കിടപ്പുരോഗികൾക്ക് കൈത്താങ്ങായി റോബോട്ടുകളെത്തുന്നു
text_fieldsതിരുവനന്തപുരം: കിടപ്പുരോഗികളെ കൈപിടിച്ച് നടത്താനും കൈത്താങ്ങാകാനും ഇനി റോബോട്ടുകളും. തളർവാദവും പക്ഷാഘാതവുമടക്കം രോഗാവസ്ഥകൾ മൂലം ശരീരവും മനസ്സും ദുർബലമായിപ്പോയവരെ തിരികെ നടത്തിക്കാനുള്ള ഫിസിയോതെറപ്പി പരിചരണങ്ങളിലാണ് സഹായത്തിനായി റോബോട്ടുകളെത്തുന്നത്. മാൻഹോളുകളും ഓടകളും വൃത്തിയാക്കുന്നതിനായി 'ബാൻഡിക്കൂട്ട്' എന്ന പേരിൽ റോബോട്ട് വികസിപ്പിച്ച ടെക്നോപാർക്കിലെ സ്റ്റാർട്ടപ് സംരംഭമായമായ ജൻറോബോട്ടിക്സാണ് 'ജി-ഗൈറ്റർ എന്ന പുതിയ കണ്ടെത്തലിനു പിന്നിൽ.
ആശുപത്രികളിലോ ഡോക്ടർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലോ പ്രവർത്തിപ്പിക്കാനാകും വിധത്തിലാണ് റോബോട്ടിന്റെ രൂപകൽപന. ഒന്നോ രണ്ടോ പേരുടെ സഹായം കൊണ്ടുമാത്രം എഴുന്നേറ്റുനിൽക്കാനോ നടക്കാനോ കഴിയുന്നയാളുകളുടെ പരിചരണം റോബോട്ടിന്റെ സഹായത്തിലേക്ക് മാറുന്നതോടെ കൂടുതൽ വേഗത്തിൽ സാധിക്കും. സാധാരണ ഗതിയിൽ 900 ചുവടുകൾ കൈപിടിച്ച് നടത്തിക്കുന്നതിന് മൂന്നു മണിക്കൂർ വേണ്ടിവരുമെങ്കിൽ റോബോട്ടുകൾ ഈ സമയപരിധി വലിയ അളവിൽ ചുരുക്കും. ഫലത്തിൽ ഫിസിയോ തെറപ്പിയിലെ മനുഷ്യധ്വാനവും സമയവും കുറക്കും.
ട്രെഡ്മില്ലോടുകൂടി രൂപകൽപന ചെയ്തിട്ടുള്ള ജി-ഗൈറ്റർ രോഗിയുടെ ഭാരം മുഴുവനായി വഹിക്കും. കിടപ്പുരോഗികൾ അധികവും മറ്റുള്ളവരുമായി ഇടപഴക്കമില്ലാത്ത ഒറ്റപ്പെട്ട മുറിയിൽ കഴിയുന്നവരായിരിക്കും.
ഈ ഒറ്റപ്പെടൽ ഒഴിവാക്കാനും പങ്കാളിത്തമുറപ്പാക്കാനും വെർച്വൽ റിയാലിറ്റി സാങ്കേതിക സൗകര്യത്തോടെയാണ് ജി-ഗൈറ്റർ തയാറാക്കിയിരിക്കുന്നതെന്ന് ജൻറോബോട്ടിക്സ് ചീഫ് മാർക്കറ്റിങ് ഓഫിസർ അഫ്സൽ മുട്ടിൽ മാധ്യമത്തോട് പറഞ്ഞു. ഇതുവഴി കാട്ടിലൂടെയോ കടൽതീരത്ത് കൂടിയോ പർവത നിരകളിലൂടെയോ ഉള്ള പ്രതീതിയിൽ ട്രെഡ്മില്ലിൽ നടക്കാം, ഒറ്റപ്പെടൽ ഒഴിവാക്കാം. ഓരോ തവണയും ആരോഗ്യപുരോഗതി ഡോക്ടർക്ക് നേരിട്ട് മനസ്സിലാക്കാനുള്ള സൗകര്യവും ജി-ഗൈറ്ററിലുണ്ട്. രോഗിയുടെ ഓക്സിജൻ ലെവൽ, ഹൃദയമിടിപ്പ് എന്നിവ സ്വയം അളക്കാനുള്ള സൗകര്യമാണ് മറ്റൊന്ന്.
ജൻറോബോട്ടിക്സിന്റെ ആദ്യ റോബോട്ടായ ബാൻഡിക്കൂട്ട് കേരളത്തിനുപുറമെ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്രയടക്കം നിലവിൽ 17 സംസ്ഥാനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരത്താണ് നിലവിലുള്ളതെങ്കിലും കൊച്ചിയിലും ഉടൻ ബാൻഡിക്കൂട്ടെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.