്, സോളാർ ഊർജ ഉൽപാദനരംഗത്ത് സജീവമായിട്ടുണ്ട്. സമാനമായാണ് എക്സൊൺ 1700 കോടി ഡോളർ മുടക്കി ലിഥിയം ഉൽപാദനരംഗത്തേക്ക് കടന്നത്.
യു.എസിനാവശ്യമായ ലിഥിയം നിലവിൽ അർജന്റീന, ചിലി എന്നിവിടങ്ങളിൽനിന്നാണ് കൂടുതലായി എത്തിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നായ യു.എസിൽ നെവാദയിൽ മാത്രമാണ് ഇത് വ്യവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്ക് യു.എസിൽ മാത്രം ലിഥിയം ആവശ്യം ആറിരട്ടി വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. 10,000 അടി താഴ്ചയിലുള്ള ലിഥിയം കുഴിച്ചെടുക്കാൻ എണ്ണഖനനത്തിനുള്ള സാങ്കേതികത തന്നെയാണ് ഉപയോഗിക്കുക. 1970കളിലാണ് ലിഥിയം ബാറ്ററികൾ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയതെങ്കിലും അടുത്തിടെയാണ് അവ വ്യാപക പ്രചാരം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.