മയോസീൻ യുഗത്തിൽ ജീവിച്ച മൂങ്ങയുടെ ഫോസിൽ കണ്ടെത്തി; പകൽ സഞ്ചാരി, പഴക്കം ആറ് ദശലക്ഷം വർഷം
text_fieldsആറ് ദശലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്ന മൂങ്ങയുടെ ഫോസിൽ ചൈനയിൽ കണ്ടെത്തി. തിബറ്റൻ പീഠഭൂമിയുടെ ഭാഗമായ ഗാൻസു പ്രവിശ്യയിൽ നിന്നാണ് ഫോസിൽ കണ്ടെത്തിയത്. വംശനാശം വന്ന ഈ മൂങ്ങവർഗം പകൽ സജീവമായിരുന്നവയാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
23.03 മുതൽ 5.333 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വരെയുള്ള മയോസീൻ യുഗത്തിലാണ് ഈ മൂങ്ങ ജീവിച്ചത്. മയോസർനിയ ഡൈയൂർന എന്നാണ് ഈ മൂങ്ങവർഗത്തിന് പേരിട്ടിരിക്കുന്നത്. തിബറ്റൻ പീഠഭൂമിയിൽ ഏഴായിരം അടി ഉയരമുള്ള മേഖലയിലാണ് പ്രകൃത്യ സംരക്ഷിക്കപ്പെട്ട നിലയിൽ ഫോസിൽ കണ്ടെത്തിയത്.
(Photo courtesy: Forbes)
പൂർണതയുള്ള ഫോസിലാണ് കണ്ടെത്തിയത്. വിവിധ ശരീരഭാഗങ്ങളുടെ അസ്ഥികൾ സംരക്ഷിക്കപ്പെട്ടിരുന്നു. മൂങ്ങ അവസാനമായി കഴിച്ച ഭക്ഷണമായ ചെറുസസ്തിനിയുടെ അവശിഷ്ടം വരെ ഫോസിലിൽ തിരിച്ചറിയാനാകുന്നുണ്ടെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
മൂങ്ങയുടെ നേത്ര അസ്ഥിയുടെ പ്രത്യേകതയിൽ നിന്നാണ് ഇവ പകൽ സമയത്ത് സജീവമായിരുന്നവയാണെന്ന് കണ്ടെത്തിയത്. ഇന്നത്തെ മൂങ്ങകളുടെ പൂർവികർ പകൽ സജീവമായിരുന്നവയാണെന്നത് പുതിയ കണ്ടെത്തലാണെന്നും അതാണ് ഈ ഫോസിലിനെ ഏറെ പ്രാധാന്യമുള്ളതാക്കുന്നതെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.