ശതകോടി റിയാൽ മുതൽ മുടക്കിൽ സൗദിയിൽ ഉപഗ്രഹങ്ങൾ നിർമിക്കാൻ ഫാക്ടറി
text_fieldsജിദ്ദ: ബഹിരാകാശ ഗവേഷണത്തിനുള്ള ഉപകരണങ്ങളും ഉപഗ്രഹങ്ങളും നിർമിക്കാൻ സൗദി അറേബ്യയിൽ ഫാക്ടറി സ്ഥാപിക്കുന്നു. ശതകോടി റിയാൽ മുതൽമുടക്കിലാണ് പദ്ധതി. ബഹിരാകാശ വ്യവസായത്തിലെ മുൻനിര ചൈനീസ് കമ്പനിയായ ‘എസ്പേസു’മായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഗവേഷണം മുതൽ വികസനം, ഉപകരണങ്ങളുടെയും ഉപഗ്രഹങ്ങളുടെയും നിർമാണം വരെയുള്ള എല്ലാം ഉൾപ്പെടുന്നതാണ് പദ്ധതി. വരും ഘട്ടങ്ങളിൽ കമ്പനിയുടെ നിക്ഷേപ തുക ഇനിയും വർധിക്കും. ബഹിരാകാശ വിപണിയുടെ 70 ശതമാനം പ്രതിനിധീകരിക്കുന്ന നൂതന ഉപഗ്രഹങ്ങളിൽ നിക്ഷേപിച്ച് മേഖലയിലെ ബഹിരാകാശ ശേഷി വർധിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം എന്ന നിലയിലാണിത്.
സൗദിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം എസ്പേസിന് പ്രയോജനപ്പെടും. ബഹിരാകാശ സാങ്കേതിക വിദ്യകളിൽ രാജ്യത്തിന്റെ ശേഷി വികസിപ്പിക്കുന്നതിനൊപ്പം അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യാനും ഇതിലൂടെ കഴിയും. നൂതന ഉപഗ്രഹങ്ങൾ നിർമിക്കുന്നതിലുള്ള രാജ്യത്തിന്റെ ശേഷിയും ഇതിനോടൊപ്പം വർധിപ്പിക്കും.
ദ്രുതഗതിയിലുള്ള വളർച്ചക്ക് സാക്ഷ്യം വഹിക്കുന്ന ബഹിരാകാശ സാങ്കേതികവിദ്യകളും നിക്ഷേപങ്ങളും ആകർഷിക്കുന്നതിനുള്ള ഒരു പ്രാദേശിക പ്ലാറ്റ്ഫോം എന്ന നിലയിൽ സൗദിയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും അതിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ നിക്ഷേപമെന്ന് സൗദി ബഹിരാകാശ ഏജൻസി ഡയറക്ടർ ബോർഡ് ചെയർമാൻ എൻജി. അബ്ദുല്ല ബിൻ അമർ അൽസവാഹ പറഞ്ഞു.
ബഹിരാകാശ രംഗത്ത് ഭരണകൂടത്തിന്റെ പിന്തുണയോടെ രാജ്യം നടപ്പാക്കുന്ന പദ്ധതികൾ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും നൂതന ബഹിരാകാശ സാങ്കേതികവിദ്യകളിൽ ദേശീയ ശേഷി വികസിപ്പിക്കുന്നതിനുമുള്ള അവസരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഗ്രഹ മേഖലയിൽ ആദ്യ നിക്ഷേപ ലൈസൻസ് നേടിയ എസ്പേസ് ആണ് ഈ മേഖലയിലെ നിക്ഷേപത്തിന്റെ ആദ്യ ന്യൂക്ലിയസെന്ന് സൗദി നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് പറഞ്ഞു. പ്രത്യേകിച്ചും ഇത് ഭാവി മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്നതിനാൽ ആഗോള അവസരങ്ങൾ ഉൾപ്പെടുന്നു. ഈ നടപടി നിരവധി കമ്പനികൾക്ക് രാജ്യത്ത് നിക്ഷേപം നടത്താനുള്ള വാതിൽ തുറക്കുമെന്നതിൽ സംശയമില്ല. എല്ലാ തലങ്ങളിലും അസാധാരണമായ ഒരു നവോത്ഥാനത്തിന് ഇത് സാക്ഷ്യം വഹിക്കും. ബഹിരാകാശ ഉപഗ്രഹ രംഗം അഭൂതപൂർവമായ വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇത് രാജ്യത്തിന്റെ ആഗോള മത്സരക്ഷമത വർധിപ്പിക്കുമെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.