'കബാബി'നെ ബഹിരാകാശത്തേക്കയച്ച് തുർക്കിഷ് റെസ്റ്റോറന്റ്; ഇതാണ് കാരണം...! - വിഡിയോ
text_fieldsചിക്കനായാലും ബീഫായാലും മട്ടനായാലും കബാബ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. അത്തരക്കാർക്ക് ഇനി അഭിമാനിക്കാം. കാരണം, ആദ്യമായി ഒരു കബാബ് ബഹിരാകാശത്തിനടത്ത് എത്തിയിരിക്കുകയാണ്. റഷ്യൻ ബഹിരാകാശയാത്രികനായ യൂറി ഗഗാറിന്റെ ആദ്യ ബഹിരാകാശ യാത്രയുടെ 61 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒരു തുർക്കിഷ് റെസ്റ്റോറന്റ് ഉടമയാണ് സാഹസത്തിന് മുതിർന്നത്.
Kaburgacı Yaşar Usta എന്നയാൾ സമൂഹ മാധ്യമങ്ങളിൽ അതിന്റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഒരു കൂട്ടം ആളുകൾ ഒരു കൂറ്റൻ ഹീലിയം ബലൂണിൽ പ്രത്യേകം സജ്ജീകരിച്ച ട്രേയിൽ 'പൈപ്പ് കബാബ്' കെട്ടിവെച്ച് ആകാശത്തേക്ക് ലോഞ്ച് ചെയ്യുന്നതായാണ് വിഡിയോയിലുള്ളത്. ഒരു ആക്ഷൻ ക്യാമറയും ട്രാക്കിങ് ഉപകരണവും ടർക്കിഷ് പതാകയും കൂടെയുണ്ടായിരുന്നു.
38 കിലോമീറ്റർ ഉയരത്തിലെത്തിയ ബലൂൺ ഒടുവിൽ പൊട്ടിത്തെറിച്ച് മെഡിറ്ററേനിയൻ കടലിലേക്ക് വീഴുകയും ചെയ്തു. "ഞങ്ങൾ "പൈപ്പ് കബാബ്" ബഹിരാകാശത്തേക്ക് പറത്തി," -റെസ്റ്റോറന്റ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ''ഏകദേശം 40 കിലോമീറ്റർ ഉയരത്തിൽ (സ്ട്രാറ്റോസ്ഫിയർ ലെയറിൽ) വെച്ച് ബലൂൺ പൊട്ടിത്തെറിക്കുകയും ഹതായ് ഡോർട്ടിയോളിലെ കടലിൽ വീഴുകയും ചെയ്തു. കബാബിലെ ട്രാക്കിങ് ഉപകരണത്തിന്റെ സഹായത്തോടെ, കടലിന്റെ നടുവിൽ നിന്ന് കബാബ് കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇത് ലോകത്തിലെ ആദ്യത്തെ സംഭവമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു''. - അവർ കൂട്ടിച്ചേർത്തു.
സംഭവം എന്തായാലും ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. തുർക്കിക്ക് ഇത് അഭിമാന നിമിഷമാണെന്നും റെസ്റ്റോറന്റ് പറഞ്ഞു.
വിഡിയോ കാണാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.