മഞ്ഞപ്പാര മത്സ്യം: വിത്തുൽപാദനം വിജയം; നേട്ടവുമായി സി.എം.എഫ്.ആർ.ഐ
text_fieldsകൊച്ചി: സമുദ്രമത്സ്യ കൃഷിയിൽ വലിയ മുന്നേറ്റത്തിന് വഴിതുറന്ന് അലങ്കാര മത്സ്യം കൂടിയായ മഞ്ഞപ്പാരയുടെ (ഗോൾഡൻ ട്രെവാലി) കൃത്രിമ വിത്തുൽപാദനം വിജയകരമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) ഗവേഷകരാണ് അഞ്ച് വർഷത്തെ പരീക്ഷണത്തിനൊടുവിൽ ഈ മീനിന്റെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഭക്ഷണമായും അലങ്കാരമത്സ്യമായും ഉപയോഗിക്കുന്ന ഉയർന്ന വിപണി മൂല്യമുള്ളതാണ് മഞ്ഞപ്പാര.
കൃഷിയിലൂടെ സമുദ്രമത്സ്യോൽപാദനം കൂട്ടാൻ സഹായിക്കുന്നതാണ് ഈ നേട്ടം. സി.എം.എഫ്.ആർ.ഐയുടെ വിശാഖപട്ടണം റീജനൽ സെന്ററിലെ സീനിയർ സയന്റിസ്റ്റ് ഡോ. റിതേഷ് രഞ്ജന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് നേട്ടത്തിന് പിന്നിൽ. ഇവയുടെ പ്രജനന സാങ്കേതികവിദ്യ വിജയകരമായതോടെ, കടലിൽ കൂടുമത്സ്യകൃഷി പോലുള്ള രീതികളിൽ വ്യാപകമായി ഇവയെ കൃഷി ചെയ്യാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കിലോക്ക് 400 മുതൽ 500 വരെയാണ് ഇവയുടെ ശരാശരി വില. ഈ ഇനത്തിലെ ചെറിയ മീനുകളെയാണ് അലങ്കാരമത്സ്യമായി ഉപയോഗിക്കുന്നത്.
പവിഴപ്പുറ്റുകളുമായി ചേർന്ന് സ്രാവ്, കലവ തുടങ്ങിയ മത്സ്യങ്ങളുടെ കൂട്ടത്തിലാണ് മഞ്ഞപ്പാര ജീവിക്കുന്നത്. മാരികൾച്ചർ രംഗത്ത് നാഴികക്കല്ലായി ഈ നേട്ടം അടയാളപ്പെടുത്തുമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.