കുവൈത്ത് സാറ്റ് എടുത്ത ആദ്യ ചിത്രം പുറത്തുവിട്ടു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ആദ്യ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1ൽനിന്ന് അയച്ച കുവൈത്തിന്റെ ആദ്യ ചിത്രം പ്രോജക്ട് ടീം പുറത്തുവിട്ടു. ജനുവരിയിൽ വിക്ഷേപിച്ചതിനുശേഷം കഴിഞ്ഞ മൂന്നു മാസമായി ഉപഗ്രഹം എടുത്ത ചിത്രങ്ങളുടെ സംയോജനമാണ് പുറത്തുവിട്ട ചിത്രം. കുവൈത്തിന്റെ കിഴക്കൻ ഭാഗങ്ങളുടെ മനോഹരമായ കാഴ്ച ചിത്രത്തിൽ വ്യക്തമാണ്.
പദ്ധതിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഇത് അഭിമാന നിമിഷമാണെന്ന് ദേശീയ പ്രോജക്ട് ടീം വ്യക്തമാക്കി. ബഹിരാകാശ മേഖലയിൽ കുവൈത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ശാസ്ത്രീയവും സാങ്കേതിക കഴിവുകൾ വികസിപ്പിക്കുന്നതിനും ഗവേഷണ- വികസന കഴിവുകൾ വർധിപ്പിക്കുന്നതിനും ഈ വിജയം പുതിയ തുടക്കമാണെന്നും സംഘം കൂട്ടിച്ചേർത്തു. പ്രകൃതി സവിശേഷതകളും തീരങ്ങളും മരുഭൂമികളും കാർഷിക മേഖലകളും ചിത്രീകരിക്കുന്നതിനാൽ വൈകാതെ ഉപഗ്രഹത്തിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പുറത്തുവിടുമെന്നും ടീം അറിയിച്ചു. ചിത്രങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഗവേഷകരുമായും സർക്കാർ ഏജൻസികളുമായും സഹകരണം ഉണ്ടാക്കും.
നഗര, കാർഷിക ആസൂത്രണം, പരിസ്ഥിതി നിരീക്ഷണം, പ്രകൃതിവിഭവ മാനേജ്മെന്റ് എന്നിവയുൾപ്പെടെ നിരവധി മേഖലകൾക്ക് കൃത്യവും വിശ്വസനീയവുമായ ഡേറ്റ നൽകുക എന്നതാണ് നാനോ സ്കെയിൽ ഭൗമ നിരീക്ഷണ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1ന്റെ പ്രാഥമിക ദൗത്യം.
രാജ്യത്തിന്റെ ആദ്യ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1 ഈ വർഷം ജനുവരി മൂന്നിനാണ് യു.എസിലെ ഫ്ലോറിഡയിൽനിന്ന് വിക്ഷേപിച്ചത്. കുവൈത്ത് യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് സയൻസിലെ വിദ്യാർഥികൾ, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദ അഡ്വാൻസ്മെന്റ് ഓഫ് സയൻസ്, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് എന്നിവിടങ്ങളിലെ ശാസ്ത്രപ്രതിഭകളാണ് പദ്ധതി പൂർത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.