ഡിജിറ്റൽ ലഹരിമുക്തകേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ
text_fieldsതിരുവനന്തപുരം: മൊബൈൽ ഫോൺ-ഇന്റർനെറ്റ് ഉപയോഗവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മൂലം സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 25 കുട്ടികൾ. 2019-2022 കാലയളവിലാണ് 25 കേസുകളും റിപ്പോർട്ട് ചെയ്തതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മൊബൈൽ ഗെയിമുകളും സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗവും മുതൽ േഡറ്റ റീചാർജ് ചെയ്യാൻ വൈകിയതടക്കം വിചിത്രമായ കാരണങ്ങൾ വരെ കുഞ്ഞുങ്ങൾ ജീവനൊടുക്കുന്നതിലേക്കെത്തിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് പഠനം മൊബൈൽ ഫോണിലേക്ക് ചുവടുമാറുകയും നിയന്ത്രണങ്ങൾ ഒഴിവാകുകയും ചെയ്തത് ഒരുവിഭാഗം വിദ്യാർഥികളെയെങ്കിലും ഡിജിറ്റൽ അടിമത്തത്തിലേക്ക് എത്തിച്ചുവെന്നാണ് വിലയിരുത്തൽ. 'ഡിജിറ്റൽ ലഹരി' വലിയ പ്രതിസന്ധിയായി മാറുന്ന പുതിയ കാലത്ത് ഡിജിറ്റൽ ലഹരിമുക്തകേന്ദ്രങ്ങൾ തുടങ്ങാനുള്ള സജീവ ആലോചനയിലാണ് സർക്കാർ. ഡി-ഡാഡ് (ഡിജിറ്റൽ ഡീ അഡിക്ഷൻ സെൻറർ) എന്ന പേരിൽ ആദ്യഘട്ടത്തിൽ ആറ് ജില്ലകളിലാണ് കേന്ദ്രങ്ങളാരംഭിക്കുക. മാനസികാരോഗ്യ വിദഗ്ധന്റെ സേവനം പ്രയോജനപ്പെടുത്തിയാണ് ഇവ വിഭാവനം ചെയ്യുന്നത്. ആഗസ്റ്റിൽ തന്നെ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് തിരക്കിട്ട ശ്രമം.
കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ ശേഷം കുട്ടികളുടെ ജീവിതത്തിൽ പ്രധാനമായും മൂന്ന് വ്യത്യാസങ്ങളാണുണ്ടായത്. സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ടതാണ് ഇതിലൊന്ന്. കായിക വിനോദങ്ങളിലേർപ്പെടാൻ കഴിയാത്ത സ്ഥിതിവന്നതും കൂട്ടുകാരുമായി നേർക്കുനേർ കണ്ട് ജൈവിക ആശയവിനിമയ സൗകര്യം നഷ്ടപ്പെട്ടതുമാണ് മറ്റ് രണ്ട് കാര്യങ്ങൾ. അങ്ങനെയാണ് കുട്ടികളുടെ ഏക വിനോദ ഉപാധിയായി ഡിജിറ്റൽ ഉപകരണങ്ങൾ മാറിയത്.
പേടിക്കണം 'ഇ-ചടുലത'
ഓൺലൈൻ ഗെയിമുകളിലെ ചടുലമായ ദൃശ്യങ്ങളുമായി നമ്മുടെ ഇന്ദ്രിയങ്ങൾ വളരെവേഗം പൊരുത്തപ്പെടുകയും ആസ്വദിക്കുകയും ചെയ്യും. അക്ഷരം വായിക്കുക പോലുള്ള ഇഴയുന്നതും വേഗം കുറഞ്ഞതുമായ സംവേദനങ്ങളുമായി ഒത്തുപോകാൻ ഇന്ദ്രിയങ്ങൾക്ക് കഴിയാതെ വരും. ഗെയിമുകൾ അവസാന നിമിഷം വരെ ത്രസിപ്പിച്ച ശേഷമാണ് ജയിപ്പിക്കുകയോ തോൽപ്പിക്കുകയോ ചെയ്യുന്നത്. വിജയിക്കുന്നയാളുകൾക്ക് വീണ്ടും കളിക്കാൻ താൽപര്യം തോന്നും. തോൽക്കുന്നവർക്ക് അടുത്ത തവണ ജയിക്കുമെന്ന ആത്മവിശ്വാസം വർധിക്കും. അങ്ങനെയാണ് ഗെയിമുകൾക്ക് അടിമപ്പെടുന്നത്.
തലച്ചോറിൽ ഡോപമിന്റെ അളവ് കൂടുമ്പോഴാണ് വ്യക്തിയിൽ സന്തോഷമുണ്ടാകുന്നത്. കായിക വ്യായാമങ്ങളിലും സൗഹൃദങ്ങളിലും ഏർപ്പെടുമ്പോൾ സാവധാനം ഡോപമിൻ അളവ് കൂടിയതിന് ശേഷം ക്രമേണ കുറയുകയാണ് ചെയ്യുക. എന്നാൽ ഡിജിറ്റൽ ഗെയിമുകളുടെ ഉപയോഗസമയത്ത് ഡോപമിൻ അളവ് കുത്തനെ കൂടുകയും പെട്ടെന്ന് സന്തോഷം കിട്ടുകയും ചെയ്യും. ഡോപമിൻ കുറയുന്നതോടെ സന്തോഷം കുറയുകയും നിരാശ ബാധിക്കുകയും ആത്മഹത്യ പ്രവണത വരെ പ്രകടിപ്പിക്കുകയും ചെയ്യാം.
(ഡോ.അരുൺ ബി. നായർ, സൈക്യാട്രിസ്റ്റ്, മെഡിക്കൽ കോളജ്, തിരുവനന്തപുരം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.