പണി തുടങ്ങി ചന്ദ്രയാൻ; ആദ്യ സയന്റിഫിക് ഡാറ്റ ഭൂമിയിലേക്ക് അയച്ചു
text_fieldsബംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽനിന്നുള്ള ആദ്യ ശാസ്ത്രീയ വിവരങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ചന്ദ്രോപരിതലത്തിന് ഉയർന്ന താപപ്രതിരോധശേഷിയുണ്ടെന്ന് ചന്ദ്രയാൻ-3 ദൗത്യത്തിലെ ലാൻഡറിലെ പരീക്ഷണോപകരണമായ ‘ചാസ്തെ’ കണ്ടെത്തി. ചന്ദ്രന്റെ ഉപരിതലത്തിലെ താപനിലയുമായി ബന്ധപ്പെട്ട പരീക്ഷണമാണ് ചാസ്തെ (ചന്ദ്രാസ് സർഫേസ് തെർമോ ഫിസിക്കൽ എക്സ്പിരിമെന്റ്) നടത്തുന്നത്. ചന്ദ്രനിൽ പതിക്കുന്ന സൂര്യപ്രകാശം കാരണമായുണ്ടാകുന്ന താപം റീഗോലിത്ത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണിൽ എന്തു മാറ്റമാണുണ്ടാക്കുന്നത് എന്നതാണ് പരീക്ഷണം. ദക്ഷിണധ്രുവത്തിൽ നടക്കുന്ന ആദ്യ പര്യവേക്ഷണമായതിനാൽ ചന്ദ്രയാൻ-3 കണ്ടെത്തുന്ന ഓരോ വിവരവും ശാസ്ത്രലോകത്തിന് പുതുമയുള്ളതാണ്.
10 സെൻസറുകൾ ഉപയോഗിച്ച് 10 സെന്റിമീറ്റർ വരെ താഴ്ചയിൽ ചാസ്തെക്ക് പരീക്ഷണം നടത്താൻ കഴിയും. ഉപകരണം മണ്ണിൽ താഴ്ത്തിയാണ് ആദ്യഘട്ടത്തിൽ ചന്ദ്രോപരിതലത്തിൽനിന്ന് 80 മില്ലിമീറ്റർ താഴ്ചയിലുള്ള താപനില കണ്ടെത്തിയത്. ചന്ദ്രന്റെ ഉപരിതലത്തിലെ പ്രതലത്തിൽ 50 ഡിഗ്രിയും രണ്ടു സെന്റിമീറ്റർ മുകളിലേക്ക് 60 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി.
ഉപരിതലത്തിൽനിന്ന് താഴേക്ക് ചെല്ലുന്തോറും താപചാലകശേഷി വേഗത്തിൽ കുറയുന്നുണ്ട്. എട്ടു സെന്റിമീറ്റർ താഴുമ്പോൾ മൈനസ് 10 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുന്നുവെന്ന് ഐ.എസ്.ആർ.ഒ പുറത്തുവിട്ട ഗ്രാഫ് സൂചിപ്പിക്കുന്നു. അഹ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയുടെ സഹകരണത്തോടെ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ (വി.എസ്.എസ്.സി) സ്പേസ് ഫിസിക്സ് ലബോറട്ടറിയാണ് ചാസ്തെ പരീക്ഷണ പേടകം ഒരുക്കിയത്.
ലാൻഡറിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ എൽ.ആർ.എ എന്ന പേലോഡ് അടക്കം നാലു പരീക്ഷണ ഉപകരണങ്ങളാണുള്ളത്.
ചന്ദ്രോപരിതലത്തിലെ പ്ലാസ്മ സാന്ദ്രതയും അതിലെ മാറ്റങ്ങളും കണ്ടെത്താൻ രംഭ-എൽ.പി (റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപർ സെൻസിറ്റിവ് അയണോസ്ഫിയർ ആൻഡ് അറ്റ്മോസ്ഫിയർ), ലാൻഡർ ഇറങ്ങുന്ന പ്രതലത്തിലെ പ്രകമ്പനങ്ങൾ അളക്കാൻ ഇൽസ (ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി) എന്നിവയാണ് മറ്റു പരീക്ഷണ ഉപകരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.