സ്റ്റെഫാനിയ മരസ്കീനോയ്ക്ക് ആദരവുമായി ഗൂഗിൾ
text_fieldsറൊമാനിയൻ ഭൗതികശാസ്ത്രജ്ഞയായ സ്റ്റെഫാനിയ മരസ്കീനോവിന്‍റെ 140ാം ജന്മദിനത്തിൽ ആദരസൂചകമായി ഗൂഗിൽ ഡൂഡിൽ. ലബോട്ടറിയിൽ പൊളോണിയത്തെ കുറിച്ച് ഗവേഷണം ചെയുന്ന മരസ്കീനോയാണ് ഡൂഡിലിൽ ആവിഷ്കരിച്ചിരിക്കുന്നത്. റേഡിയോ ആക്ടിവിറ്റിയെക്കുറിച്ചുള്ള ഗവേഷണത്തിൽ നിർണായ പങ്കുവഹിച്ചയാളാണ് സ്റ്റെഫാനിയ മരസ്കീനോ.
റൊമാനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ 1882 ജൂൺ 18 നാണ് മരസ്കീനോവിന്‍റെ ജനനം. ഭൗതികശാസ്ത്ത്രത്തിലും രസതന്ത്രത്തിലും ബിരുദം നേടിയതിനുശേഷം ബുക്കാറസ്റ്റിലെ സെൻട്രൽ സ്കൂൾ ഫോർ ഗേൾസിൽ അധ്യാപികയായി. തുടർന്ന് റൊമാനിയൻ മിനിസ്റ്ററി ഓഫ് സയൻസിന്‍റെ സ്കോളർഷിപ്പ് നേടുകയും പാരിസിലെ റേഡിയം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ സമ്മാനജേതാവായ മേരി ക്യൂറിയുടെ കീഴിൽ റേഡിയോ അക്ടിവിറ്റെയെ കുറിച്ച് ശ്രദ്ധേയമായ ഗവേഷണം നടക്കുന്ന കാലമായിരുന്നു അത്.
മേരി ക്യൂറി കണ്ടുപിടച്ച പൊളോണിയത്തെക്കുറിച്ചു തന്നെയായിരുന്നു മരസ്കീനയോടെയും ഗവേഷണം. തുടർന്ന് ഈ റൊമാനിയൻ ഭൗതിക ശാസ്ത്രജ്ഞയുടെ ഗവേഷണം കൃത്രിമ റേഡിയോ ആക്ടിവിറ്റിയുടെ ആദ്യ ഉദാഹരണത്തിലേക്ക് നയിച്ചു. പിന്നീട് പി.എച്ച്.ഡി പൂർത്തിയാക്കാൻ സോബോൺ യൂനിവേഴ്സിറ്റിയിൽ ചേരുകയും രണ്ടുവർഷം കൊണ്ട് പി.എച്ച്.ഡി പൂർത്തിയാക്കുകയും ചെയ്തു.
റൊമാനിയലേക്ക് തിരിച്ചുപോയ മരസ്കീനോ റേഡിയോ ആക്ടിവിറ്റിയെ കുറിച്ച് പഠിക്കുന്നതിനായി രാജ്യത്തെ ആദ്യത്തെ ലബോട്ടറി സ്ഥാപിച്ചു. കൃത്രിമ മഴയെക്കുറിച്ച് ഗവേഷണം തുടങ്ങുകയും ഭൂകമ്പവും മഴയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുകയും ചെയ്തു. ഭൂകമ്പത്തിലേക്ക് നയിക്കുന്ന പ്രഭവകേന്ദ്രത്തിൽ റേഡിയോ ആക്ടിവിറ്റി ഗണ്യമായി വർധിക്കുന്നതായി മരസ്കീന കണ്ടെത്തി.
1935-ൽ മേരി ക്യൂറിയുടെ മകൾ ഐറിൻ ക്യൂറിയും അവരുടെ ഭർത്താവും കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയതിന് നൊബേൽ സമ്മാനം നേടി. നൊബേൽ സമ്മാനത്തിന് മരസ്കീന മത്സരിച്ചിരുന്നില്ല. എന്നാൽ കണ്ടെത്തലിൽ അവരുടെ പങ്ക് അംഗീകരിക്കപ്പെടണമെന്ന് ആവശ്യമുയർന്നു. 1936ൽ, റൊമാനിയയിലെ അക്കാദമി ഓഫ് സയൻസസ് മരസ്കീനയുടെ കണ്ടെത്തലുകളെ അംഗീകരിക്കുകയും അവരെ ഗവേഷണ ഡയറക്ടറായി തെരഞ്ഞെടുക്കുകയും ചെയ്തു. എങ്കിലും തന്‍റെ കണ്ടുപിടിത്തത്തിന് ഈ റൊമാനിയൻ ഭൗതിക ശാസ്ത്രജ്ഞയ്ക്ക് ഒരിക്കലും ആഗോള അംഗീകാരം ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.