Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഗ്ലോബല്‍ സയന്‍സ്...

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തിരുവനന്തപുരത്ത്

text_fields
bookmark_border
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തിരുവനന്തപുരത്ത്
cancel

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ലുള്ള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്‌സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍. ജനുവരി 15ന് വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.

രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന ക്യൂറേറ്റഡ് സയന്‍സ് എക്‌സിബിഷന്‍ ഏഷ്യയില്‍തന്നെ ഇത്തരത്തില്‍ ആദ്യത്തേതും ഏറ്റവും വലുതുമായിരിക്കും. ആകെ 25 ഏക്കര്‍ സ്ഥലത്താണ് ഫെസ്റ്റിവല്‍ സമുച്ചയം തയാറാകുന്നത്. 'ലൈഫ് സയന്‍സ്' എന്ന വിഷയത്തില്‍ അധിഷ്ഠിതമായി കൃത്യമായ തിരക്കഥയുടെ സഹായത്താല്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്ന ഫെസ്റ്റിവല്‍ പ്രപഞ്ചത്തിന്റെ ഉല്‍പത്തിമുതല്‍ അധുനിക കാലഘട്ടം വരെയുള്ള സഞ്ചാരത്തെ അടയാളപ്പെടുത്തും.

പ്രദര്‍ശനവസ്തുക്കള്‍ കലാപരവും സംവാദാത്മകവും വിഷയാധിഷ്ഠിതവുമായാണ് സജ്ജമാക്കുക. സാങ്കേതിക വിദ്യകളുടെയും എ.ആര്‍, വി.ആര്‍ സങ്കേതങ്ങളുടെയും മറ്റും സഹായത്തോടെ ഇമേഴ്‌സീവ് എക്‌സ്പീരിയന്‍സുകളുള്‍പ്പെടെ ഫെസ്റ്റിവലില്‍ വിനോദവും വിജ്ഞാനവും പകരാനുണ്ടാകും. ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ മാതൃക, പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഡാര്‍വിന്‍ സഞ്ചരിച്ച എച്ച്എംഎസ് ബീഗിള്‍ എന്ന കപ്പലിന്റെ ബൃഹദ് രൂപം, ദിനോസറിന്റെ യഥാര്‍ത്ഥ വലുപ്പത്തിലുള്ള അസ്ഥികൂട മാതൃക, യുദ്ധം സൃഷ്ടിക്കുന്ന കെടുതികള്‍, കാഴ്ചയുടേയും ഭാഷയുടേയും വികാസവും വ്യത്യസ്തതകളും, മനുഷ്യമസ്തിഷ്‌കത്തിന്റെ വാക്ക്-ഇന്‍, വീടിനുള്ളില്‍ നിത്യവും കാണുന്ന വസ്തുക്കള്‍ക്കു പിന്നിലെ ശാസ്ത്രം, ബഹിരാകാശനിലയത്തില്‍ നിന്നുള്ള കാഴ്ചകള്‍, മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ക്യൂറേറ്റഡ് പവിലിയനില്‍ കലയുടെ സഹായത്തോടെ പ്രദര്‍ശനത്തിനുണ്ടാകും.

യു.എസ്. കോണ്‍സുലേറ്റ് ജനറല്‍, ബ്രിട്ടിഷ് കൗണ്‍സില്‍, ജര്‍മന്‍ കോണ്‍സുലേറ്റ്, അലിയാന്‍സ് ഫ്രാന്‍സൈസ്, ഐസര്‍ തിരുവനന്തപുരം, സി.എസ്‌.ഐ.ആ-എൻ.ഐ.ഐ.എസ്.ടി എന്നിങ്ങനെ നിരവധി അന്തര്‍ദേശീയ, ദേശീയ ഏജന്‍സികള്‍ ഇതിലേക്ക് സംഭാവന ചെയ്യുന്നു. ജര്‍മന്‍ കോണ്‍സുലേറ്റിന്റെ 'എനര്‍ജി ഇന്‍ ട്രാന്‍സിഷന്‍', പെസിഫിക് വേള്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ഡഗ്ലസ് ഹെര്‍മന്‍ ക്യൂറേറ്റ് ചെയ്യുന്ന 'വാട്ടര്‍ മാറ്റേഴ്‌സ്', അലിയാന്‍സ് ഫ്രാന്‍സൈസ് സജ്ജമാക്കുന്ന 'ക്ലൈമറ്റ് ചെയ്ഞ്ച്', ബ്രിട്ടീഷുകാരനായ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് ലൂക് ജെറം നിര്‍മിച്ച ചന്ദ്രന്റേയും ചൊവ്വയുടേയും യഥാര്‍ഥ മാതൃകകള്‍ ഉള്‍പ്പെട്ട 'മ്യൂസിയം ഓഫ് മൂണ്‍ ആന്‍ഡ് മാഴ്‌സ്', മെല്‍ബണിലെ ലോകപ്രശസ്ത ബയോ മോളിക്യുലാര്‍ അനിമേറ്ററായ ഡ്ര്യൂ ബെറിയുടെ 'മോളിക്യുലാര്‍ അനിമേഷന്‍', ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ 'സീഡ്‌സ് ഓഫ് കള്‍ച്ചര്‍', വിവിധ ദേശീയതല സയന്‍സ് സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഫെസ്റ്റിവലിന് ആഗോളമാനം നല്‍കുന്നു.

ഫെസ്റ്റിവല്‍ കോംപ്ലക്‌സിനുള്ളില്‍ ഭിന്നശേഷി സൗഹൃദ റാംപുകളും മറ്റും സജ്ജമാക്കി എല്ലാവര്‍ക്കും പ്രാപ്യമായ രീതിയിലാണ് രൂപകല്‍പന. കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും ഉണ്ടെങ്കിലേ ഫെസ്റ്റിവല്‍ പൂര്‍ണമായും കണ്ടുതീര്‍ക്കാനാകൂ. മുതിര്‍ന്നവര്‍ക്ക് 250 രൂപയും, പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് 150 രൂപയുമാണ് പ്രവേശന ഫീസ്. രണ്ടുദിവസത്തേക്ക് യഥാക്രമം 400 രൂപക്കും 250 രൂപക്കും ടിക്കറ്റ് ലഭിക്കും.

ഭിന്നശേഷിക്കാര്‍ക്കും പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. സ്‌കൂളുകളില്‍ നിന്നു വരുന്ന 30 പേരില്‍ കുറയാത്ത എണ്ണം വിദ്യാര്‍ഥികളുടെ സംഘത്തിന് ഒരാള്‍ക്ക് 100 രൂപ വീതമാണ് നിരക്ക്. സ്‌കൂള്‍ സംഘങ്ങള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് പാക്കേജായും ടിക്കറ്റുകള്‍ ലഭിക്കും. ഫെസ്റ്റിവല്‍ കോംപ്ലക്‌സിനുള്ളില്‍ ആളുകളുടെ എണ്ണത്തിന് സാങ്കേതിക പരിധിയുള്ള അഞ്ച് പ്രദര്‍ശനങ്ങളില്‍ പ്രത്യേകം ടിക്കറ്റിംഗ് ഉണ്ടാകും. gsfk.org എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫെഡറല്‍ ബാങ്കാണ് ജി എസ് എഫ് കെയുടെ ബാങ്കിങ്ങ് പാര്‍ട്‌നര്‍. ഫെഡറല്‍ ബാങ്ക് വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും. ടിക്കറ്റ് വില്‍പന ജനുവരി ഒന്നിന് ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും.

വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രഭാഷണ പരിപാടികളും ഫെസ്റ്റവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. നാസ-ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ കേരളത്തില്‍ ആദ്യമായി പ്രഭാഷണം അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നൊബേല്‍ ജേതാവ് മോര്‍ട്ടന്‍ പി. മെല്‍ഡല്‍, നാസയില്‍ നിന്നുള്ള ഡോ. മധുലിക ഗുഹാത്തകുര്‍ത്ത, ഡെനീസ് ഹില്‍, മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. റോബര്‍ട്ട് പോട്ട്‌സ്, ലഫ്‌ബെറാ യുണിവേഴ്‌സിറ്റിയിലെ പ്രൊഫ. മൈക്കല്‍ വില്‍സണ്‍, അറ്റ്‌ലാന്റിക് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. സുരേഷ് സി. പിള്ള, റൂഥര്‍ഫോര്‍ഡ് ആപ്പിള്‍ട്ടണ്‍ ലബോറട്ടറിയിലെ ഡോ. രാജീവ് പാട്ടത്തില്‍, ശ്രീമതി. കനിമൊഴി കരുണാനിധി എം. പി., മാഗ്‌സസേ അവാര്‍ഡ് ജേതാവ് ഡോ. രാജേന്ദ്ര സിങ്, ഇന്‍ഡ്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ശ്രീമതി. മാലിനി വി ശങ്കര്‍ ഐ.ഏ.എസ്., തുടങ്ങി നിരവധി പ്രമുഖരുടെ പ്രഭാഷണങ്ങള്‍ ഉണ്ടാകും.

ജോര്‍ജിയന്‍ ബാന്‍ഡായ ബാനി ഹില്‍സിന്റെ സംഗീത പരിപാടിയും നന്ദിതാ ദാസ്, പത്മപ്രിയ, നവ്യാ നായര്‍, ഡോ. മേതില്‍ ദേവിക, ആശാ ശരത്, രൂപാ രവീന്ദ്രന്‍, പാരീസ് ലക്ഷ്മി, മീരാ നായര്‍, മഹാലക്ഷ്മി, റിഗാറ്റ തുടങ്ങിയവരുടെ നൃത്തനൃത്യങ്ങളും സിതാര കൃഷ്ണകുമാര്‍, ഊരാളി ബാന്‍ഡ് തുടങ്ങിയവര്‍ നയിക്കുന്ന സംഗീത നിശകളും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. പ്രഭാഷണ പരിപാടികള്‍ക്കും കലാ സാംസ്‌കാരിക പരിപാടികള്‍ക്കും പ്രവേശനം സൗജന്യമാണ്. ഈ പരിപാടികള്‍ക്ക് ഓണ്‍ലൈനിലൂടെ സൗജന്യമായി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഫെസ്റ്റിവല്‍ സമുച്ചയത്തിനകത്ത് ഓണ്‍ലൈനായി ഭക്ഷണം വാങ്ങിക്കാനുള്ള സൗകര്യവും പണംകൊടുത്ത് ഉപയോഗിക്കാവുന്ന വൈഫൈ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ 14 ജില്ലകളിലെ രുചികള്‍ അണിനിരക്കുന്ന ഭക്ഷ്യമേള ഇതൊടൊപ്പം സംഘടിപ്പിക്കും. ഒരേസമയം അഞ്ഞൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമുണ്ടാകും. നഗരത്തില്‍നിന്നും മറ്റ് പ്രധാന കേന്ദ്രങ്ങളില്‍നിന്നും ഫെസ്റ്റിവല്‍ കോംപ്ലക്‌സിലേക്ക് ബസ് സൗകര്യവും ഏര്‍പ്പെടുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Global Science Festival
News Summary - Global Science Festival Kerala from January 15 to February 15 at Thiruvananthapuram
Next Story